കേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്‌നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തം

Update: 2026-03-13 03:35 GMT

തിരുവനന്തപുരം: മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വില്‍ക്കുന്നതിന് കരാര്‍ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാല്‍, മറ്റാരുമായും വിദേശത്ത് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് കേരഫെഡ് ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ല.

മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് ഇങ്ങനെ കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമാണെന്നു ബന്ധപ്പെട്ട വകുപ്പുകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മന്ത്രിയുടെ കുടുംബാംഗം നടത്തുന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിലെ അനൗചിത്യത്തെക്കുറിച്ചും വിശദീകരണമില്ല. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ കമ്പനിയായ മിഡ്നൈറ്റ് സണ്‍ ഗ്ലോബലിന് സര്‍ക്കാര്‍ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയത് 2023ല്‍ ഗണേഷ്‌കുമാര്‍ മന്ത്രിപദത്തിലെത്തിയ ശേഷമാണെന്ന് ജിഎസ്ടി രേഖകള്‍ വ്യക്തമാക്കുന്നു.

സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ വില്‍ക്കുന്നതിനുള്ള കരാറാണ് വിജ്ഞാപനമോ താല്‍പര്യപത്രമോ ഇല്ലാതെ മന്ത്രിപത്‌നിയുടെ കമ്പനിക്ക് നല്‍കിയത്. ഗണേഷ്‌കുമാറിന്റെ കുടപ്പനക്കുന്നിലെ വീടായ 'സിന്ദഗി'യുടെ വിലാസത്തിലാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019ല്‍ കമ്പനി തുടങ്ങിയെങ്കിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ വിവരം ഗണേഷ് കുമാര്‍ മറച്ചുവെച്ചതായും ആരോപണമുണ്ട്.

2025 ജനുവരിയില്‍ കേരഫെഡില്‍ നിന്ന് 13.92 ലക്ഷം രൂപയുടെ വെളിച്ചെണ്ണയാണ് ബിന്ദു മേനോന്റെ കമ്പനി വാങ്ങിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ മില്‍മയുമായി 43.98 ലക്ഷം രൂപയുടെ ഇടപാടുകളും നടത്തി. സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കണമെന്ന കമ്പനിയുടെ ആവശ്യം കേരഫെഡില്‍ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും, ഉന്നതതല സമ്മര്‍ദ്ദത്തിനൊടുവില്‍ 15% കമ്മിഷന്‍ അനുവദിച്ചുകൊണ്ട് കരാര്‍ ഉറപ്പിക്കുകയായിരുന്നു.

മില്‍മ ഉല്‍പന്നങ്ങള്‍ ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലും വില്‍ക്കുന്നതിനുള്ള കരാറും ഇതേ കമ്പനിക്ക് തന്നെയാണ് ലഭിച്ചത്. മാസം കുറഞ്ഞത് 20 ലക്ഷം രൂപയുടെ നെയ്യും അഞ്ച് ലക്ഷം രൂപയുടെ മറ്റ് ഉല്‍പന്നങ്ങളും എടുക്കണമെന്നാണ് മില്‍മയുമായുള്ള കരാര്‍. കൃഷിവകുപ്പിന് ചെടിച്ചട്ടികള്‍ നല്‍കാന്‍ തയ്യാറാണെന്ന് കാട്ടി ഈ കമ്പനി കത്തുനല്‍കിയതായും വിവരമുണ്ട്. കേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായാണ് മിഡ്നൈറ്റ് സണ്‍ പ്രവര്‍ത്തിക്കുന്നത്.

അധികാരമുപയോഗിച്ച് സ്വന്തം കുടുംബാംഗത്തിന്റെ കമ്പനിക്ക് വഴിവിട്ട രീതിയില്‍ സര്‍ക്കാര്‍ കരാറുകള്‍ ഒപ്പിച്ചുനല്‍കുന്നത് ഗുരുതരമായ സ്വജനപക്ഷപാതമാണെന്ന വിമര്‍ശനം ശക്തമാണ്. മത്സരപ്രക്രിയ ഒഴിവാക്കി മന്ത്രിപത്‌നിയുടെ കമ്പനിയെ തിരഞ്ഞെടുത്തതില്‍ അസ്വാഭാവികതയില്ലെന്ന കേരഫെഡ് അധികൃതരുടെ വിശദീകരണം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

Tags:    

Similar News