തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് മിനിറ്റുകള്‍ ശേഷിക്കെ മന്ത്രിയുടെ ഉദ്ഘാടന മാമാങ്കം! പണി തീരാത്ത പാലത്തില്‍ അപ്രോച്ച് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണ ജോര്‍ജ്; ബാക്കിയുള്ളത് പെയിന്റിംഗ് മാത്രമെന്ന് പാര്‍ട്ടി സെക്രട്ടറി; പണി ബാക്കിയെന്ന് ദൃശ്യങ്ങള്‍; രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷം; കോഴഞ്ചേരിയില്‍ പ്രതിഷേധം കടുക്കുന്നു
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ, പെരുമാറ്റച്ചട്ടം തടസ്സമാകാതിരിക്കാന്‍ ഉദ്ഘാടന ചടങ്ങുകള്‍ അതിവേഗത്തിലാക്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാത്ത പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനമാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും മന്ത്രി നിര്‍വഹിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് തീരുമാനിച്ചിരുന്ന പരിപാടി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാലു മണിക്ക് നടക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നു മണിയിലേക്ക് മാറ്റുകയായിരുന്നു. റോഡ് ഷോയായെത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
അതേ സമയം പാലം ഉദ്ഘാടനം ചെയ്യുകയാണോ അതോ അപ്രോച്ച് റോഡ് മാത്രമാണോ എന്ന കാര്യത്തില്‍ ഭരണകക്ഷിക്കിടയില്‍ പോലും വ്യക്തതയില്ലെന്നതാണ് വസ്തുത. ആദ്യം പുറത്തിറക്കിയ പോസ്റ്ററുകളില്‍ 'പാലം ഉദ്ഘാടനം' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്ന ആക്ഷേപം ശക്തമായതോടെ രണ്ടാമത് ഇറക്കിയ പോസ്റ്ററില്‍ 'അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം' എന്ന് തിരുത്തി. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം പാലത്തിന്റെ മധ്യഭാഗത്തെ ആര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. അപ്രോച്ച് റോഡ് മാത്രമാണ് പൂര്‍ത്തിയായതെന്ന് സിപിഎം ഏരിയ സെക്രട്ടറി വിശദീകരിക്കുമ്പോള്‍, പെയിന്റിങ് പണി മാത്രമേ ബാക്കിയുള്ളൂ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അവകാശപ്പെടുന്നത്.
എട്ടു വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്ന പാലം പണി, തെരഞ്ഞെടുപ്പ് തൊട്ടു മുന്നിലെത്തിയപ്പോള്‍ തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ജനക്കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പണി തീരാത്ത പാലത്തില്‍ മന്ത്രിക്ക് ഉദ്ഘാടനം നടത്താന്‍ എന്ത് അവകാശമാണുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുത്തിയാല്‍ പിന്നീട് വികസന നേട്ടമായി ഇത് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന ഭയമാണ് ഈ 'അതിവേഗ' ഉദ്ഘാടനത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.