പ്രണയിച്ച് വിവാഹം കഴിച്ച മകളെ കൊന്നു; ആത്മഹത്യയാക്കാൻ കൈക്കൂലി വാങ്ങി പോലീസും; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പൊളിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത; ദുരഭിമാനക്കൊലയിൽ സിഐയ്ക്ക് സസ്പെൻഷൻ, അച്ഛനും ബന്ധുവും അറസ്റ്റിൽ

Update: 2026-04-05 09:42 GMT

മാച്ചെർല: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പകയിൽ മകളെ മാതാപിതാക്കൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആന്ധ്രാപ്രദേശിലെ മാച്ചെർലയിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രശ്രീനു, മറ്റൊരു ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കൂട്ടുനിൽക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത മാച്ചെർല ടൗൺ സിർക്കിൾ ഇൻസ്പെക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ മാസം നാലാം തീയതിയാണ് ചൗഡേശ്വരി തന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകനൊപ്പം വീടുവിട്ടിറങ്ങി വിവാഹിതയായത്. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തി. എന്നാൽ, നിയമവിരുദ്ധമായി ഇടപെട്ട സിർക്കിൾ ഇൻസ്പെക്ടർ യുവതിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ കൂടെ നിർബന്ധിച്ച് അയക്കുകയായിരുന്നു.

വീട്ടിലെത്തി മൂന്ന് ദിവസത്തിന് ശേഷം മാർച്ച് 18-ന് ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു വീട്ടുകാർ നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ അന്വേഷണസംഘം നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

കേസ് അട്ടിമറിക്കാൻ സിർക്കിൾ ഇൻസ്പെക്ടർ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും വൻതുക കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരുടെ ബാങ്ക് രേഖകളും പണം പിൻവലിച്ച വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഗൂഢാലോചന, കൈക്കൂലി വാങ്ങൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞാൽ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും.

Tags:    

Similar News