'ഞങ്ങളെ എന്തിന് കൊലയ്ക്ക് കൊടുത്തു?' തിരിച്ചറിയല്‍ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് മോചനത്തിനായി പാക് പട്ടാളക്കാരുടെ യാചന! ബലൂച് കസ്റ്റഡിയിലുള്ള സ്വന്തം സൈനികരെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാന്‍ സൈന്യം; കൊലക്കയറിന് മുന്നില്‍ വിറച്ച് ആ എട്ട് സൈനികര്‍; ബിഎല്‍എയുടെ അന്ത്യശാസനം തീരുന്നു! 'ഓപ്പറേഷന്‍ ഹെറോഫില്‍' പാക്ക് ഭരണകൂടം വിറയ്ക്കുന്നു; വെല്ലുവിളിയായി പുതിയ വീഡിയോ
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും ഭീകര സംഘടനകളെ മുന്നില്‍ നിര്‍ത്തി ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കി ബലൂചിസ്ഥാന്‍ വിഷയം കടുക്കുന്നു. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം നേടി ബലൂചിസ്ഥാനെ ഒരു രാജ്യമായി പ്രഖ്യാപിക്കാനുള്ള പോരാട്ടങ്ങളാണ് ബിഎല്‍എ അടക്കമുള്ള സംഘടനകള്‍ നടത്തുന്നത്. പാക്കിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ബി.എല്‍.എ പ്രതിഷേധങ്ങളും കലാപങ്ങളും അഴിച്ചുവിട്ടിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പതിറ്റാണ്ടുകളായി പോരാടുന്ന നിരവധി വംശീയ വിമത ഗ്രൂപ്പുകളില്‍ ഏറ്റവും വലുതാണ് ബിഎല്‍എ. അക്രമങ്ങള്‍ നടത്തിയും, സൈനികരെ കൊലപ്പെടുത്തിയുമൊക്കെ കുറേ വര്‍ഷങ്ങളായി അവര്‍ തങ്ങളുടെ പോരാട്ടം കടുപ്പിക്കുകയാണ്. ഏറ്റവുമൊടുവിലായി പാകിസ്ഥാന്‍ സുരക്ഷാ സേനയിലെ നിരവധി ഉദ്യോഗസ്ഥരെ തങ്ങള്‍ പിടികൂടിയതായി സായുധ ഗ്രൂപ്പായ ബലൂച് ലിബറേഷന്‍ ആര്‍മി (BLA) അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുകയാണ്. പിടികൂടപ്പെട്ടവര്‍ തങ്ങളുടെ സൈനികരല്ലെന്ന് പാകിസ്ഥാന്‍ സൈന്യം ഔദ്യോഗിക നിഷേധിച്ചെങ്കിലും വെല്ലുവിളിച്ചുകൊണ്ടാണ് ബിഎല്‍എ രംഗത്തെത്തിയിരിക്കുന്നത്. തടവിലാക്കപ്പെട്ടവരെ കൈമാറുന്നതിനായി ബിഎല്‍എ സ്വയം പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാനിരിക്കെ, പാകിസ്ഥാന്‍ സൈന്യത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും അവര്‍ പുറത്തുവിട്ടു.
ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ 'ഹക്കല്‍' വഴി പുറത്തുവിട്ട ഏറ്റവും പുതിയ ദൃശ്യങ്ങളില്‍, തടവിലാക്കപ്പെട്ട സൈനികര്‍ അവരുടെ ഔദ്യോഗിക സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകളും ദേശീയ തിരിച്ചറിയല്‍ രേഖകളും ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണാം. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ഇസ്ലാമാബാദിലെ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. 'ഞങ്ങള്‍ അവരുടെ ആളുകളല്ലെന്ന് സൈന്യത്തിന് എങ്ങനെ പറയാന്‍ കഴിയും? ഇത് ആരുടെ കാര്‍ഡാണ്?' യൂണിഫോം ധരിച്ച ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ പിടിച്ചുകൊണ്ട് ക്യാമറയോട് ചോദിക്കുന്നത്. 'എന്റെ ഐഡന്റിറ്റി കാര്‍ഡ് നോക്കൂ; പാകിസ്ഥാന്‍ എനിക്ക് നല്‍കിയതാണിത്... ദൈവത്തെ ഓര്‍ത്ത് ഞാന്‍ അപേക്ഷിക്കുകയാണ്, എന്റെ പിതാവ് വികലാംഗനാണ്, വീട്ടിലെ മൂത്ത മകന്‍ ഞാനാണ്. ഞങ്ങള്‍ നിങ്ങളുടെ ആളുകളല്ലെന്ന് പറഞ്ഞ് ഈ അനീതി കാണിക്കരുത്,' ഇസ്ലാമാബാദിലെ അധികാരികളോട് അദ്ദേഹം കെഞ്ചിപ്പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ആളുകളല്ലെന്ന് പറയാനാണെങ്കില്‍ പിന്നെന്തിനാണ് എന്നെ ജോലിക്ക് എടുത്തത്? ഈ വീഡിയോ വ്യാജമാണെന്ന് നിങ്ങള്‍ പറയുന്നത് എന്തിനാണ്?' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎല്‍എയുടെ അവകാശവാദം
തടവുകാരെ കൈമാറുന്നതിനായി ഈ ആഴ്ചയുടെ തുടക്കത്തില്‍ വിമത ഗ്രൂപ്പ് പാകിസ്ഥാന്‍ സര്‍ക്കാരിന് ഏഴു ദിവസത്തെ സമയപരിധി നിശ്ചയിച്ചു നല്‍കിയിരുന്നു. ഈ കാലയളവിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ തടവിലാക്കപ്പെട്ടവര്‍ വധശിക്ഷ നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സമയപരിധി ഫെബ്രുവരി 22-ന് അവസാനിക്കും. 'ഓപ്പറേഷന്‍ ഹെറോഫ്' എന്ന് അവര്‍ വിശേഷിപ്പിക്കുന്ന സൈനിക നീക്കത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇവരെ പിടികൂടിയതെന്ന് ഗ്രൂപ്പ് അറിയിച്ചു. തടവിലാക്കപ്പെട്ടവരില്‍ ചിലര്‍ ബലൂച് വംശജരാണെന്നും പ്രാദേശിക പോലീസുമായി ബന്ധമുള്ളവരാണെന്നും തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന്, മുന്നറിയിപ്പുകള്‍ നല്‍കി അവരെ നേരത്തെ വിട്ടയച്ചതായും സംഘടന അവകാശപ്പെട്ടു.
എന്നാല്‍ ബാക്കിയുള്ള തടവുകാര്‍ പാകിസ്ഥാന്‍ സൈന്യത്തിലെ റെഗുലര്‍ യൂണിറ്റുകളില്‍ നിന്നുള്ളവരാണെന്നും, തങ്ങള്‍ 'ബലൂച് നാഷണല്‍ കോര്‍ട്ട്' എന്ന് വിശേഷിപ്പിക്കുന്ന സംവിധാനത്തിന് കീഴില്‍ ഇവരെ വിചാരണ നടപടികള്‍ക്ക് വിധേയരാക്കിയിരിക്കുകയാണെന്നും ബിഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളില്‍ യുദ്ധത്തടവുകാരെ കൈമാറാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തയ്യാറാകുകയാണെങ്കില്‍, പാക് അധികൃതരുടെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഈ സൈനികരെ കൈമാറാമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ നിലപാട്
ബിഎല്‍എയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, തങ്ങളുടെ ഉദ്യോഗസ്ഥരെ ആരെയും കാണാതായിട്ടില്ലെന്നും ആരും വിമതരുടെ കസ്റ്റഡിയിലില്ലെന്നും പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. തടവുകാരെ കൈമാറാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞു. എന്നാല്‍, ഏഴു ദിവസത്തെ അന്ത്യശാസനത്തില്‍ ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളതെന്നും ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്നും ബിഎല്‍എ ആവര്‍ത്തിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടങ്ങിയില്ലെങ്കില്‍ തടവിലാക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടേണ്ടി വരുമെന്നും വിമതര്‍ മുന്നറിയിപ്പ് നല്‍കി.
