എല്‍പിജി ഓട്ടോക്കാര്‍ 'പെട്ടു'; വാതകത്തിനായി നെട്ടോട്ടം; പെട്രോളിലേക്ക് മാറാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം
ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് എല്‍പിജി ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധിയില്‍. മണിക്കൂറുകളോളം ക്യൂ നിന്നിട്ടും ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍, ഓട്ടോകള്‍ പെട്രോളിലേക്ക് മാറുന്നതാണ് ഉചിതമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നിര്‍ദ്ദേശിച്ചു. ഇതോടെ കുറഞ്ഞ ചെലവില്‍ എല്‍പിജി ഉപയോഗിച്ച് സര്‍വീസ് നടത്തിയിരുന്ന ആയിരക്കണക്കിന് ഓട്ടോ ഡ്രൈവര്‍മാരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
രാജ്യത്തുടനീളമുള്ള എല്‍പിജി പമ്പുകള്‍ മിക്കതും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. തുറന്ന പമ്പുകളിലാകട്ടെ, പുലര്‍ച്ചെ മുതല്‍ ഓട്ടോറിക്ഷകളുടെ നീണ്ട നിരയാണ്. ഇന്ധനം നിറയ്ക്കാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ടി വരുന്നത് ഡ്രൈവര്‍മാരുടെ അന്നന്നത്തെ വരുമാനത്തെയും ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് എപ്പോഴും ലഭ്യമാകുന്ന പെട്രോളിനെ ആശ്രയിക്കാന്‍ മന്ത്രി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടത്.
കര്‍ണാടകയിലെ 372 എല്‍പിജി വിതരണ കേന്ദ്രങ്ങളില്‍ 72 എണ്ണം മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നത്. ബാക്കി 300 എണ്ണം സ്വകാര്യ കമ്പനികളുടേതാണ്. ആഗോള വിപണിയിലെ വിലക്കയറ്റം മുന്‍നിര്‍ത്തി സ്വകാര്യ കമ്പനികള്‍ കിലോയ്ക്ക് 110 രൂപ വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 89 രൂപയാണ് വിലയെങ്കിലും അവിടെ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
രാജ്യത്തെ എല്‍പിജി ആവശ്യകതയുടെ 40 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇറക്കുമതിയെ ബാധിച്ചതാണ് നിലവിലെ ക്ഷാമത്തിന് കാരണം. ആഗോളതലത്തില്‍ തന്നെ എല്‍പിജി വിഭവങ്ങള്‍ പരിമിതമായതിനാല്‍ ഉടനെങ്ങും പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്.
പാചകവാതക, എല്‍പിജി വിലവര്‍ദ്ധനയ്ക്കും ക്ഷാമത്തിനുമെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റാന്‍ഡില്‍ വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തില്‍ കാളവണ്ടി വലിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഓട്ടോ ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗ്ഗം തകര്‍ക്കുന്ന കേന്ദ്ര നിലപാടുകള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.
