ഭാരതപ്പുഴയില്‍ വീണ്ടും തീപിടിത്തം: സാമൂഹ്യവിരുദ്ധരെന്ന് സംശയം; ആളിപ്പടരുന്നത് തടയാനാകാതെ നാട്ടുകാര്‍; തീ പിടിച്ചത് ആറങ്ങോട്ടുകരയ്ക്ക് സമീപം ഭാരതപ്പുഴയുടെ മധ്യഭാഗത്തെ അടിക്കാടുകള്‍ക്ക്; പാരിസ്ഥിതിക ആവാസ വ്യവസ്ഥ ഭീഷണിയില്‍
കൂറ്റനാട്: പാലക്കാട് ജില്ലാ അതിര്‍ത്തിയായ ആറങ്ങോട്ടുകരയ്ക്ക് സമീപം ഭാരതപ്പുഴയുടെ മധ്യഭാഗത്തെ അടിക്കാടുകള്‍ക്ക് തീപിടിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് പള്ളം, മുണ്ടായ ഭാഗങ്ങളിലെ പുഴയുടെ നടുവില്‍ തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വേനല്‍ കനക്കും മുന്‍പേ പുഴയുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന രീതിയില്‍ തീ പടരുന്നത് പ്രദേശവാസികളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നദിയുടെ മധ്യഭാഗത്തായതിനാല്‍ അഗ്‌നിരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും കാറ്റും ഉണങ്ങിയ കാടുകളും തീ വേഗത്തില്‍ പടരാന്‍ കാരണമാകുന്നുണ്ട്. പുഴയോരങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ മനഃപൂര്‍വം തീയിടുന്നതാണോ എന്ന കാര്യത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു.
രാത്രികാലങ്ങളില്‍ ഈ ഭാഗങ്ങളില്‍ ഇത്തരം അജ്ഞാത തീപിടുത്തങ്ങള്‍ പതിവാകുന്നത് പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ആറങ്ങോട്ടുകരയുടെ സമീപത്തായി ദേശമംഗലം പഞ്ചായത്തിലെ പള്ളത്തും സമീപപ്രദേശങ്ങളിലും ഭാരതപ്പുഴയുടെ നടുഭാഗത്ത് അടിക്കാടുകള്‍ക്ക് തീപിടിച്ചു. പള്ളത്തിന്റെയും ഷൊര്‍ണൂര്‍ മുണ്ടായ ഭാഗത്തിന്റെയും ഇടയിലേക്കാണ് തീപടരുന്നത്. നദിയുടെ നടുവിലായുള്ള അടിക്കാടുകളിലാണ് തീ ആളിപ്പടരുന്നത്.
തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് തീ ആളിക്കത്തുന്ന നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചു. എന്നാല്‍, സംഭവം നടന്ന പ്രദേശത്തേക്ക് വാഹനങ്ങള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിച്ചിട്ടുണ്ട്.
ആവാസ വ്യവസ്ഥക്ക് അപകടം വരുത്തുന്ന രീതിയില്‍ ഇടയ്ക്കിടെ ഇവിടെ തീ പടരുന്നുണ്ട്. സംഭവത്തില്‍ സാമൂഹ്യദ്രോഹികളുടെ പങ്കുണ്ടെന്നും പുഴയ്ക്ക് സമീപം ഇത്തരം സംഭവങ്ങള്‍ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.