പുറത്തുവന്ന പുതിയ വീഡിയോയോട് പാക്കിസ്ഥാന്‍ സൈന്യമോ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുമ്പും പലതവണ തടവുകാരെ കൈമാറാന്‍ തങ്ങള്‍ തയ്യാറായെങ്കിലും പാക് അധികൃതര്‍ അതിന് മുതിര്‍ന്നില്ലെന്നും സ്വന്തം സൈനികരുടെ ജീവന്‍ അവര്‍ അവഗണിക്കുകയാണെന്നും ബിഎല്‍എ ആരോപിച്ചു. ബലൂചിസ്ഥാനിലെ തങ്ങളുടെ സാന്നിധ്യം 'അധിനിവേശം' ആണെന്ന വാദത്തെ പാകിസ്ഥാന്‍ നിരന്തരം തള്ളിക്കളയുന്നു. ബിഎല്‍എയെ ഒരു ഭീകര സംഘടനയായാണ് പാകിസ്ഥാന്‍ കണക്കാക്കുന്നത്. പാകിസ്ഥാനില്‍ നിരോധിക്കപ്പെട്ട ഈ വിഘടനവാദി ഗ്രൂപ്പിനെ അമേരിക്കയും യുകെയും ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആരാണ് ബലൂച്?
ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെ ഇരുവശത്തും തെക്കന്‍ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിലും താമസിക്കുന്ന സുന്നി മുസ്ലീം വിഭാഗമാണ് ബലൂച്. ഏകദേശം ഫ്രാന്‍സിന്റെ വലുപ്പമാണ് ബലൂചിസ്ഥാനുള്ളത്. ഗോത്രങ്ങളായി താമസിക്കുന്ന ഏകദേശം 90 ലക്ഷം ആളുകള്‍ ഇവിടെയുണ്ട്. കലാപത്തിന്റെ മൂലകാരണം പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ വഞ്ചനയാണ്. അവരുമായി ലയിക്കാന്‍ ആഗ്രഹിക്കാത്ത നാട്ടുരാജ്യങ്ങളിലൊന്നിന്റെ സ്വയഭരണാവകാശം ജിന്ന ആദ്യം അംഗീകരിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് റഷ്യ പോലെയുള്ള ശക്തികളില്‍ നിന്ന് തങ്ങളുടെ കൊളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അവര്‍ ഈ പ്രദേശത്തെ താവളമായി ഉപയോഗിച്ചു. എന്നാല്‍, ബലൂചികള്‍ ഇതിനെ ശക്തമായി പ്രതിരോധിച്ചു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അനുഭാവപൂര്‍ണമായ നയമാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യാ വിഭജനത്തിന് ശേഷം ബലൂച് നേതാക്കളെ പാകിസ്ഥാന്‍ തങ്ങളുമായി ലയിപ്പിക്കാന്‍ പ്രേരിപ്പിച്ചതോടെ സ്ഥിതി മാറി. ഇത് തദ്ദേശിയര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു.
വിഭജനത്തിന് ശേഷം പുതിയ രാജ്യമായ പാക്കിസ്ഥാനുമായുള്ള സൗഹൃദ ഉടമ്പടിയുടെ ഭാഗമായി 1948 മാര്‍ച്ച് വരെ ഇത് സ്വതന്ത്രമായി തുടര്‍ന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ബലൂചിസ്ഥാനെ ഒരു സ്വതന്ത്യരാജ്യമായാണ് പ്രഖ്യാപിച്ചത്. ഖരന്‍, മകരന്‍, ലാസ് ബേല, കലാത് എന്നീ നാല് നാട്ടുരാജ്യങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. വിഭജനത്തിന് മുമ്പ് ഓപ്ഷനുകളാണ് ഇവര്‍ക്ക് നല്‍കിയത്. ഒന്നുകില്‍ ഇന്ത്യയുടെ ഭാഗമാകുക, അല്ലെങ്കില്‍ പാക്കിസ്ഥാന്റെ ഭാഗമാകുക അതുമല്ലെങ്കില്‍ സ്വതന്ത്രമായി തുടരുക. കലാത്തിലെ ഖാനായിരുന്ന മിര്‍ അഹമ്മദ് യാര്‍ ഖാന്‍ അവസാനത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തപ്പോള്‍ ശേഷിക്കുന്ന മൂന്നെണ്ണം പാകിസ്ഥാനൊപ്പം ചേര്‍ന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രാന്തപ്രദേശത്തായിരുന്നതിനാല്‍ കശ്മീരിനോ ഹൈദരാബാദിനോ ഉണ്ടായിരുന്ന പ്രാധാന്യം കലാത്തിന് ലഭിച്ചിരുന്നില്ല. ജിന്നയും തുടക്കത്തില്‍ കലാത്തിന്റെ സ്വതന്ത്രമായി നില്‍ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഖാന്‍ ജിന്നയെ വിശ്വസിക്കുകയും ചെയ്തു. 1947 ഓഗസ്റ്റ് 15ന് കലാത്ത് സ്വതന്ത്ര്യം പ്രഖ്യാപിച്ചു. പക്ഷേ വിപുലീകരണ ഭരണകൂടങ്ങളുടെ ഭീഷണി കാരണം കലാത്തിനെ സ്വതന്ത്രമായി തുടരാന്‍ അനുവദിക്കുന്നത് വളരെ അപകടകരമാണെന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടു. കലാത്തിനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ പാക്കിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തി, അപ്പോള്‍ ജിന്ന കലാത്തിന് സ്വതന്ത്രമായി നില്‍ക്കാന്‍ നല്‍കിയ അനുമതിയില്‍ നിന്ന് പിന്നോക്കം പോയി.
