കുന്ദമംഗലം പെരിങ്ങൊളം മില്‍മ പാലുത്പാദനകേന്ദ്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള വീട്; ഈ കേന്ദ്രത്തില്‍ നിന്ന് പടക്കനിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്കും എത്തിച്ചിരുന്നു; കുരുക്കത്തൂര്‍ സ്‌ഫോടനം: പടക്ക നിര്‍മ്മാണമോ അതോ ബോംബ് രാഷ്ട്രീയമോ? ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം വേണം; അന്വേഷണം അത്തോളി-ഉള്ളിയേരി മേഖലകളിലേക്ക്
കോഴിക്കോട്: കുന്നമംഗലം കുരുക്കത്തൂരിലെ വാടകവീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനം കേവലമൊരു അപകടമായി കണ്ട് തള്ളിക്കളയാനാവില്ലെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും വീട് പൂര്‍ണ്ണമായും തകരുകയും ചെയ്ത സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത പുകയുകയാണ്. വെറും പടക്ക നിര്‍മ്മാണമാണെന്ന പ്രാധമിക നിഗമനത്തിനപ്പുറം, തിരഞ്ഞെടുപ്പ് കാലത്ത് അട്ടിമറി ലക്ഷ്യമിട്ടുള്ള സ്‌ഫോടകവസ്തു നിര്‍മ്മാണമാണോ ഇവിടെ നടന്നതെന്ന് എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.
അര്‍ദ്ധരാത്രിയോടെ സംഭവസ്ഥലത്തെത്തിയ ഉത്തരമേഖലാ ഐ.ജി. രാജ്പാല്‍ മീണയ്ക്ക് ലഭിച്ച രഹസ്യവിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. കുരുക്കത്തൂരിലെ ഈ കേന്ദ്രത്തില്‍ നിന്ന് പടക്കനിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നതായി സൂചനയുണ്ട്. ആ കേന്ദ്രം കണ്ടെത്താനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെ വലയിലാക്കാനും പോലീസ് നീക്കം ആരംഭിച്ചു കഴിഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതം ഒരു കിലോമീറ്റര്‍ അകലെ വരെ അനുഭവപ്പെട്ടുവെന്നത് സംഭവത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. അടുക്കളഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി. പടക്ക നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നിനേക്കാള്‍ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ അവിടെ കൈകാര്യം ചെയ്തിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെട്ടു. അയല്‍വീടുകളുടെ ചില്ലുകള്‍ പോലും തകര്‍ന്നത് ഉഗ്രശേഷിയുള്ള സ്‌ഫോടനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
വീടിന്റെ മുറ്റത്ത് കെട്ടുകെട്ടായി പനയോലകള്‍ സൂക്ഷിച്ചിരുന്നതും അവ മുറിച്ചു നിശ്ചിത അളവിലാക്കിയിരുന്നതും നാട്ടുകാരില്‍ പലര്‍ക്കും അറിയാമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പനയോലയുടെ ബാക്കിഭാഗങ്ങള്‍ കത്തിക്കാന്‍ അയല്‍വാസികള്‍ കൊണ്ടുപോയിരുന്നതായും പറയപ്പെടുന്നു. ഇത്രയധികം വീടുകളുള്ള ഒരു ഗ്രാമപ്രദേശത്ത് എല്ലാവരുടെയും കണ്‍മുന്നില്‍ വച്ച് ഇത്തരമൊരു അപകടം പുകഞ്ഞിട്ടും അധികൃതര്‍ അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവുന്നില്ല.
കുരുക്കത്തൂര്‍ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ അത്തോളി, ഉള്ളിയേരി മേഖലകളിലേക്കാണ് കടത്തിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവിടെ വിശാലമായ ഒരു പറമ്പില്‍ കെട്ടിടവും വലിയ കിണറും സജ്ജമാക്കി വിപുലമായ തോതില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ ശ്രമം നടന്നതായാണ് സൂചന. പടക്ക നിര്‍മ്മാണത്തിന്റെ മറവില്‍ വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരണമാണ് അവിടെ ലക്ഷ്യമിട്ടിരുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ഈ വീട് വാടകയ്ക്കെടുത്തത്. അതിനുമുന്‍പ് ഇവര്‍ മുണ്ടിക്കല്‍ത്താഴത്തായിരുന്നു താമസം. അവിടെ വച്ചും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൃത്യമായ പ്ലാനിങ്ങോടെ ജനവാസം കുറഞ്ഞതും എന്നാല്‍ റോഡ് സൗകര്യമുള്ളതുമായ ഇടങ്ങള്‍ തിരഞ്ഞുപിടിച്ച് വാടകയ്ക്കെടുക്കുന്നത് ഇത്തരം സംഘങ്ങളുടെ രീതിയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇത്ര വലിയ സജ്ജീകരണങ്ങളോടെ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് അത്യന്തം ഗൗരവകരമാണ്. കേവലം വിഷു വിപണി മാത്രമാണോ ഇവരുടെ ലക്ഷ്യം? അതോ രാഷ്ട്രീയ അക്രമങ്ങള്‍ക്കായി ബോംബുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ക്വട്ടേഷന്‍ സംഘങ്ങളാണോ ഇവര്‍? ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അന്വേഷണം നടത്തുന്നത് തന്നെ ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
നിലവില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ കര്‍ശന വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് വെറുമൊരു അപകടമായി ഒതുക്കിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. സംഭവസ്ഥലത്ത് വന്നുപോയിരുന്ന ചില വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന ഉടന്‍ അവിടെ നിന്ന് കടന്നുകളഞ്ഞവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നത് ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സഹായിക്കും. ശിവകാശിയില്‍ നിന്ന് പടക്കങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്ക് ഇതിലുള്ള പങ്കും അന്വേഷണ പരിധിയിലുണ്ട്.
കുന്ദമംഗലം പെരിങ്ങൊളം മില്‍മ പാലുല്‍പ്പാദന കേന്ദ്രത്തിന് സമീപമുള്ള കുരുക്കത്തൂരില്‍ ഇത്രയും വലിയൊരു സ്‌ഫോടകവസ്തു കേന്ദ്രം പ്രവര്‍ത്തിച്ചിട്ടും ഇന്റലിജന്‍സ് വിഭാഗത്തിന് അറിയാന്‍ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഏതൊരു നീക്കത്തെയും മുളയിലേ നുള്ളാന്‍ സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ.
