സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി; ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കും; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും. ഡിഎ, ഡിആര്‍ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് ഉത്തരവായി പുറത്തിറക്കിയത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത ഇതോടെ 22 ശതമാനമായി. പെന്‍ഷന്‍ കാരുടെ ഡി ആറിലും സമാനമായ വര്‍ധന ഉണ്ടാകും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായ നാലുശതമാനം ഡിഎ ആണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചത്. ഇനി അഞ്ചുഗഡുക്കളിലായി 13 ശതമാനം ക്ഷാമബത്ത കുടിശ്ശിക ബാക്കിയുണ്ട്. ക്ഷാമബത്തയില്‍ മൂന്നുശതമാനമുള്ള ഒരു ഗഡു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അത് 2022 ജൂലായിലെ കുടിശ്ശികയാണെന്നാണ് ജീവനക്കാരുടെ വാദം. പിന്നീട്, ആറുഗഡുക്കളിലായി 17 ശതമാനം കുടിശ്ശികയുണ്ടായിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ചത് കുടിശ്ശികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെങ്കിലും അത് 2023 ജനുവരിയില്‍ കിട്ടേണ്ട നാലുശതമാനം ഗഡുവാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേമ പെഷനുകളുടെ പുതുക്കിയ നിരക്കുകളും നവംബര്‍മാസത്തില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമ പെന്‍ഷനുകള്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. നവംബര്‍ മാസത്തെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുകയായ 2000 രൂപയോടൊപ്പം നിലവില്‍ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേര്‍ത്താണ് 3600 രൂപ നല്‍കുന്നത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെന്‍ഷന്‍ തുകയെത്തുക. 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
