പൊന്നാനി പീഡന പരാതി: പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കാന്‍ മജിസ്ട്രേട്ട് കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി; സുജിത് ദാസിനും ബെന്നിക്കും വിനോദിനും അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസം; പൊന്നാനി കേസിലെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി; റിപ്പോര്‍ട്ടര്‍ ടിവിയുടെ ആ കള്ള പരാതി പൊളിഞ്ഞേക്കും; മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കം വിജയത്തില്‍

Update: 2026-01-27 07:20 GMT

ന്യൂഡല്‍ഹി: പൊന്നാനിയിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസകരമായ സുപ്രീംകോടതി വിധി. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ തള്ളിക്കളയണോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം മജിസ്ട്രേട്ട് കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ ഈ നിരീക്ഷണം. ഇതോടെ, പൊന്നാനിയിലെ യുവതി നല്‍കിയ പീഡന പരാതിയില്‍ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മജിസ്ട്രേട്ട് കോടതിക്ക് നിയമപരമായ തടസ്സമില്ലെന്ന് ഉറപ്പായി. പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം പരാതിക്കാരിയുടെ വാദം കൂടി കേട്ട് മജിസ്ട്രേട്ടിന് അന്തിമ തീരുമാനമെടുക്കാം.

മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ പക തീര്‍ക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന തൃശൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ നിയമപരമായ നീക്കം ശ്രദ്ധേയമാകുന്നത്. പൊന്നാനി സ്വദേശിയായ യുവതി ഉന്നയിച്ച ബലാത്സംഗ പരാതി വ്യാജമാണെന്ന് നേരത്തെ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ചും കണ്ടെത്തിയിരുന്നു. പരാതിക്കാരിയുടെ ഉദ്ദേശ്യമനുസരിച്ച് അന്വേഷണം മുന്നോട്ട് പോകാത്തതിലുള്ള വിരോധമാണ് പീഡനാരോപണത്തിന് പിന്നിലെന്നും ഇത് ക്ലോസ് ചെയ്ത കേസാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക വാര്‍ത്താ ചാനല്‍ തന്നെ നിരന്തരം തേജോവധം ചെയ്യുകയാണെന്നും ഇതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും ബെന്നി അറിയിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെയായിരുന്നു ആരോപണം.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിവാദം കത്തിയത്. മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസ്, സി.ഐ വിനോദ് എന്നിവര്‍ക്കെതിരെയും യുവതി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ മജിസ്ട്രേട്ട് കോടതിക്ക് സുപ്രീംകോടതി വിധി കരുത്തുനല്‍കും. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും താന്‍ നൂറ് ശതമാനം നിരപരാധിയാണെന്നും വി.വി. ബെന്നി ആവര്‍ത്തിക്കുമ്പോള്‍, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് വൃത്തങ്ങളുടെ തീരുമാനം. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതോടെ മജിസ്ട്രേട്ട് കോടതിയുടെ അടുത്ത നീക്കം നിര്‍ണ്ണായകമാണ്. ഫലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം ആശ്വാസമാണ് ഈ തീരുമാനം.

ബെന്നി ഈ കേസിനോട് നേരത്തെ പ്രതികരിച്ചത് ഇങ്ങനെ

''ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീ പൊന്നാനി സി.ഐ വിനോദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് 2022ല്‍ എസ്.പിക്ക് ആദ്യം പരാതി നല്‍കിയിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ എന്നെയും സ്‌പെഷല്‍ ബ്രാഞ്ചിനെയും എസ്.പി ചുമതലപ്പെടുത്തി. രണ്ട് തലത്തില്‍ നടന്ന അന്വേഷണത്തിലും പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. തന്റെ ഉദ്ദേശ്യമനുസരിച്ച് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയില്ല എന്നുകണ്ടപ്പോഴാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്. വ്യാജാരോപണമാണ് എന്ന് തെളിഞ്ഞതോടെ ആ പരാതി അന്ന് ക്ലോസ് ചെയ്തതാണ്. ഞാന്‍ മുട്ടില്‍ മരംമുറിക്കേസ് അന്വേഷിക്കാന്‍ തുടങ്ങിയത് മുതല്‍ തേജോവധം ചെയ്യുന്ന വാര്‍ത്തകള്‍ ഒരു ചാനല്‍ നല്‍കുന്നുണ്ട്. ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും പരാതിനല്‍കിയിരുന്നു. ഞാന്‍ 100 ശതമാനം നിരപരാധിയാണ്. ഗൂഡാലോചനയെകുറിച്ച് അന്വേഷിക്കണം എന്നാണ് വി.വി. ബെന്നിയുടെ ആവശ്യം.

സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയപ്പോഴായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും 2022ലാണ് പീഡനം നടന്നതെന്നും യുവതി പറഞ്ഞിരുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചെന്നും ഇവര്‍ പറയുന്നു.

പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. തന്നെ എസ്.പിയുടെ വീട്ടില്‍ ക്ഷണിച്ചുവരുത്തിയപ്പോള്‍ അവിടെ സുഹൃത്തായ കസ്റ്റംസ് ഓഫീസറോടൊപ്പം മദ്യപിക്കുകയായിരുന്നു സുജിത് ദാസെന്നും തന്നെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇവര്‍ പറയുന്നു. ഇതെല്ലാം തെറ്റെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎസ്പി വി.വി ബെന്നി രംഗത്തു വരികയും ചെയ്തു. വീട്ടമ്മയുടെ പീഡന പരാതിക്ക് പിന്നില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഗൂഢാലോചനയാണെന്നാണ് ബെന്നി ആരോപിക്കുന്നത്. മുട്ടില്‍മരം മുറി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനല്‍ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നാണ് ആരോപണം. വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ ,ആന്റോ അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ വി.വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. മുട്ടില്‍മരം മുറി കേസ് പ്രതികള്‍ സ്വന്തം ചാനല്‍ ഉപയോഗിച്ച് തന്നെയും പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തുന്നതായി ഡിജിപിയ്ക്ക് അയച്ച കത്തില്‍ ബെന്നി വ്യക്തമാക്കിയിരുന്നു.

Similar News