കാറിടിച്ചു തെറിപ്പിച്ചു, നിര്‍ത്താതെ പാഞ്ഞു; മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍! കണ്ണൂരില്‍ നടുക്കുന്ന ക്രൂരത പുറത്തായത് ഇങ്ങനെ

Update: 2026-04-05 04:57 GMT

കണ്ണൂര്‍: ഡോക്ടര്‍മാര്‍ക്ക് അപമാനമായി മാറിയ ഒരു 'ഹിറ്റ് ആന്‍ഡ് റണ്‍' വാര്‍ത്തയാണ് കണ്ണൂരില്‍ നിന്ന് പുറത്തുവരുന്നത്. കാല്‍നടയാത്രക്കാരനെ കാറിടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഡോക്ടര്‍, മണിക്കൂറുകള്‍ക്ക് ശേഷം അതേ പരിക്കേറ്റയാളെ ശസ്ത്രക്രിയ നടത്തിയ സംഘത്തിലും ഉള്‍പ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. മട്ടന്നൂരിലെ പൊറോറമുക്കില്‍ നടന്ന ഈ സംഭവത്തില്‍ പയ്യാമ്പലം ബീച്ച് റോഡ് സ്വദേശിയും പ്രമുഖ അസ്ഥിരോഗ വിദഗ്ധനുമായ ഡോ. സുഹൈല്‍ ബഷീറിനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.

സി.പി.എം. മട്ടന്നൂര്‍ മരുതായി നാലാങ്കരി ലോക്കല്‍ കമ്മിറ്റിയംഗം കെ. സുരേന്ദ്രനാണ് (68) ഡോക്ടറുടെ അമിതവേഗതയിലെത്തിയ കാറിന് മുന്നില്‍പ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. അപകടത്തിന് പിന്നാലെ രക്തത്തില്‍ കുളിച്ച സുരേന്ദ്രനെ തിരിഞ്ഞുനോക്കാതെ ഡോക്ടര്‍ കാറോടിച്ച് പോകുകയായിരുന്നു. ഇടതുകാലിന്റെ എല്ല് പൊട്ടുകയും നെറ്റിയില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സുരേന്ദ്രനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കറുത്ത നിറത്തിലുള്ള കാറാണ് ഇടിച്ചതെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ഇതിനിടെ, കണ്ണൂരിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഹെഡ്ലൈറ്റ് പൊട്ടിയ നിലയില്‍ കണ്ട ഒരു കറുത്ത കാര്‍ സുരേന്ദ്രന്റെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പയ്യാമ്പലം സ്വദേശി ഡോ. സുഹൈല്‍ ബഷീറിന്റെ കെ.എല്‍. 13 എ.ടി. 6780 എന്ന കാറാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പരിക്കേറ്റ് ആശുപത്രിയിലെത്തിയ സുരേന്ദ്രനെ ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ ഇതേ ഡോക്ടറും ഉണ്ടായിരുന്നു എന്നതാണ്. താന്‍ ഇടിച്ചുതെറിപ്പിച്ച വ്യക്തിയാണ് തന്റെ മുന്നില്‍ ചികിത്സയ്ക്കായി കിടക്കുന്നതെന്നറിഞ്ഞിട്ടും അത് വെളിപ്പെടുത്താനോ കുറ്റസമ്മതം നടത്താനോ അദ്ദേഹം തയ്യാറായില്ല. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണെന്നും ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്നും ഡോക്ടര്‍ മൊഴി നല്‍കിയത്.

അപകടകരമായ ഡ്രൈവിങ്ങിന് ഭാരതീയ ന്യായസംഹിത പ്രകാരവും, പരിക്കേറ്റയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കാതെ മുങ്ങിയതിന് മോട്ടോര്‍ വാഹന നിയമപ്രകാരവും ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ സംഘത്തില്‍ ഡോക്ടര്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ ബിനു ആന്റണി അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്തെ ധാര്‍മ്മികതയെ പൂര്‍ണ്ണമായും ചോദ്യം ചെയ്യുന്ന ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Similar News