കുഞ്ഞ് അച്ചാമ്മ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ സമ്മാനം; പെസഹാദിനത്തില്‍ വയോധികയെ തേടി എത്തിയത് ഇരട്ട ഭാഗ്യം
കുഞ്ഞ് അച്ചാമ്മ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ സമ്മാനം
എടത്വാ: സമ്മാനമില്ലെന്ന് കരുതി വയോധിക മാലിന്യക്കൊട്ടയില്‍ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം. പെസഹാ ദിനത്തില്‍ ലോട്ടറിയുടെ രൂപത്തില്‍ ഇരട്ട ഭാഗ്യമാണ് കുഞ്ഞ് അച്ചാമ്മയെ തേടി എത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5,000 രൂപയും ലഭിച്ചു. 5,000 രൂപ ലഭിച്ച വിവരം പത്രത്തിലൂടെ മനസ്സിലാക്കിയെങ്കിലും സമ്മാനമടിച്ചില്ലെന്ന് കരുതി ഒരു കോടിയുടെ ടിക്കറ്റ് മാലിന്യക്കൊട്ടയിലേക്ക് വലിച്ചെറിയുക ആയിരുന്നു.
കൊച്ചമ്മനം ജങ്ഷനു സമീപം പെട്ടിക്കട നടത്തുന്ന തലവടി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെയാണ് ഇരട്ടഭാഗ്യം തേടിയെത്തിയത്. തലവടി സ്വദേശിതന്നെയായ കോതപ്പുഴശ്ശേരി ജോര്‍ജുകുട്ടി വിറ്റ കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടു ടിക്കറ്റുകളാണ് കുഞ്ഞ് അച്ചാമ്മ വാങ്ങിയത്. രണ്ടിനും സമ്മാനം ലഭിച്ചു. എന്നാല്‍ ഒരു കോടിയുടെ സമ്മാന വിവരം കുഞ്ഞ് അച്ചാമ്മ അറിഞ്ഞതുമില്ല.
ഒന്നാം സമ്മാനം അടിച്ച വിവരം കുഞ്ഞ് അച്ചാമ്മയുടെ സഹോദരന്‍ അറിയിച്ചതിനെത്തുടര്‍ന്ന്, രാത്രിയില്‍ ഇരുവരും കടയിലെത്തി ലോട്ടറി ടിക്കറ്റ് തപ്പി വേസ്റ്റ് ബോക്‌സില്‍നിന്ന് കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ കൊച്ചമ്മനം ജങ്ഷനു സമീപം ചെറുകിട കച്ചവടം നടത്തിയാണ് കുഞ്ഞ് അച്ചാമ്മ ഉപജീവനം തേടിയിരുന്നത്.