ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തത് ടി.സിദ്ദീഖ് അല്ല, ഫിലോകാലിയയാണ്; സിദ്ദിഖിന് വീട് നിര്‍മാണവുമായി ബന്ധമില്ല; എംഎല്‍എയെ ക്ഷണിച്ചത് വീടിന്റെ തറക്കല്ലിടലിന്; കെ. റഫീഖിന്റെ ആരോപണം തള്ളി ഫിലാകാലിയ ഫൗണ്ടേഷന്‍; അപ്രതീക്ഷിതമായി അധികബാധ്യത വന്നതുകൊണ്ടാണ് വീട് നിര്‍മാണം വൈകുന്നതെന്ന് ജിജി മരിയോ
അപ്രതീക്ഷിതമായി അധികബാധ്യത വന്നതുകൊണ്ടാണ് വീട് നിര്‍മാണം വൈകുന്നതെന്ന് ജിജി മരിയോ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത ശ്രുതിക്ക് ടി.സിദ്ദീഖ് എം.എല്‍.എ വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ ആരോപണം തള്ളി ഫിലോകാലിയ ഫൗണ്ടേഷന്‍. ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തത് ടി.സിദ്ദീഖ് അല്ല. ഫിലോകാലിയ ആണെന്ന് ഫൗണ്ടേഷന്‍ നടത്തിപ്പുകാരി ജിജി മരിയോ വ്യക്തമാക്കി.
എംഎല്‍എ എന്ന നിലയിലാണ് വീട് തറക്കല്ലിടലിന് ടി. സിദ്ദീഖിനെ ക്ഷണിച്ചതാണ്. അദ്ദേഹം സന്തോഷത്തോടെ അത് നിര്‍വഹിച്ചു. സ്ഥലം ഒരു വ്യക്തി തന്നതാണ്. റോഡിലേക്ക് കുത്തനെ ഇറങ്ങുന്ന സ്ഥലമായതുകൊണ്ട് കെട്ടിപ്പൊക്കാന്‍ കൂടുതല്‍ ചെലവ് വന്നു. അപ്രതീക്ഷിതമായി അധികബാധ്യത വന്നതുകൊണ്ടാണ് വീട് നിര്‍മാണം വൈകുന്നത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കും. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം പൂര്‍ണമായും തെറ്റാണെന്നും ജിജി മരിയോ പറഞ്ഞു. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാകാമെന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി ടി.സിദ്ദീഖിനെതിരെ ആരോപണമുന്നയിച്ചത്. സിദ്ദീഖ് ശ്രുതിയെ വഞ്ചിച്ചുവെന്നും എം.എല്‍.എയെ വിശ്വസിച്ച് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് പറഞ്ഞ ശ്രുതി ഇപ്പോള്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് എന്നുമായിരുന്നു റഫീഖിന്റെ ആരോപണം.
കഴിഞ്ഞ ദിവസമാണ് ദുരന്തത്തില്‍ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോണ്‍ഗ്രസ് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായി ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തിയത്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പിരിച്ച പണത്തിന്റെ കണക്ക് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു കെ. റഫീഖിന്റെ ആരോപണം. 120 ദിവസത്തിനുള്ളില്‍ വീട് നല്‍കുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞ വീഡിയോ ഇപ്പോഴും ഫേസ് ബുക്ക് പേജിലുണ്ടെന്നും റഫീഖ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ വാഗ്ദാനം ലഭിച്ചതിനാല്‍ ശ്രുതി ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി. ഇപ്പോള്‍ പണം തിരികെ നല്‍കാമെന്നും, ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ് എന്നും റഫീഖ് പറഞ്ഞു. കേരളം മുഴുവന്‍ ചേര്‍ത്ത് നിര്‍ത്തിയ ശ്രുതിയെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് ഉണ്ടായതെന്നും റഫീഖ് വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ആരോപണം പൂര്‍ണമായും തള്ളിയാണ് ടി. സിദ്ദിഖ് രംഗത്തെത്തിയത്. ശ്രുതിക്ക് വീട് വച്ച് നല്‍കാമെന്ന് ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ടി. സിദ്ദിഖിന്റെ മറുപടി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിച്ചു. വീട് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റിട്ടത്. സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് റഫീഖ് പച്ചക്കള്ളം പറയുകയാണെന്നും ടി. സിദ്ദിഖ് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ റഫീഖിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലുമാണ് പരാതി നല്‍കുക.
തനിക്കെതിരെ കള്ള പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ടി സിദ്ദിഖിന്റെ പരാതി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൃത്രിമത്വം നടത്തിയെന്നും പരാതി നല്‍കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. കള്ള പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൃത്രിമത്വം നടത്തിയെന്നും കാട്ടിയാണ് പരാതി നല്‍കുകയെന്നും ടി. സിദ്ദിഖ് പറഞ്ഞു.
