വോട്ടിന് കിറ്റ് വാടാനപ്പിള്ളിയിലും; ബിജെപി 4000 ഭക്ഷ്യകിറ്റുകള്‍ ഒരുക്കിയെന്ന് ആരോപണം; യുഡിഎഫും എല്‍ഡിഎഫും രംഗത്ത് വന്നതോടെ, സംഘര്‍ഷാവസ്ഥ; ഗോഡൗണിലെ മുകളിലെ മുറിയില്‍ നടന്‍ ദേവന്‍; സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയില്‍
തൃശൂര്‍: തൃശ്ശൂര്‍ മണലൂര്‍ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് യുഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കടുത്ത സംഘര്‍ഷം. വാടാനപ്പള്ളിയിലെ 'ചാമ്പ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്' കേന്ദ്രീകരിച്ച് നാലായിരത്തോളം കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതോടെ പ്രദേശം സംഘര്‍ഷഭരിതമായി.
കിറ്റുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഗോഡൗണിന് മുകളിലെ മുറിയില്‍ ബിജെപി നേതാവും നടനുമായ ദേവന്‍, ബിജെപി നേതാവ് ബഗീഷ് പൂരാടന്‍ എന്നിവര്‍ ഉണ്ടായിരുന്നത് സംഘര്‍ഷത്തിന്റെ ആക്കം കൂട്ടി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഗോഡൗണ്‍ വളഞ്ഞതോടെ ബിജെപി പ്രവര്‍ത്തകരും പ്രതിരോധവുമായി എത്തിയതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിനിടെ ടി.എന്‍. പ്രതാപനെ പലതവണ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുതള്ളിയതായും ആരോപണമുണ്ട്. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ദേവനും സംഘവും പുറത്തേക്ക് വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി അവരെ സ്വീകരിച്ചു.
മരണാനന്തര സഹായ സമിതിയുടെ മറവില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി ബിജെപി കിറ്റുകള്‍ തയ്യാറാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസും തിരഞ്ഞെടുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഗോഡൗണില്‍ നിന്ന് കണ്ടെത്തിയ കിറ്റുകള്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് സീല്‍ ചെയ്യുകയും സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രവീണ്‍ ജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിജെപി നേതാവ് ബഗീഷ് പൂരാടന്റെ വാഹനം പോലീസ് വിശദമായി പരിശോധിച്ചു. നാല് വാഹനങ്ങളിലായി കിറ്റുകള്‍ എത്തിച്ച് വിതരണം നടത്തിയതായും ഇതിനകം പലയിടങ്ങളിലും കിറ്റുകള്‍ എത്തിച്ചതായും യുഡിഎഫ് ആരോപിക്കുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിക്കെതിരെ സ്റ്റേറ്റ് ഇലക്ഷന്‍ ഓഫീസര്‍ക്കും മണലൂര്‍ റിട്ടേണിങ് ഓഫീസര്‍ക്കും യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കി. എന്നാല്‍ തങ്ങള്‍ വോട്ടഭ്യര്‍ത്ഥനയ്ക്കായി എത്തിയതാണെന്നും അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തടഞ്ഞുവെക്കുകയാണെന്നുമാണ് ബിജെപിയുടെ നിലപാട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും കേന്ദ്ര സേനയും ക്യാമ്പ് ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റിലും സമാനമായ രീതിയില്‍ കിറ്റുകള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് മണലൂരിലും ബിജെപി പ്രതിക്കൂട്ടിലായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍മാര്‍ക്കിടയില്‍ കിറ്റുകള്‍ വിതരണം ചെയ്ത് ജനവിധി അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിക്കുമ്പോള്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
