സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ് തിളക്കത്തില്‍ ഡോ. മുഹമ്മദ് അഷ്റഫ്; ഒരേസമയം ലൈഫ് ടൈം അച്ചീവ്മെന്റും മികച്ച പുസ്തകത്തിനുള്ള അവാര്‍ഡും; കായിക കേരളത്തിന്റെ ആദരമേറ്റുവാങ്ങി 'മാന്ത്രിക ബൂട്ടുകള്‍'! അനുഗ്രഹീത നിമിഷമെന്ന് പ്രതികരണം

Update: 2026-02-20 16:42 GMT

തിരുവനന്തപുരം: കേരള കായിക ലോകത്തെ സമഗ്രസംഭാവനകള്‍ക്കുള്ള അംഗീകാരമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുരസ്‌കാരങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ഡോ. മുഹമ്മദ് അഷ്റഫ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ ഒരേസമയം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും മികച്ച കായിക ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 2022-23 ലെ ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, 2023 - 24 ലെ മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം എന്നിവയാണ് കായിക മാധ്യമപ്രവര്‍ത്തകനും, പരിശീലകനും സംഘാടകനുമായി തിളങ്ങിയ ഡോ. മുഹമ്മദ് അഷ്‌റഫിനെ തേടിയെത്തിയത്.

മാന്ത്രിക ബൂട്ടുകള്‍ എന്ന കൃതിക്കാണ് മികച്ച സ്‌പോര്‍ട്‌സ് ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. കായിക രംഗത്തെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചതിനുള്ള അംഗീകാരമായാണ് സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കായിക താരമായി തന്റെ യാത്ര തുടങ്ങിയ മുഹമ്മദ് അഷ്റഫ്, പിന്നീട് പരിശീലകനായും സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായും കായിക മാധ്യമപ്രവര്‍ത്തകനായും പേരെടുത്തു.

കാലിക്കറ്റ് സര്‍വകലാശാലാ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി കായിക ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ഒളിമ്പിക്സ്, ലോകകപ്പ് ഫുട്ബാള്‍ തുടങ്ങിയ ആഗോള കായിക മാമാങ്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമരംഗത്തും സജീവമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പ്രഖ്യാപിച്ച പട്ടികയില്‍ ജി.വി. രാജ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുന്നു.

ഒരേ സമയം രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചത് അനുഗ്രഹീത നിമിഷമെന്ന് മുഹമ്മദ് അഷ്റഫ് പ്രതികരിച്ചു. എന്നോടൊപ്പം നിന്ന എന്നെ സ്‌നേഹിച്ച പ്രോത്സാഹിപ്പിച്ച നല്ലത് പറഞ്ഞു തന്ന വിമര്‍ശിച്ച എന്നെ വായിച്ച വായിക്കുന്ന വര്‍ക്കും എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും ഞാന്‍ പഠിപ്പിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞാന്‍ ഈ അപൂര്‍വ നേട്ടങ്ങള്‍ സമര്‍പ്പിക്കുന്നുവെന്ന് മുഹമ്മദ് അഷ്റഫ് പറഞ്ഞു.

ലോകത്തെ 26 ഫുട്ബാള്‍ താരങ്ങളുടെ വ്യത്യസ്തമായ ജീവിത അനുഭവങ്ങള്‍ വിവരിക്കുന്ന 'മാന്ത്രിക ബൂട്ടുകള്‍' കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. ഡോ. മുഹമ്മദ് അഷ്റഫിന്റെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പത്താമത്തെ പുസ്തകമാണ് 'മാന്ത്രിക ബൂട്ടുകള്‍'. കേരള സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് ഡയറക്ടര്‍, അസി. ഡയറക്ടര്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട് ഡോ. മുഹമ്മദ് അഷ്‌റഫ്.

Tags:    

Similar News