ഭര്‍ത്താവ് കേസില്‍ കുടുങ്ങിയതോടെ ദുബായിലേക്ക് മുങ്ങി സാറ ഫെര്‍ഗുസണ്‍; പുതിയ വരുമാന മാര്‍ഗങ്ങള്‍ ഇനി കണ്ടെത്തണം; മകള്‍ യൂജിന്‍ സ്വിസ് റിസോര്‍ട്ടില്‍ ഉല്ലാസത്തില്‍; ആന്‍ഡ്രൂ കിരീടാവകാശ പട്ടികയില്‍ നിന്ന് സ്വയം ഒഴിയണമെന്ന് മുറവിളി തുടങ്ങി ബ്രിട്ടീഷ് ജനത
ലണ്ടന്‍: മുന്‍ ഭര്‍ത്താവ് ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറിന്റെ അറസ്റ്റ് വിവരമറിഞ്ഞ സാറ ഫെര്‍ഗുസന്‍ വലിയ ആശങ്കയിലാണെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മക്കളായ ബിയാട്രീസിന്റെയും യൂജിന്റെയും അടുത്ത് വിന്‍ഡ്‌സറില്‍ തന്നെ താമസിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയൊക്കെ നശിച്ച, 66 കാരിയായ മുന്‍ ഡച്ചസിന് ഇനിയിപ്പോള്‍ ശരണം ദുബായി മാത്രമാണത്രെ. മുന്‍ ഭര്‍ത്താവ് കുടുങ്ങിയതോടെ, വിവാഹമോചനം കഴിഞ്ഞിട്ടും ആന്‍ഡ്രുവിനൊപ്പം തുടരുകയും ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന സാറയ്ക്ക് പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും. എന്നാലും, എപ്സ്റ്റീനും തന്റെ കുടുംബവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ്, എഴുത്തുകാരി കൂടിയായ സാറ ഫെര്‍ഗുസന്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്.
സാറയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഒന്നൊന്നായി അടച്ചു പൂട്ടുകയാണ്. പൊതുപദവിയില്‍ ഇരിക്കുമ്പോള്‍ പദവി ദുരുപയോഗം ചെയ്തതിന് അച്ഛനെ അറസ്റ്റ് ചെയ്തതറിഞ്ഞ് മക്കളായ ബിയാട്രീസും യൂജിനും കടുത്ത ആശങ്കയില്‍ ആണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ 11 മണിക്കൂറായിരുന്നു ആന്‍ഡ്രു പോലീസ് സ്റ്റേഷനില്‍ ചെലവഴിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ വീണ്ടും പോലീസ് ആന്‍ഡ്രുവിന്റെ റോയല്‍ ലോഡ്ജിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാറയോ മക്കളോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അവര്‍ എവിടെയാണെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.
അതേസമയം, രാജകുടുംബവുമായി അടുത്ത ചില വൃത്തങ്ങള്‍ പറയുന്നത് സാറ വിന്‍ഡ്‌സര്‍ പരിസരത്ത് തന്നെ താമസമാക്കാനാണ് സാധ്യത എന്നാണ്. രണ്ട് മക്കളും പേരക്കുട്ടികളും അടുത്തുണ്ട് എന്നതാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍, വരുമാനത്തിനായി അവര്‍ ദുബായിയെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്നും ഈ വൃത്തങ്ങള്‍ പറയുന്നു. നേരത്തേ ആന്‍ഡ്രുവിനൊപ്പം സാന്‍ഡ്രിംഗ്ഹാമിലെക്ക് താമസം മാറ്റുവാന്‍ സാറ ഫെര്‍ഗുസന്‍ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് റോയല്‍ ലോഡ്ജില്‍ നിന്നും പുറത്തേക്ക് കാറില്‍ പോയതിനു ശേഷം സാറയെ പൊതു ഇടങ്ങളിലൊന്നും തന്നെ കണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ആന്‍ഡ്രു അറസ്റ്റിലായ സമയത്ത് മകള്‍ യൂജിന്‍ രാജകുമാരി കുടുംബത്തോടൊപ്പം ഗസ്റ്റാഡിലെ സ്വിസ് സകി റിസോര്‍ട്ടില്‍ ഒഴിവുകാലം ആസ്വദിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അറസ്റ്റ് വിവരമറിഞ്ഞ് ആന്‍ഡ്രുവിന്റെ ഇളയ മകളായ ഈ 35 കാരി അതീവ ഉത്ക്കണ്ഠയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിന് തൊട്ട് മുന്‍പായിരുന്നു യൂജീന്‍ ഏറെ ചെലവുള്ള ആഡംബര ഒഴിവുകാല യാത്രയ്ക്ക് തിരിച്ചത്. ജീവിതത്തില്‍ തികച്ചും ഒറ്റപ്പെട്ടുപോയ ആന്‍ഡ്രു തന്റെ ഭാര്യയോ മക്കളോ ഒപ്പമില്ലാതെ, ഏഴ് വളര്‍ത്തുനായ്ക്കള്‍ക്ക് ഒപ്പം തന്റെ ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് അറസ്റ്റിലാകുന്നതും പതിനൊന്ന് മണിക്കൂറിലേറെ പോലീസ് സ്റ്റേഷനില്‍ കഴിയുന്നതും.
അതിനിടയില്‍ ആന്‍ഡ്രുവിനെ കിരീടാവകാശികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. എല്ലാ രാജപദവികളും നഷ്ടമായെങ്കിലും ഈ മുന്‍ രാജകുമാരന്‍ കിരീടാവകാശികളുടെ പട്ടികയില്‍ ഇപ്പോഴും എട്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം യു ഗവ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ചില്‍ നാലുപേരും പറഞ്ഞത് ആന്‍ഡ്രുവിനെ കിരീടാവകാശികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണം എന്നായിരുന്നു. ആന്‍ഡ്രു സ്വയം ഒഴിഞ്ഞു പോകാന്‍ തയ്യാറായില്ലെങ്കില്‍ ചരിത്ര പ്രസിദ്ധമായ ആക്റ്റ് ഓഫ് പാര്‍ലമെന്റ് നല്‍കുന്ന അധികാരം ഉപയോഗിച്ച് ആന്‍ഡ്രുവിനെ ആ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്ക് മേലും സമ്മര്‍ദ്ദം ഉയരുന്നുണ്ട്.
