ശബരിമല സ്വര്‍ണ്ണക്കടത്ത്: പി.എസ്. പ്രശാന്തിന്റെ അറസ്റ്റിലേക്ക് നീങ്ങി എസ് ഐ ടി; അനുമതി തേടി പോലീസും; 'ബജറ്റ് കടമ്പ'യെ ഭയന്ന് സര്‍ക്കാരും; പ്രശാന്തിനെ ചോദ്യം ചെയ്തത് വെറുതെയല്ല; മൊഴികളില്‍ വൈരുദ്ധ്യം

Update: 2026-01-27 06:59 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നീക്കം ശക്തമാക്കുന്നു. ഗൂഢാലോചനയില്‍ പ്രശാന്തിന് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതി തേടി. എന്നാല്‍, നിയമസഭയില്‍ ബജറ്റ് അവതരണം നടക്കാനിരിക്കെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന് അറസ്റ്റ് ബജറ്റിന് ശേഷം മതിയോ എന്ന ആലോചനയിലാണ് സര്‍ക്കാര്‍.

തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തി പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നത്. ദ്വാരപാലക ശില്പങ്ങള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കടത്തിയതില്‍ പ്രശാന്തിനും സംഘത്തിനും കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ്വര്‍ണ്ണം പൂശാനെന്ന വ്യാജേന ദ്വാരപാലക പാളികള്‍ കടത്തുന്നതിന് മുന്നോടിയായി ദേവസ്വം മരാമത്ത് വിഭാഗത്തില്‍ നടന്ന അസ്വാഭാവികമായ മാറ്റങ്ങള്‍ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ മാറ്റി പകരം തനിക്ക് താല്പര്യമുള്ള അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ചുമതല നല്‍കിയതും ദേവസ്വം വിജിലന്‍സിനെ ഇരുട്ടില്‍ നിര്‍ത്തിയതും പ്രശാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം രഹസ്യ കേന്ദ്രത്തില്‍ വെച്ചും പിന്നീട് ഓഫീസില്‍ വെച്ചും നടന്ന ചോദ്യം ചെയ്യലുകളില്‍ പ്രശാന്ത് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ്മെന്റ് പൂര്‍ത്തിയായെന്നും ഇനി ഹാജരാകേണ്ടി വരില്ലെന്നുമുള്ള പ്രശാന്തിന്റെ നേരത്തെയുള്ള അവകാശവാദം തള്ളിക്കൊണ്ടാണ് എസ്.ഐ.ടി കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്തതിന് പിന്നാലെ പ്രശാന്തിനെതിരെയുള്ള തെളിവുകള്‍ എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍ നിര്‍ണ്ണായകമായ ബജറ്റ് സമ്മേളനത്തിനിടെ പ്രശാന്തിനെപ്പോലൊരു ഉന്നതന്‍ അറസ്റ്റിലാകുന്നത് പ്രതിപക്ഷത്തിന് ആയുധമാകുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ അറസ്റ്റ് വൈകിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ ഉന്നതതലത്തില്‍ നടക്കുന്നുണ്ടെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. വരും ദിവസങ്ങളില്‍ ഈ കേസില്‍ കൂടുതല്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത തവണ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അറിയിക്കും. കോടതി നിലപാടും നിര്‍ണ്ണായകമായി മാറും.

പി.എസ്. പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് 2025 സപ്തം. 7ന് ശബരിമലയില്‍ നിന്നും ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി ചെന്നൈക്ക് കടത്തിയത് 2019ലെ സ്വര്‍ണക്കൊള്ള മറയ്ക്കാനാണെന്ന നിഗമനത്തിന് സ്ഥിരീകരണം. പോറ്റിയുടെ പ്രേരണയെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണിതെന്നാണ് സംശയം. എസ്ഐടിക്കു മുന്നില്‍ ബോര്‍ഡിലെ ചില ജീവനക്കാര്‍ ഇതു സംബന്ധിച്ച മൊഴി നല്‍കിയിരുന്നു. അതിനാല്‍ സ്വര്‍ണ കൊള്ളയുടെ തുടര്‍ച്ചയായി കണ്ട് ഇതിനെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും സൂചനയുണ്ട്.

2001- 2003 മുതല്‍ക്കെ ദ്വാരപാലക പാളികളുടെ നിറം മങ്ങി തുടങ്ങിയെന്നാണ് ദേവസ്വം ജീവനക്കാരുടെ മൊഴി. പാളികളില്‍ വീണ്ടും സ്വര്‍ണം പൂശണമെന്ന നിര്‍ദേശം അന്നു മുതല്‍ക്കേ പോറ്റിയും ഉന്നയിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ തയാറായില്ല. 2003 നവംബറില്‍ അധികാരമേറ്റ് വൈകും മുമ്പു തന്നെ ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൂശാനുള്ള നീക്കം പ്രശാന്ത് നടത്തി. 2024 മണ്ഡലകാലത്തിന് മുമ്പ് സ്വര്‍ണം പൊതിഞ്ഞ് പാളികള്‍ പുനഃസ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ നടന്നില്ല.

1998ല്‍ വിജയ് മല്യ 195.52 പവന്‍ സ്വര്‍ണമാണ് ദ്വാരപാലക പാളികളില്‍ പൊതിഞ്ഞതെന്നാണ് യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖകളില്‍ പറഞ്ഞിരുന്നത്. ഈ സ്വര്‍ണം പൂര്‍ണമായി വേര്‍തിരിച്ചു മാറ്റി പകരം 49 പവന്‍ (394.9 ഗ്രാം) സ്വര്‍ണം പൂശിയതായാണ് പോറ്റി അവകാശപ്പെട്ടത്. എന്നാല്‍ ഇത് കളവാണെന്നും പേരിനു മാത്രം സ്വര്‍ണമാണ് പൂശിയതെന്നും വ്യക്തമാകുന്നു. ക്ലിയര്‍ കോട്ടു ചെയ്ത പാളികള്‍ക്ക് 40 വര്‍ഷ ഗ്യാരന്റി കമ്പനി നല്‍കിയിട്ടുണ്ടെങ്കില്‍ കേവലം നാല് വര്‍ഷത്തിനിടെ നിറം മങ്ങില്ലെന്ന മൊഴി ഈ രംഗത്തെ വിദഗ്ധര്‍ എസ്ഐടിക്ക് നല്‍കിയിട്ടുണ്ട്. ശ്രീകോവില്‍ പാളികളില്‍ നിന്ന് വന്‍ കൊള്ളയാണ് നടന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

Tags:    

Similar News