ശനിയാഴ്ച കൂടി അവധി നല്‍കുന്ന സാഹചര്യത്തില്‍ നിലവിലെ 20 കാഷ്വല്‍ ലീവുകള്‍ പത്തായി കുറയ്ക്കണമെന്ന നിര്‍ദ്ദേശം സംഘടനകള്‍ക്ക് സ്വീകാര്യമല്ല; ഫോര്‍മുലയാകാത്തതിനാല്‍ അഞ്ചുദിന പ്രവൃത്തി ആഴ്ചയില്‍ പ്രഖ്യാപനം വൈകും; തീരുമാനമെടുക്കാതെ ഇന്നത്തെ മന്ത്രിസഭാ യോഗം; ഉറ്റുനോക്കി ജീവനക്കാര്‍; അടുത്ത മന്ത്രിസഭാ യോഗത്തില്‍ വീണ്ടും ഫയല്‍ എത്തും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ അഞ്ചുദിന പ്രവൃത്തി ആഴ്ച നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. ഇന്ന് (വെള്ളി) ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ ഫയല്‍ പരിഗണിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാതെ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ഇതില്‍ ഉത്തരവിറക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊള്ളാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാസം 15ന് ശേഷം ഏത് നിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കാം എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മന്ത്രിസഭ ഫയല്‍ വീണ്ടും മാറ്റിവെച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ ഫയല്‍ വീണ്ടും പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ അഞ്ചുദിന പ്രവൃത്തി ആഴ്ചയ്ക്ക് ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില നിബന്ധനകളാണ് തീരുമാനത്തിന് തടസ്സമായിരിക്കുന്നത്.
നിലവിലെ ഏഴ് മണിക്കൂര്‍ ജോലി സമയം എട്ടര മണിക്കൂറായി (രാവിലെ 9.15 മുതല്‍ വൈകിട്ട് 5.45 വരെ) വര്‍ദ്ധിപ്പിക്കുക. ശനിയാഴ്ച കൂടി അവധി നല്‍കുന്ന സാഹചര്യത്തില്‍ നിലവിലെ 20 കാഷ്വല്‍ ലീവുകള്‍ പത്തായി കുറയ്ക്കണമെന്ന നിര്‍ദ്ദേശം സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്നു. ആര്‍ജ്ജിത അവധി 33ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഈ ആനുകൂല്യം ജീവനക്കാര്‍ക്ക് നല്‍കി വോട്ടുറപ്പിക്കാനാണ് ഭരണമുന്നണി ലക്ഷ്യമിടുന്നത്. എന്നാല്‍ ലീവുകള്‍ വെട്ടിക്കുറയ്ക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ പിണക്കുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വൈകിയാല്‍ അടുത്ത ആഴ്ച തന്നെ ഇതില്‍ ഒരു വിട്ടുവീഴ്ചാ സൂത്രവാക്യം ഉണ്ടാകാനാണ് സാധ്യത.