ലണ്ടനില്‍ നദിയില്‍ വീണതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; പിഎസ്ഡബ്ല്യു വിസയില്‍ കഴിയുന്ന യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക; മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകളുടെ വിയോഗമറിഞ്ഞു തേങ്ങലോടെ പ്രിയപ്പെട്ടവരും

ലണ്ടനില്‍ നദിയില്‍ വീണതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Update: 2026-04-05 04:02 GMT

ലണ്ടന്‍: ലണ്ടനില്‍ യൂണിവേഴ്സിറ്റി പഠനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യം. പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്യുന്ന കീര്‍ത്തി രാജഗോപാലിന് ഈസ്റ്റര്‍ അവധിയെ തുടര്‍ന്ന് ലണ്ടനില്‍ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത് എന്നാണ് കുടുംബത്തിന് പ്രാഥമികമായി ലഭിക്കുന്ന വിവരം. പോലീസ് നല്‍കിയ സൂചന അനുസരിച്ചു യുവതിയെ അവസാനമായി കാണാനായത് ഇ 14 എന്ന പോസ്റ്റ് കോഡ് ഏരിയയില്‍ ആണെന്നാണ് വ്യക്തമാകുന്നത്.

തെംസ് നദിക്കരയോട് ചേര്‍ന്ന ലണ്ടന്റെ ഹൃദയ ഭാഗങ്ങളില്‍ ഒന്നാണ് ഈ സ്ഥലം. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. ഏക സഹോദരന്‍ വിനായകും. യുകെയില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ അവധിയില്‍ ആയതിനാല്‍ കീര്‍ത്തിയുടെ മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സജീവ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നോര്‍ക്ക അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

യുകെയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് കുടുംബം അടിയന്തിര സഹായം തേടി നോര്‍ക്കയെ ബന്ധപ്പെട്ടിരിക്കുന്നത്. കീര്‍ത്തി താമസിച്ചിരുന്ന സ്ഥലവും ജോലി സ്ഥലവും വ്യക്തമാക്കി കുടുംബം നോര്‍ക്കയെ സമീപിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈസ്റ്റര്‍ അവധിക്കു ശേഷം നാളെ ബാങ്ക് ഹോളിഡേ കൂടി ആയതിനാല്‍ ഇന്ത്യന്‍ എംബസിയില്‍ പോലും ചൊവ്വാഴ്ച മാത്രമേ ഉദ്യോഗസ്ഥരെത്തൂ എന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. തെംസ് നദിയിലെ വോള്‍വിച്ച് ഭാഗത്തും നിന്നുമാണ് ബെക്സ്ലി സ്റ്റേഷന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്തിയത് എന്നാണ് അറിയാനാകുന്നത്. നിലവില്‍ മൃതദേഹം ഗ്രീന്‍വിച്ച് പബ്ലിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലാബെത് പ്രദേശത്തുള്ള ജിപി സര്‍ജറിയിലാണ് കീര്‍ത്തി ജോലി ചെയ്തിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കീര്‍ത്തി ജോലി ചെയ്യുന്ന സ്ഥലത്തും വിവരം അഭ്യര്‍ത്ഥിച്ചു കുടുംബം സഹായം തേടിയിട്ടുണ്ട്. കീര്‍ത്തി താമസിച്ചിരുന്ന സ്ഥലത്തു മലയാളി കുടുംബങ്ങള്‍ അധികം താമസം ഇല്ലാത്തതും തുടര്‍ നടപടികളുടെ വേഗത കുറച്ചേക്കാന്‍ ഇടയുണ്ട്. നോര്‍ത്താംപ്ടണ്‍ കൗണ്‍സില്‍ അംഗം ദിലീപ് കുമാര്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇപ്പോള്‍ കുടുംബവുമായി ബന്ധപ്പെട്ടാണ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. കീര്‍ത്തിയുടെ കൂടെ താമസിച്ചിരുന്ന യുവതിയും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കോര്‍ണോര്‍ ഓഫിസിനു കത്തെഴുതിയിട്ടുണ്ട്.

Tags:    

Similar News