കൊടുംവനത്തിൽ ശരണ്യ തനിച്ചു കഴിച്ചുകൂട്ടിയത് നാലുനാൾ; അഗസ്ത്യാർകൂടം കീഴടക്കിയ കരുത്ത് തുണയായി; ഇത് ജീവിതത്തിലെ പുതിയൊരു 'ടാസ്ക്' എന്ന് സുഹൃത്തുക്കൾ; മടങ്ങിവരവ് അത്ഭുതമെന്ന് ദൗത്യസംഘം; ശരണ്യയുടെ ജീവിതത്തിലേക്ക് 'ദൈവത്തിന്റെ കയ്യൊപ്പ്'
ബെംഗളൂരു: കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുന്ന, മനുഷ്യസാന്നിധ്യം അന്യമായ കർണാടകയിലെ കൊടുംവനത്തിൽ ഒറ്റപ്പെട്ടുപോയ നാലു ദിനരാത്രങ്ങൾ. ഒടുവിൽ മരണത്തെയും ഭയത്തെയും തോൽപ്പിച്ച് ശരണ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ശരണ്യയെ സുരക്ഷിതയായി കണ്ടെത്താനായതിനെ ‘ദൈവത്തിന്റെ കയ്യൊപ്പ്’ എന്നാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തവർ വിശേഷിപ്പിച്ചത്.
അതീവ അപകടം പിടിച്ച മേഖലയിലാണ് ശരണ്യ അകപ്പെട്ടതെന്ന് ദൗത്യസംഘം പറയുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനത്തിൽ നാലുദിവസം തനിച്ചു കഴിഞ്ഞിട്ടും പോറലേറ്റില്ല എന്നത് അത്ഭുതകരമാണ്. മുൻപ് അഗസ്ത്യാർകൂടം പോലുള്ള കഠിനമായ മലനിരകൾ കീഴടക്കിയുള്ള പരിചയസമ്പത്തും ശരണ്യയുടെ ആത്മവിശ്വാസവുമാണ് പ്രതിസന്ധിയെ അതിജീവിക്കാൻ തുണയായതെന്ന് സുഹൃത്തുക്കൾ കരുതുന്നു.
"വല്ലാത്തൊരു ടെൻഷനിലായിരുന്നു എല്ലാവരും. ശരണ്യയ്ക്ക് ഇതൊരു വലിയ 'ടാസ്ക്' ആയിരുന്നു. എല്ലാവരുടെയും വലിയ പിന്തുണയാണ് ഈ തിരിച്ചുവരവിന് പിന്നിൽ." - സുഹൃത്തുക്കൾ പറയുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എംഎൽഎ, ഡിസിഎഫ്, കർണാടക-കേരള പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്ക് ശരണ്യ നന്ദി രേഖപ്പെടുത്തി.
ശരണ്യയെ കണ്ടെത്തിയെന്ന വാർത്തയെത്തിയതോടെ കോഴിക്കോട് നാദാപുരത്തെ വീട്ടിൽ ആഹ്ലാദാരവങ്ങൾ ഉയർന്നു. ദിവസങ്ങളോളം നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് മകൾ തിരിച്ചെത്തിയ സന്തോഷത്തിൽ കുടുംബാംഗങ്ങൾ മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവെച്ചത്. നാലു ദിവസത്തെ ഭീതിക്കൊടുവിൽ നാട് ആശ്വാസത്തിന്റെ തണലിലാണ്.
കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ശരണ്യയെ ഏപ്രില്‍ 2നാണ് കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്ന
കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണ്. ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ ശ്യാം അടക്കമുള്ളവര്‍ തിരച്ചിലിനു സന്നദ്ധമായി കുടകില്‍ എത്തിയിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി നാദാപുരത്തെ വീട്ടില്‍ പോയിട്ടില്ലാത്ത ശരണ്യ കുടകില്‍ ട്രെക്കിങ്ങിന് പോകുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല.
ഓണ്‍ലൈനായി ബുക്ക് ചെയ്തു ഏപ്രില്‍ ഒന്നിന് ട്രെക്കിങ്ങിന് എത്തിയ ശരണ്യ ട്രെക്കിങ്ങിന് പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും കാട്ടാന ശല്യമുള്ളതിനാല്‍ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെക്കിങ് തുടങ്ങുന്നയിടത്തിന് 500 മീറ്റര്‍ അകലെ യാവകപ്പാടിയിലെ ഹോംസ്റ്റേയില്‍ മുറിയെടുത്തു. തുടര്‍ന്ന്, ട്രെക്കിങ്ങിന് എത്തിയ 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെ വനത്തിലേക്കു പോയി. ട്രെക്കിങ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ ശരണ്യയ്ക്കു മുന്‍പരിചയമില്ല.
സംഘത്തില്‍ നിന്ന് മാറി അല്‍പം പിന്നാലെയാണ് ശരണ്യ സഞ്ചരിച്ചതെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ വിവരം. വഴി തെറ്റി എന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു രണ്ടു മണിയോടെ ലഭിച്ചതായാണ് ഹോം സ്റ്റേ അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ഉടന്‍ കര്‍ണാടക വനം വകുപ്പും പൊലീസുമെല്ലാം തിരച്ചില്‍ തുടങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ശരണ്യയ്‌ക്കൊപ്പം പോയ മറ്റ് ട്രെക്കിങ് സംഘാംഗങ്ങള്‍ വൈകിട്ടോടെ മടങ്ങിയെത്തി.
ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു കുന്നിന്‍ മുകളില്‍ നില്‍ക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവര്‍ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പത്തുപേരടങ്ങിയ ട്രക്കിങ് സംഘത്തില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങിവരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താന്‍ വന്നോളാമെന്നാണ് പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്.
ഫോണില്‍ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു. അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യ പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടന്‍ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരെയും ട്രൈബല്‍ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ മാതാപിതാക്കളുടെയും നാടിന്റെയും കാത്തിരിപ്പിന് അറുതിയായി ശരണ്യയെ കണ്ടെത്തിയെന്ന സന്തോഷ വാര്‍ത്ത വൈകീട്ട് ആറ് മണിയോടെ ലഭിക്കുകയായിരുന്നു.
