ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിതക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നില്‍ ഗൂഢാലോചനാ സംശയം ഉയര്‍ത്തി പോലീസ്; കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നും വാദം
ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിതക്ക് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയെന്ന് കേസ്. ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകന്‍ ടി.പി ജുനൈദിന്റെ വാദം. മനഃപൂര്‍വമുള്ള പ്രവര്‍ത്തിയാണെന്ന് വാദിഭാഗം അഭിഭാഷകന്‍ കെപി രാജഗോപാലനും വാദിച്ചിരുന്നു.
ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. നിലവില്‍ ഷിംജിത 14 ദിവസത്തെ റിമാന്റിലാണ്.
ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബസില്‍ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയതായും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദീപക്കിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയായ ഷിജിത ബിരുദാനന്തര ബിരുദധാരിയും മുന്‍പ് വാര്‍ഡ് മെമ്പറായിരുന്ന വ്യക്തിയുമാണ്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഒരാളുടെ ആത്മഹത്യയ്ക്ക് കാരണമായേക്കാം എന്ന ബോധ്യം പ്രതിക്ക് ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
മരിച്ച ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും ശേഷം ഇതെല്ലാം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തിയിരുന്നു. അതിനിടെ ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടി കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.
