പത്മകുമാറിനെ പൂട്ടാന്‍ നീക്കം; പിന്നില്‍ ആ 'വനിതാ നേതാവ്'? ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സി.പി.എമ്മില്‍ പോര് മുറുകുന്നു; തിങ്കളാഴ്ച നിര്‍ണ്ണായകം

Update: 2026-03-13 06:17 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരെ പാര്‍ട്ടി കൈക്കൊള്ളുന്ന അടിയന്തിര നടപടികള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം രംഗത്ത്. പ്രതിയായ പത്മകുമാറിനെതിരെ ഇപ്പോള്‍ പെട്ടെന്ന് വിശദീകരണം തേടിയതിനും പുറത്താക്കല്‍ നടപടികളിലേക്ക് നീങ്ങുന്നതിനും പിന്നില്‍ സംസ്ഥാന കമ്മിറ്റിയിലെ ഒരു പ്രമുഖ വനിതാ അംഗമാണെന്ന ആക്ഷേപമാണ് പത്തനംതിട്ട സി.പി.എമ്മില്‍ പുകയുന്നത്.

സ്വര്‍ണ്ണക്കൊള്ളക്കേസിന്റെ അന്വേഷണം മന്ദഗതിയിലാവുകയും പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വം അസാധാരണ വേഗത്തില്‍ ഇടപെട്ടത്. പത്മകുമാറിനെ പദവികളില്‍ നിന്ന് നീക്കണമെന്ന കടുത്ത നിലപാട് സംസ്ഥാന കമ്മിറ്റിയിലെ ഈ വനിതാ നേതാവ് സ്വീകരിച്ചതായാണ് സൂചന. ജില്ലാ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണ്ണായക സ്വാധീനമുള്ള ഈ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തോമസ് ഐസക് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച നടപടി ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മകുമാറിനെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന് ഇവര്‍ വാദിച്ചതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിക്കുണ്ടായ അവമതിപ്പില്‍ ജില്ലാ സെക്രട്ടറി വിശദീകരണം തേടിയപ്പോള്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പത്മകുമാര്‍. 2019-ല്‍ പിത്തളപ്പാളികള്‍ എന്ന് രേഖപ്പെടുത്തിയത് പിന്നീട് ചെമ്പ് എന്നാക്കി മാറ്റിയത് മറ്റു രേഖകളുടെ അടിസ്ഥാനത്തിലാണെന്നും താന്‍ കേവലം ഒരു ബലിയാടാണെന്നും അദ്ദേഹം നല്‍കിയ മറുപടിയില്‍ പറയുന്നു. അച്ചടക്ക നടപടിക്ക് പകരം തന്നെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവും പത്മകുമാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

തിങ്കളാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പത്മകുമാറിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കും. ജില്ലയുടെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന നേതൃത്വത്തിലെ 'വനിതാ സമ്മര്‍ദ്ദം' നടപടിയായി മാറുമോ അതോ പത്മകുമാറിന്റെ വാദം കേള്‍ക്കുമോ എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണ്ണക്കൊള്ളക്കേസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കുമെന്ന ഭയം പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.

Similar News