1947 ഒക്ടോബറില്‍ പാക്കിസ്ഥാനുമായുള്ള ലയനം വേഗത്തിലാക്കാന്‍ ജിന്ന ഖാനോട് നിര്‍ദേശിച്ചു. എന്നാല്‍, ഖാന്‍ അത് നിരസിച്ചു. 1948 മാര്‍ച്ച് 18ന് ഖരന്‍, മകരന്‍, ലാസ് ബേല എന്നിവയെ പാകിസ്ഥാനുമായി കൂട്ടിച്ചേര്‍ത്തതായി ജിന്ന പ്രഖ്യാപിച്ചു. അതിനിടെ ഖാന്‍ ഇന്ത്യക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നതായുള്ള വ്യാജ വാര്‍ത്ത പരന്നു. അത് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ബലൂച് നേതാവിന് പാക്കിസ്ഥാനില്‍ ചേരുകയല്ലാതെ മാര്‍ഗമില്ലാതാക്കി.
1954ല്‍ പാക്കിസ്ഥാന്‍ തങ്ങളുടെ പ്രവിശ്യകള്‍ പുനഃസംഘടിപ്പിക്കാന്‍ വണ്‍ യൂണിറ്റ് പദ്ധതി ആരംഭിച്ചപ്പോള്‍ രണ്ടാമത്തെ കലാപം പൊട്ടിപ്പുറപ്പെട്ടു. 1955ല്‍ ബലൂചിസ്ഥാന്‍ സ്റ്റേറ്റ് യൂണിയന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ പ്രവിശ്യകളുമായി ലയിച്ചതോടെ അവഗണന കൂടുതല്‍ രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1958ല്‍ കലാത്തിന്റെ ഖാനായ നവാബ് നൗറോസ് ഖാന്‍ സ്വതന്ത്ര്യം പ്രഖ്യാപിച്ചു. എങ്കിലും 1959ല്‍ ഖാന്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
1970കളില്‍, പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതോടെ ബലൂചിസ്ഥാനും സ്വയംഭരണത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വന്നു. എന്നാല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇതിനോട് വിസമ്മതിച്ചു, ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും 1973-ല്‍ ബലൂചിസ്ഥാനിലെ അക്ബര്‍ ഖാന്‍ ബുഗ്തി പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്നത്തെ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കുകയും ചെയ്തു.
2000-കളുടെ മധ്യത്തില്‍ ബലൂചിസ്ഥാനിലെ ഒരു വനിതാ ഡോക്ടറെ സൈനിക ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും സംഘര്‍ഷം ആരംഭിച്ചു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാന്‍ ജനത സ്വയംഭരണത്തിനോ സ്വാതന്ത്ര്യത്തിനോ വേണ്ടി പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ അതിര്‍ത്തിയുടെ ഇരുവശത്തും അവര്‍ ആക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമായി കണക്കാക്കുന്നു. മറുവശത്ത് ഇറാനില്‍ ഷിയ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ബലോച് സുന്നി മുസ്ലിം ന്യൂനപക്ഷമായതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ 2011 മുതല്‍ 10,000ല്‍പരം ബലോചുകള്‍ അപ്രത്യക്ഷരായിട്ടുണ്ട്.
