'ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടന്‍ രമേശിന്റെ കാവല്‍ കൊണ്ടാണ്; സി.പി.എം ആക്രമണങ്ങളില്‍ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു; വാക്കുകള്‍ കൊണ്ടും വിവരങ്ങള്‍ കൊണ്ടും എന്നെ സഹായിച്ച വ്യക്തി'; കാപ്പാടന്‍ രമേശന്റെ ഓര്‍മയില്‍ വിതുമ്പി കെ സുധാകരന്‍; സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുവേദിയില്‍; ചടങ്ങില്‍ നിന്നും വിട്ടുനിന്ന് സണ്ണി ജോസഫ്

Update: 2026-03-15 07:49 GMT

കണ്ണൂര്‍: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ അതി വൈകാരികമായി സംസാരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളില്‍ തന്നെ സംരക്ഷിക്കുകയും താങ്ങായി നില്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടന്‍ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവല്‍ കൊണ്ടാണെന്നും അത് പലര്‍ക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു. രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിലാണ് സുധാകരന്‍ വികാരാതീനനായത്. സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു.

വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെത്. എല്ലാ കാലഘട്ടങ്ങളിലും ഈ പാര്‍ട്ടിയുടെ ഓര്‍മയുടെ പ്രതീകമാണ് കാപ്പാടന്‍ രമേശന്‍ എന്നും സുധാകരന്‍ ഓര്‍മിച്ചു. സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരന്‍ പൊതുവേദിയിയില്‍ എത്തുന്നത്. കപ്പാടന്‍ രമേശന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനത്തിനാണ് സുധാകരന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല.

സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളില്‍ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരന്‍, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ കാപ്പാടന്‍ രമേശനെപ്പോലെയുള്ള നിരവധി പ്രവര്‍ത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കാലഘട്ടങ്ങളിലും ഈ പാര്‍ട്ടിയുടെ ഓര്‍മയുടെ പ്രതീകമാണ് കാപ്പാടന്‍ രമേശന്‍ എന്നും സുധാകരന്‍ ഓര്‍മിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരന്‍ അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ടും നിയമസഭാ സീറ്റ് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ ചൊല്ലിയും സുധാകരന്‍ അതൃപ്തിയിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ അനുസ്മരണ സമ്മേളനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താനിരിക്കെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവര്‍ത്തകരെയും ഓര്‍ത്തെടുത്ത് സുധാകരന്‍ വൈകാരികമായി സംസാരിച്ചത്.

കെ സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു കൈപ്പടം രമേശന്‍. ഹൃദയാഘാതം മൂലം 2020ലാണ് അദ്ദേഹം അന്തരിച്ചത്. കാപ്പാടന്‍ രമേശനെ ഓര്‍മിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിപ്പ് സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങളോളം തന്റെ കൂടെ നിഴലായി നിന്ന ഒരാളായിരുന്നു എന്നും വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികനായിരുന്നു രമേശന്‍ എന്നുമാണ് സുധാകരന്‍ കുറിച്ചത്. ഇന്ന് ഒപ്പമില്ലെങ്കിലും തനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി രമേശന്‍ കത്തിജ്വലിച്ചു നില്‍ക്കുന്നുവെന്നും ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ല എന്നും സുധാകരന്‍ ഓര്‍മിച്ചു.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ജീവിതയാത്രയില്‍ ചിലര്‍ ഒപ്പം നടക്കും.ചിലര്‍ ഒരു ഘട്ടത്തില്‍ പിരിഞ്ഞുപോകും.പക്ഷേ ചിലര്‍ ഉണ്ടാകും. നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവര്‍.

വര്‍ഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാള്‍,എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികന്‍, എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ശ്രീ. കാപ്പാടന്‍ രമേശന്‍. ഞാന്‍ മുന്നില്‍ നടന്നപ്പോള്‍ പിന്നില്‍ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും വിശ്വാസവും എന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു.

ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഒരു ദിവസം അദ്ദേഹം നമ്മെ വിട്ട് പോയി. ആ വാര്‍ത്ത കേട്ട നിമിഷം ഇന്നും എന്റെ മനസ്സില്‍ വേദനയായി നില്‍ക്കുന്നു. ജീവിതം മുഴുവന്‍ എനിക്കായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി ജീവിച്ച ഒരാള്‍, എനിക്കും പാര്‍ട്ടിക്കും വേണ്ടി തന്റെ സമയം, പരിശ്രമം, സ്‌നേഹം എല്ലാം നല്‍കിയ ശ്രീ. കാപ്പാടന്‍ രമേശന്‍ 2020 നവംബര്‍ ഒന്നിന്റെ പകലില്‍ മറുവാക്ക് പറയാന്‍ പോലും കാത്ത് നില്‍ക്കാതെ നമ്മെ വിട്ടുപോയത് എന്റെ ഹൃദയത്തില്‍ ഒരിക്കലും മായാത്തൊരു ശൂന്യതയായി ഇന്നും നില്‍ക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തില്‍

ഞാന്‍ എന്നോട് തന്നെയൊരു വാക്ക് നല്‍കി.

അദ്ദേഹത്തിന്റെ കുടുംബം ഇനി ഒറ്റപ്പെട്ടവരല്ല. അവര്‍ എന്റെ സ്വന്തം കുടുംബം തന്നെയാണ്. ഇന്ന് അവര്‍ക്ക് വേണ്ടി ഒരു വീട് ഉയര്‍ന്നു വന്നിരിക്കുന്നു. അത് ഒരു കെട്ടിടം മാത്രമല്ല മറിച്ച് ഒരു ഹൃദയ സ്മാരകമാണ്. എന്റെ ജീവിതത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹം നിറച്ച സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചെറിയൊരു തിരിച്ചടവ് മാത്രമാണ്.

കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ടവനെ ഓര്‍ക്കാറുണ്ട്. കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടില്‍ നിന്ന് യാത്രയാക്കുമ്പോള്‍ ശ്രീ കാപ്പാടന്‍ രമേശനെ പോലെയുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു എന്റെ ആത്മബലം.

ശ്രീ കാപ്പാടന്‍ രമേശന്‍ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യന്‍ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചാല്‍, ആ മനുഷ്യന്‍ ഒരിക്കലും മരിക്കുകയില്ല.അദ്ദേഹം നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും ജീവിക്കും.

ആ മനുഷ്യസ്‌നേഹിയുടെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്‌നേഹവും സംരക്ഷണവും എന്നും ഉണ്ടാകും.അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുക്കുവാന്‍ എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരെയും, എന്റെ പ്രസ്ഥാനത്തെയും ഞാന്‍ എന്നും നന്ദിയോടെ ഓര്‍ക്കും.

Similar News