കുഴല്‍നാടന്റെ 'ശബ്ദരേഖ' എഐ നിര്‍മ്മിതമെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി; വിശദീകരണവുമായി മന്ത്രി
പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെന്ന ആരോപണവുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്ത്. കുഴല്‍നാടനെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും പുറത്തുവന്ന ശബ്ദരേഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രളയകാലത്തെ ഡാം മാനേജ്മെന്റില്‍ അഴിമതി നടന്നുവെന്ന് കൃഷ്ണന്‍കുട്ടി പറയുന്ന തരത്തിലുള്ള ഓഡിയോ ഇന്ന് കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു.
മാത്യു കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് തന്റെ മുന്‍ സ്റ്റാഫ് അംഗമാണെന്നും അനാവശ്യ ആവശ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും സ്റ്റാഫില്‍ നിന്നും പുറത്താക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു. 'അയാള്‍ ഉന്നയിച്ച പല കാര്യങ്ങളും ചട്ടവിരുദ്ധമായിരുന്നു. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്തുതരാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ അയാള്‍ ശത്രുപക്ഷത്തായി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെതിരെ ചീത്തപ്പേരുണ്ടാക്കാന്‍ കുഴല്‍നാടനെ കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തുകയാണ്,' കൃഷ്ണന്‍കുട്ടി ആരോപിച്ചു.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റ് ഡാം മാനേജ്മെന്റ് കാര്യങ്ങളിലോ മന്ത്രിസഭാ തീരുമാനങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അന്ന് നടപടികള്‍ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വെറും രാഷ്ട്രീയ നാടകമാണ് കുഴല്‍നാടന്‍ ഇപ്പോള്‍ കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കാനാണ് മന്ത്രിയുടെ നീക്കം. പ്രളയം 'മനുഷ്യനിര്‍മ്മിത'മാണെന്ന ആരോപണം തള്ളിയ മന്ത്രി, ഇത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും വ്യക്തമാക്കി.