നാലാം നാള്‍ ആശ്വാസത്തിന്റെ ആ വാര്‍ത്തയെത്തി! കുടകില്‍ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി; യുവതിയെ സുരക്ഷിതയായി കണ്ടെത്തിയത് വനമേഖലയില്‍ നിന്നും; ട്രക്കിങിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങി; 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഒടുവില്‍ ശുഭവാര്‍ത്ത; ആശ്വാസത്തോടെ സുഹൃത്തുക്കളും ബന്ധുക്കളും
നാലാം നാള്‍ ആശ്വാസത്തിന്റെ ആ വാര്‍ത്തയെത്തി! കുടകില്‍ ട്രെക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
ബെംഗളൂരൂ: കുടകില്‍ ട്രെക്കിങിനിടെ കാണാതായ മലയാളിയായ ശരണ്യയെ കണ്ടെത്തി. വനമേഖലയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചില്‍ നടക്കുകയായിരുന്നു. നാലാംദിവസമായ ഇന്ന് വൈകിട്ടോടെ വനമേഖലയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയില്‍ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ വ്യാഴാഴ്ചയാണ് കാണാതായത്.
വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. 60 അംഗസംഘം നാലുസംഘങ്ങളായി തിരിഞ്ഞാണ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍, തെര്‍മല്‍ സ്‌കാനര്‍, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെയിരുന്നു പരിശോധന. ഈ മാസം രണ്ടിന് ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്.
ശരണ്യ തടിയന്റെ മോള്‍ ട്രക്കിങ് കേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകള്‍ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്. ഒമ്പതു പേര്‍ കൂടി എത്തിയ ശേഷം 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്‍മാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തിരിച്ചിറങ്ങിയപ്പോള്‍ ശരണ്യയെ കാണാതെ പോയി.
ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു കുന്നിന്‍ മുകളില്‍ നില്‍ക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവര്‍ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താന്‍ വന്നോളാമെന്നാണ് പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്.
ഫോണില്‍ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബല്‍ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ മാതാപിതാക്കളുടെയും നാടിന്റെയും കാത്തിരിപ്പിന് അറുതിയായി ശരണ്യയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്ത വൈകീട്ട് ആറ് മണിയോടെ ലഭിക്കുകയായിരുന്നു. ശരണ്യയെ കണ്ടെത്തിയെന്ന് വനംവകുപ്പിന്റെ വിവരം എത്തിയതോടെ സുഹൃത്തുക്കളും കുടുംബങ്ങളും ആശ്വാസത്തിലാണ്. യുവതിയെ കാണാതായ വിവരം അറിഞ്ഞ് കേരളാ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ്അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.
