ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച് മറിച്ചുവിറ്റ് തട്ടിപ്പ്; വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഖത്തറില്‍ നടന്ന ലോകകപ്പിന് മെസ് തുടങ്ങാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും പണം തട്ടി; സംസ്ഥാന വ്യാപകമായി പത്ത് കോടിയിലേറെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
കൊല്ലം: ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാമെന്നും വിദേശത്ത് ജോലിയും പൗരത്വവും നല്‍കാമെന്നും വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം പത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടില്‍ ബിജു ബാലന്‍(55), ഭാര്യ കായംകുളം ചിറക്കടവ് വല്ലന്‍തറയില്‍ വീട്ടില്‍ രശ്മി ബിജു(44) എന്നിവരാണ് പിടിയിലായത്. പൂയപ്പള്ളി പോലീസാണ് എറണാകുളം മരടിലെ ഒളിസങ്കേതത്തില്‍ നിന്ന് സാഹസികമായി പിടികൂടിയത്. പത്തോളം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമെ, വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ചും ലക്ഷങ്ങള്‍ കൈക്കലാക്കിയ ഈ ദമ്പതികളുടെ തട്ടിപ്പുരീതികള്‍ അമ്പരപ്പിക്കുന്നതാണ്.
ഓയൂര്‍ സ്വദേശിയായ ബിജു എന്നയാളില്‍ നിന്ന് 2020 മുതല്‍ പലപ്പോഴായി 10.5 ലക്ഷം വാങ്ങി. പിന്നീട് മറുപടിയോ പണമോ തിരികെ ലഭിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ദമ്പതികള്‍ ഒളിവില്‍ പോയത്. 2025 ഒക്ടോബറില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എങ്കിലും പ്രതികളെ പറ്റി വിവരം ഒന്നും ഇല്ലായിരുന്നു. എറണാകുളം മരടിലെ ഒരു വാടകവീട്ടില്‍ ആഡംബരമായി താമസിച്ചു വരികയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്.
പ്രതികള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ വിവാഹ വാഗ്ദാനം നല്‍കി 1552000 രൂപ പറ്റിച്ചതിനും കായംകുളം പൊലീസ് സ്റ്റേഷനില്‍ വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 20 ലക്ഷം തട്ടിയെടുത്തതിനും കണ്ണൂര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ വിസ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതിനും കൊല്ലം ക്രൈം ബ്രാഞ്ചില്‍ ചവറയിലുള്ള ഒരാളുടെ 13 ലക്ഷം രൂപ തട്ടിച്ചതിനും എറണാകുളം സ്വദേശികളുടെ വാഹനങ്ങള്‍ വാങ്ങിയശേഷം മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതിനും തൃശൂര്‍ സ്വദേശിക്ക് ലോണെടുത്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനും പാലക്കാട്ടുള്ള ഒരാള്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനും കണ്ണൂര്‍ സ്വദേശിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിനും കൊല്ലത്തുള്ള ഒരു സ്ത്രീയില്‍ നിന്ന് പണം തട്ടിയെടുത്തതിനും കോഴിക്കോട്ടുള്ള ഒരു സ്ത്രീയെ മാട്രിമോണിയല്‍ തട്ടിപ്പ് നടത്തി 85 ലക്ഷം തട്ടിയെടുത്തതിനും തിരുവനന്തപുരം സ്വദേശികള്‍ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിച്ചതിനും തിരുവനന്തപുരത്തുള്ള രണ്ട് സ്ത്രീകളെ മാട്രിമോണിയല്‍ തട്ടിപ്പ് നടത്തിയതിനും പരാതികള്‍ നിലവിലുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ ഉണ്ടാക്കി സാധനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും, പിന്നീട് അവ മറിച്ചുവിറ്റ് കമ്പനി പൂട്ടി മുങ്ങുന്നതുമായിരുന്നു ഇവരുടെ പ്രധാന രീതി. ബിസിനസ്സ് തട്ടിപ്പിന് പുറമെ വൈകാരികമായും ഇവര്‍ ആളുകളെ ചൂഷണം ചെയ്തിരുന്നു. അവിവാഹിതരായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കി അവരുടെ സമ്പാദ്യവും ഭൂമി വിറ്റ പണവും തട്ടിയെടുക്കുന്നതില്‍ ഇവര്‍ ക്രൂരമായ വിരുതുകാട്ടി. കോഴിക്കോട് സ്വദേശിയായ ഒരു സ്ത്രീയില്‍ നിന്ന് ഇത്തരത്തില്‍ 85 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കൂടാതെ ഖത്തര്‍ ലോകകപ്പ് സമയത്ത് മെസ്സ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കായംകുളം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ മുതിരുന്നവരെ പ്രതിരോധിക്കാന്‍ സ്വന്തം ശരീരത്തില്‍ ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ച് പോലീസില്‍ കള്ളപ്പരാതി നല്‍കുന്ന വിചിത്രമായ രീതിയും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് ഇരയായവര്‍ വെളിപ്പെടുത്തുന്നു. ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരുന്ന ഈ വന്‍ തട്ടിപ്പുവീരന്മാര്‍ പിടിയിലായതോടെ കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നുണ്ട്.
