യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്താന്റെ മധ്യസ്ഥത തള്ളി ഇറാന്‍; 'ഇന്ത്യ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ പങ്കുവഹിക്കാനാകു'മെന്ന് ഇറാന്‍ പ്രതിനിധി; സുരക്ഷിതമായി ഹോര്‍മുസ് കടന്ന് കപ്പല്‍ ഗ്രീന്‍ ആശയും; ഇന്ത്യന്‍ പതാകയേന്തിയ ഒന്‍പതാമത്തെ ടാങ്കര്‍; സംഘര്‍ഷം തുടരുമ്പോഴും ഹോര്‍മുസ് പാതയില്‍ സുരക്ഷിതമായി ഇന്ത്യന്‍ കപ്പലുകളുടെ സഞ്ചാരം
യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്താന്റെ മധ്യസ്ഥത തള്ളി ഇറാന്‍
പട്ന: പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധത്തില്‍ പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇറാന്‍ തള്ളി. ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുള്‍ മജിദ് ഹക്കീം ഇലാഹിയാണ് പാക്കിസ്ഥാന്‍ മധ്യസ്ഥത വഹിക്കുമെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കുന്നുവെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. ചര്‍ച്ചകളിലോ നയതന്ത്ര നീക്കങ്ങളിലോ പാക്കിസ്താന്‍ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങില്‍ പങ്കെടുക്കാന്‍ പട്നയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''പാക്കിസ്താന് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല. പാകിസ്താന്‍ വഴി ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചു. ചര്‍ച്ചകളിലൊ ഒത്തുതീര്‍പ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവര്‍ക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു. അതൊന്നും സത്യമായിരുന്നില്ല''-അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്‍ യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്നും ആശുപത്രികളും സ്‌കൂളുകളും സിവിലിയന്‍ പാര്‍പ്പിടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം ആരംഭിച്ചവര്‍ അത് നിര്‍ത്തിയാല്‍ യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും സമാധാനശ്രമങ്ങളില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരിയിലെ ആക്രമണത്തില്‍ അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, ഇറാന്‍ നടത്തിയ തിരിച്ചടികള്‍ അന്താരാഷ്ട്ര ഊര്‍ജ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഇലാഹി ആഹ്വാനം ചെയ്തു.
അതിനിടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യന്‍ പതാകയേന്തിയ ഒരു കപ്പല്‍കൂടിയെത്തി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നിലെ തുടര്‍ച്ചയായ തടസ്സങ്ങള്‍ക്കും സുരക്ഷാ ആശങ്കകള്‍ക്കും ഇടയിലാണ് കപ്പല്‍ ഹോര്‍മുസ് കടന്നത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ ടാങ്കര്‍ ആണിത്. ഗ്രീന്‍ ആശ ഒരു എല്‍പിജി ടാങ്കര്‍ ആണെന്നാണ് ലഭ്യമായ സൂചന.
യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇത് ആഗോള ഇന്ധന വിതരണത്തെ ബാധിക്കുകയും ഊര്‍ജ വിപണികളെ പിടിച്ചുലക്കുകയും ചെയ്തു. മെരിടൈം ഡാറ്റ അനുസരിച്ച്, ഈ പാത ഉപയോഗിക്കുന്ന ചരക്കുകപ്പലുകളില്‍ 60 ശതമാനവും ഇറാനില്‍ നിന്നുള്ളതോ അല്ലെങ്കില്‍ ഇറാനിലേക്ക് പോകുകയോ ചെയ്യുന്നവയാണ്.
പ്രതിബന്ധങ്ങള്‍ക്കിടയിലും ഹോര്‍മുസ് പാത ഉപയോഗിക്കുന്ന ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഗ്രീന്‍ ആശ കടന്നുപോകുന്നതിന് മുമ്പ് എട്ട് ഇന്ത്യന്‍ കപ്പലുകള്‍ ഈ കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍എം എന്നീ രണ്ട് എല്‍പിജി കാരിയറുകള്‍ ഏകദേശം 94,000 ടണ്‍ ചരക്കുമായി സംഘര്‍ഷമേഖലയിലൂടെ കടന്നുപോയി.
പൈന്‍ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് ഇന്ത്യന്‍ പതാകയേന്തിയ എല്‍പിജി ടാങ്കറുകള്‍ മാര്‍ച്ച് 26 നും 28 നും ഇടയില്‍ 92,612 ടണ്‍ എല്‍പിജി വിതരണം ചെയ്തു. ഇതിന് മുമ്പ്, എംടി ഷിവാജിക്, എംടി നന്ദാദേവി എന്നിവ മാര്‍ച്ച് 16 നും 17 നും ഏകദേശം 92,712 ടണ്‍ എല്‍പിജി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കും കണ്ട്‌ല തുറമുഖത്തേക്കും എത്തിച്ചു. ഊര്‍ജ ടാങ്കര്‍ ജഗ് ലാഡ്കി മാര്‍ച്ച് 18 ന് യുഎഇയില്‍ നിന്ന് മുന്ദ്രയിലേക്ക് 80,886 ടണ്‍ അസംസ്‌കൃത എണ്ണ കൊണ്ടുപോയി, അതേസമയം ജഗ് പ്രകാശ് ഒമാനില്‍ നിന്ന് ആഫ്രിക്കയിലേക്ക് പെട്രോള്‍ കൊണ്ടുപോകുന്നതിനിടയില്‍ സുരക്ഷിതമായി കടലിടുക്ക് കടന്നു.
ഷിവാജിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍എം, ഗ്രീന്‍ സാന്‍വി എന്നിവ സുരക്ഷിതമായി കടന്നുപോയ മറ്റ് കപ്പലുകളാണ്. ഗ്രീന്‍ സാന്‍വി വെള്ളിയാഴ്ച രാത്രി ഏകദേശം 46,650 മെട്രിക് ടണ്‍ എല്‍പിജിയുമായി കടലിടുക്ക് കടന്നു.
ഇന്ത്യന്‍ നാവികസേന കപ്പലുകള്‍ കപ്പലുകളെ സഹായിക്കാന്‍ അകമ്പടിയായി ഉണ്ടായിരുന്നു. നിലവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട നാവിക ഉപരോധത്തിനിടയില്‍ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാന്‍ ഇന്ത്യ ഇറാനിയന്‍ അധികാരികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇറാനിയന്‍ അധികാരികളുമായി സഹകരിക്കുകയാണെങ്കില്‍ ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകളെ കടലിടുക്ക് കടന്നുപോകാന്‍ അനുവദിക്കുമെന്ന് ഇറാന്‍ നേരത്തെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനെ അറിയിച്ചിരുന്നു.
