'പവര്‍ പ്ലാന്റ് ഡേ!' പശ്ചിമേഷ്യയുടെ നെഞ്ചിടിപ്പേറ്റി ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ ഇറാന്‍ ജനതയ്ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്; 'ട്രെയിനിലോ റെയില്‍വേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാല്‍ ജീവന്‍ നഷ്ടമാകാം' എന്ന് ഐഡിഎഫ്

Update: 2026-04-07 09:25 GMT

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം കടുത്തതോടെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇറാന്‍ ജനതയ്ക്ക് ഇസ്രയേല്‍ പ്രതിരോധ സേന (IDF)യുടെ അടിയന്തര മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂര്‍ നേരം രാജ്യത്തുടനീളമുള്ള ട്രെയിന്‍ യാത്രകളും റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള സാന്നിധ്യവും ഒഴിവാക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്‍ സമയം രാത്രി 9 മണി വരെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം എന്ന ഇസ്രയേലിന്റെ ഔദ്യോഗിക സന്ദേശം, ഇറാനിലെ റെയില്‍വേ ശൃംഖലകള്‍ ലക്ഷ്യമിട്ടുള്ള വലിയ വ്യോമാക്രമണങ്ങള്‍ ഉടന്‍ ഉണ്ടായേക്കാം എന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതാദ്യമായാണ് ഇസ്രയേല്‍ മറ്റൊരു രാജ്യത്തെ സാധാരണ ജനങ്ങളോട് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇത്തരത്തില്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത്.

അടുത്ത 12 മണിക്കൂര്‍ നേരം ട്രെയിനുകളില്‍ നിന്നും റെയില്‍വേ ട്രാക്കുകളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് മുന്നറിയിപ്പ സുരക്ഷാപരമായ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഐഡിഎഫിന്റെ മുന്നറിയിപ്പ്. 'നിങ്ങളുടെ സുരക്ഷയ്ക്കായി, ഇറാന്‍ സമയം രാത്രി 9 മണി വരെ ട്രെയിന്‍ ഉപയോഗിക്കുന്നതില്‍ നിന്നും ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു നിങ്ങളുടെ ജീവന്‍ അപകടത്തിലായേക്കും,'' സൈന്യം ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള യുഎസ് സമയപരിധി അടുത്തിരിക്കെ, അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞ ഇറാന്‍, വഴങ്ങില്ലെന്ന് അറിയിച്ചിരുന്നു. തങ്ങളുടെകൂടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് യുദ്ധം പൂര്‍ണമായി നിര്‍ത്തണം എന്നതാണ് ഇറാന്‍ നിലപാട്.

ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനിലെ ഒരു സിനഗോഗ് തകര്‍ന്നു. ജൂതആരാധനാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി മെഹര്‍ ന്യൂസ് ഏജന്‍സിയും ഷാര്‍ഗ് ഡെയ്ലിയും റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ ജൂതമതത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്,, എന്നാല്‍ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം നിരവധി ജൂതമതവിശ്വാസികള്‍ രാജ്യം വിട്ടിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ടെഹ്‌റാനിലെ പ്രധാന ജൂത ആരാധനാലയമായ 'റാഫി നിയ സിനഗോഗ്' തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇറാനിലെ ചെറിയ ജൂത സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള ഈ ദേവാലയം ആക്രമണത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് മെഹര്‍ ന്യൂസ് ഏജന്‍സിയും ഷാര്‍ഗ് ഡെയ്ലിയും സ്ഥിരീകരിച്ചു. ഇതിനുപുറമെ ഇറാന്റെ മൂന്നാമത്തെ പെട്രോകെമിക്കല്‍ പ്ലാന്റിലും ആക്രമണം നടന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം നടന്ന ആക്രമണങ്ങളില്‍ 1,665 സാധാരണക്കാര്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകള്‍ നല്‍കുന്ന വിവരം.

ട്രംപിന്റെ 'അന്ത്യശാസനം'

ഹോര്‍മുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 5:30) മുമ്പ് തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 'പവര്‍ പ്ലാന്റ് ഡേ' എന്നും 'ബ്രിഡ്ജ് ഡേ' എന്നും ട്രംപ് വിശേഷിപ്പിച്ച ഈ ആക്രമണത്തിലൂടെ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നാണ് ഭീഷണി. ഇറാന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഒറ്റ രാത്രികൊണ്ട് ഇറാനെ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കി.

ലക്ഷക്കണക്കിന് 'മനുഷ്യകവചങ്ങള്‍'

അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഭരണകൂടം. തങ്ങളുടെ ഊര്‍ജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും സംരക്ഷിക്കാന്‍ ഇറാന്‍ യുവാക്കളോട് 'മനുഷ്യകവചം' തീര്‍ക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ താനുള്‍പ്പെടെ 1.4 കോടി ഇറാനികള്‍ രാജ്യത്തിനായി ജീവന്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തന്ത്രപരമായ മാറ്റങ്ങള്‍ ഇനി തിരുത്താനാവില്ലെന്നും യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാതെ വെടിനിര്‍ത്തലിന് തയ്യാറല്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) വ്യക്തമാക്കി.

Similar News