ഏറ്റവും വലുതും കുറഞ്ഞ ജനസംഖ്യയുള്ളതും ഏറ്റവും ദരിദ്രവുമായ പാക് പ്രവിശ്യയമാണ് ബലൂചിസ്താന്‍. ജനസംഖ്യയുടെ 70 ശതമാനവും ദരിദ്രരായി കണക്കാക്കുന്നു. സ്വര്‍ണം, വജ്രം, വെള്ളി, ചെമ്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് ഈ പ്രവിശ്യ. തദ്ദേശീയ ജനതയുടെ ഉടമസ്ഥതയിലുള്ള ഈ വിഭവങ്ങള്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് ബലൂച് ജനത അവകാശപ്പെടുന്നു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നാല്‍ എന്ത്?
2000ന്റെ തുടക്കത്തിലാണ് ബിഎല്‍എ രൂപീകൃതമായത്. ഏറ്റവും വലിയ ബലൂചിസ്ഥാന്‍ തീവ്രവാദ സംഘടനയാണത്. കൂടാതെ ബലൂചിസ്ഥാന് സ്വാതന്ത്ര്യം നല്‍കാനും ചൈനയെ പാക്കിസ്ഥാനില്‍ നിന്ന് പുറത്താക്കാനും വേണ്ടി പതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരേ കലാപം നടത്തി വരികയാണ് ഇവര്‍. പാക് സുരക്ഷാ സേനയെയും ചൈനീസ് പദ്ധതിയായ ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും ലക്ഷ്യമിട്ട് ബിഎല്‍എ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ബലൂചിസ്ഥാന്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എങ്ങനെ?
1999ല്‍ പര്‍വേസ് മുഷറഫിനെ പാക്കിസ്ഥാനില്‍ അധികാരത്തിലെത്തിച്ച സൈനിക അട്ടിമറി ബലൂചിസ്ഥാന്‍ ജനതയ്ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിച്ചു. കാരണം, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം വരുന്ന പാകിസ്ഥാനിലെ പ്രധാനപ്പെട്ട പഞ്ചാബികളുടെ താത്പര്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ സൈന്യത്തില്‍ ബലൂച് വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന് അവര്‍ കരുതുന്നു.
2002ല്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഗ്വാദര്‍ എന്ന മെഗാ തുറമുഖത്തിന്റെ നിര്‍മാണമാണ് ബലൂച് ജനതയുടെ പ്രധാന പരാതി. ഏറെ പ്രധാന്യമുള്ള പദ്ധതിയായിരുന്നിട്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഗ്വാദര്‍ വികസന പ്രക്രിയയില്‍ നിന്ന് ബലൂചികളെ ഒഴിവാക്കിയതായി അവര്‍ ആരോപിച്ചു. പദ്ധതി പൂര്‍ണമായും ഫെഡറല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. തദ്ദേശീയരെ ആശ്രയിക്കുന്നതിന് പകരം ചൈനീസ് എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയുമാണ് അവര്‍ കൂടുതലായി ആശ്രയിക്കുന്നത്.
ബലൂചിനും പാക്കിസ്ഥാന്‍ സര്‍ക്കാരിനും ഇടയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയ മറ്റൊരു കാര്യം 2006ല്‍ പാക് സൈന്യം അവരുടെ നേതാവ് നവാബ് അക്ബര്‍ ബുഗ്തയെ കൊലപ്പെടുത്തിയതാണെന്ന് ദ ഇന്റര്‍നാഷണല്‍ അഫയേഴ്സ് റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. 2008ല്‍ മുഷറഫിന്റെ സൈനിക സര്‍ക്കാരില്‍ നിന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ജനാധിപത്യ സര്‍ക്കാരിലേക്കുള്ള മാറ്റം ബലൂച് ജനതയെ സംതൃപ്തരാക്കിയില്ല. 2009ല്‍ 792 ആക്രമണങ്ങള്‍ ഉണ്ടായി. ഇതിന്റെ ഫലമായി 386 പേര്‍ മരിച്ചു. ഏകദേശം 92 ശതമാനം ആക്രമണങ്ങളും ബലൂച് തീവ്രവാദികളുമായി ബന്ധപ്പെട്ടതായിരുന്നു. 2010ല്‍ അക്രമങ്ങള്‍ വര്‍ധിച്ചു. 730 ആക്രമങ്ങളാണ് നടന്നത്. അതില്‍ 600 പേര്‍ മരിച്ചു.
അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ നേതൃത്വത്തിലുള്ള യുദ്ധമാണ് അടുത്തകാലത്തെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. അത് ബലൂചികളെ രണ്ടുതരത്തില്‍ ബാധിച്ചു. ഒന്ന് യുദ്ധം മൂലം അഫ്ഗാനിസ്താനില്‍ നിന്ന് പഷ്തൂണ്‍ അഭയാര്‍ഥികളുടെ ബലൂചിസ്ഥാനിലേക്കുള്ള ഒഴുക്കിന് കാരണമായി. ഇത് സ്വന്തം പ്രവിശ്യയില്‍ ബലൂച് ജനസംഖ്യ കുറയാന്‍ ഇടയാക്കി. രണ്ടാമതായി തീവ്രഭീകരവാദികളുടെ കടന്നുകയറ്റം പ്രവിശ്യയിലേക്ക് കൂടുതല്‍ സൈനികരെയും അര്‍ധസൈനികരെയും കൊണ്ടുവരാന്‍ കാരണമായി. അത് ബലൂച് ദേശീയവാദികളെ അസ്വസ്ഥരാക്കി. അഫ്ഗാനിസ്താനില്‍ നിന്ന് പാലായനം ചെയ്ത് എത്തിയ നിരവധി താലിബാന്‍ സൈനികര്‍ ബലൂചിസ്ഥാനില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പ്രവിശ്യ തലസ്ഥാനമായ ക്വറ്റ അല്‍ഖ്വയ്ദയുടെയും പാക്കിസ്ഥാനിലെ താലിബാന്റെയും ആസ്ഥാനമായി മാറിയിട്ടുണ്ട്. ജനുവരിയില്‍ പാക്കിസ്ഥാനെതിരേ ആക്രമണങ്ങള്‍ നടത്താന്‍ ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു ബിഎല്‍എ. ഇത് ഇറാനെയും പാക്കിസ്ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് കാരണമായി.
ബിഎല്‍എ ശക്തിപ്രാപിക്കുന്നു
അവരെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതും കാലഹരണപ്പെട്ട തന്ത്രങ്ങളെ ആശ്രയിക്കുന്നതും ബിഎല്‍എ ശക്തിപ്പെടുന്നതിന് കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു. വ്യക്തികളെ ലക്ഷ്യം വയ്ക്കുകയോ പൈപ്പ്ലൈനുകള്‍ അട്ടിമറിക്കുകയോ പോലെയുള്ള ചെറിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതില്‍നിന്ന് വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ബിഎല്‍എ വളര്‍ന്നതായി വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ബലൂചിസ്ഥാന്‍ സ്പെഷ്യലിസ്റ്റ് മാലിക് സിറാജ് അക്ബര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദികള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നേരിട്ടുള്ള നിയന്ത്രണം നല്‍കിക്കൊണ്ട് ബിഎല്‍എ അതിന്റെ കമാന്‍ഡ് ഘടനയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ബലൂചിസ്ഥാന്‍ കാര്യങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള രാഷ്ട്രീയ വിശകലന വിദഗ്ധന്‍ റാഫിയുള്ള കക്കര്‍ അല്‍ ജസീറയോട് പറഞ്ഞു.
അടുത്തിടെ ബലൂച് അക്രമത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കലാത്ത് നഗരത്തില്‍ നടന്ന ബിഎല്‍എ ആക്രമണത്തില്‍ കുറഞ്ഞത് 18 സൈനികരെങ്കിലും കൊല്ലപ്പെട്ടു. ഈ മാസം ആദ്യം കലാത്തില്‍ തന്നെ ഒരു വനിതാ ചാവേര്‍ ബോംബര്‍ സ്വയം പൊട്ടിത്തെറിച്ചു, ഒരു നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
ജാഫര്‍ എക്സ്പ്രസ് അവര്‍ നിരവധി തവണ ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ബിഎല്‍എ പോരാളികള്‍ ട്രാക്കിന്റെ ഒരു ഭാഗം നശിപ്പിച്ചിരുന്നു. ഇത് രണ്ട് മാസത്തേക്ക് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി. നവംബറില്‍, ക്വെറ്റയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു ചാവേര്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇത്തരം ആക്രമണങ്ങളുടെയും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടികളുടെയും ആഘാതം സമാധാനപരമായ പ്രവര്‍ത്തകരാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് വിദേശകാര്യ വിദഗ്ധര്‍ പറയുന്നു.
