നിര്‍ണായക തീരുമാനവുമായി ഇറാന്‍; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം; 'യുദ്ധത്തില്‍ നേരിട്ട നഷ്ടം നികത്തുക ലക്ഷ്യം'; ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം; ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇറാന്‍
നിര്‍ണായക തീരുമാനവുമായി ഇറാന്‍; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം
ടെഹ്‌റാന്‍: ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ ഒരുങ്ങി ഇറാന്‍. യുദ്ധത്തില്‍ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാന്‍ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മില്‍ ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവശത്തു നിന്നുമുള്ള വിദഗ്ധരും പങ്കെടുത്തു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊര്‍ജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികള്‍ കണ്ടെത്തുകയായിരുന്നു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം.
സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ വിവിധ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചതായാണ് വിവരം. ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാല്‍, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ സാഹചര്യത്തിലാണ് ചര്‍ച്ച.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഇറാനെതിരെ അസഭ്യവര്‍ഷം നടത്തിക്കൊണ്ടാണ് ട്രംപ് പ്രസ്താവന നടത്തിയത്. 'ഭ്രാന്തന്‍ തെണ്ടികളേ, ഫള്‍ള്‍ള്‍ കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി'- എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.
ട്രംപിന്റെ ഈ പ്രസ്താവനക്കെതിരെയും ഇറാന്‍ രംഗത്തുവന്നു. ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ അഭ്യര്‍ഥിച്ചാണ് ഇറാന്‍ രംഗത്തുവന്നത്. ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം ചെയ്യുമെന്ന പ്രഖ്യാപനമാണ്. ട്രംപിന്റെ 'ക്രൂരമായ പ്രവൃത്തികള്‍' തടയാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ഇറാന്റെ പ്രതികരണം. യുഎന്നിലെ ഇറാന്‍ പ്രതിനിധിയാണ് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.
ട്രംപിന്റെ പുതിയ പ്രസ്താവനകളെയും യുഎന്നിലെ ഇറാന്‍ ദൗത്യസംഘം അപലപിച്ചു. രാജ്യത്തെ 'സിവിലിയന്‍ ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന്' യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയാണെന്ന്. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടാകണം. ഐക്യരാഷ്ട്രസഭയുടെ ശക്തമായിരുന്നെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്ന ഭീഷണിക്ക് മുന്നില്‍ നിശബ്ദത പാലിക്കില്ലായിരുന്നു. യുദ്ധക്കൊതിയനായ അമേരിക്കന്‍ പ്രസിഡന്റ് പശ്ചിമേഷ്യന്‍ മേഖലയെ വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നും ഇറാന്‍ പ്രതിനിധി സംഘം പറഞ്ഞു.
ട്രംപിന്റെ ഭീഷണി സാധാരണക്കാരായ ജനങ്ങളെ ഭയപ്പെടുത്താനുള്ള പരസ്യമായ നീക്കമാണ്. അദ്ദേഹം ഒരു യുദ്ധക്കുറ്റം ചെയ്യാന്‍ മുതിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്. യുദ്ധക്കുറ്റങ്ങളുടെ ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിനും, ലോക രാഷ്ട്രങ്ങള്‍ക്കും ബാധ്യതകളുണ്ട്. അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കണം. നാളെ വളരെ വൈകിയാകരുത് ഇടപെടലെന്നും ഇറാന്‍ ആവശ്യപ്പെടുന്നു.
