ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു; 'യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡില്‍ രണ്ട് നാവികര്‍ക്ക് പരുക്ക്; അയ്യായിരം സൈനികരും 75 യുദ്ധവിമാനങ്ങളുമുള്ള കപ്പലിനുള്ളില്‍ തീ പടര്‍ന്നത് എങ്ങനെ? ദൗത്യം തുടരുമെന്ന് യുഎസ് സൈന്യം

ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു

Update: 2026-03-12 15:58 GMT

വാഷിങ്ടണ്‍: ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് (CVN 78) വിമാനവാഹിനിക്കപ്പലില്‍ തീപിടുത്തമുണ്ടായി. മാര്‍ച്ച് 12-ന് കപ്പലിലെ ലോണ്‍ട്രി മുറിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് നാവികര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ നാവികര്‍ ചികിത്സയിലാണെന്നും അവരുടെ നില തൃപ്തികരമാണെന്നും സൈന്യം വ്യക്തമാക്കി.

എന്നാല്‍, കപ്പലിന്റെ പ്രവര്‍ത്തനശേഷിയെ ഇത് ബാധിച്ചിട്ടില്ലെന്നും ദൗത്യം തുടരുകയാണെന്നും യുഎസ് നേവല്‍ ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. തീപിടുത്തം ശത്രുക്കളുടെ ആക്രമണം മൂലമല്ലെന്നും യുദ്ധവുമായി ബന്ധമില്ലെന്നും കമാന്‍ഡ് വ്യക്തമാക്കി.

ഇറാനിലെ സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ചെങ്കടലില്‍ നിലയുറപ്പിച്ചിരിക്കുന്നത്. തീപിടുത്തം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്ന് യുഎസ് നാവികസേന അറിയിച്ചു. പരിക്കേറ്റ നാവികര്‍ക്ക് വൈദ്യസഹായം നല്‍കി വരുന്നുണ്ടെന്നും അവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

യുദ്ധവിമാനങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള കപ്പലിന്റെ പ്രൊപ്പല്‍ഷന്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും വിമാനവാഹിനിക്കപ്പല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും സേന ഉറപ്പുനല്‍കി. കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ ഈ അപ്രതീക്ഷിത അഗ്‌നിബാധ അതിവേഗം പരിഹരിക്കപ്പെട്ടതായും യുഎസ് നാവികസേന വിശദീകരിച്ചു. ഈ സംഭവത്തിന് ശേഷവും കപ്പല്‍ അതിന്റെ സുപ്രധാന ദൗത്യം തടസ്സങ്ങളില്ലാതെ തുടരുകയാണ്.

ഇസ്രായേലും അമേരിക്കയും ഇറാനുമായി നടത്തുന്ന യുദ്ധത്തില്‍ ഇതുവരെ ഏഴ് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും ഏകദേശം 150 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അയ്യായിരത്തിലധികം നാവികരുള്ള യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് വിമാനവാഹിനിക്കപ്പലില്‍, എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് ജെറ്റുകള്‍ ഉള്‍പ്പെടെ എഴുപത്തഞ്ചിലധികം യുദ്ധവിമാനങ്ങളുണ്ട്. ഈ വര്‍ഷം ആദ്യം കരീബിയന്‍ മേഖലയിലെ സൈനിക നീക്കങ്ങളില്‍ പങ്കെടുത്തതുള്‍പ്പെടെ കഴിഞ്ഞ ഒമ്പത് മാസത്തിലേറെയായി ഈ കപ്പല്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ്.

Tags:    

Similar News