പത്തു ദിവസം മുമ്പും അടുക്കി വച്ചു; 2025 നവംബറില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിനായി തമ്പുരാട്ടി അലമാര തുറന്നപ്പോള്‍ അറിഞ്ഞത് കവര്‍ച്ച; കള്ളന്‍ കപ്പലിലോ? കവടിയാറിലെ വന്‍ മോഷണം ദുരൂഹം; തമ്പുരാട്ടിയുടെ മുറിയിലെ അലമാര തുറന്നത് ആര്? കള്ളന്‍ കൊണ്ടു പോയത് രാജകുടുംബത്തിന് പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍

Update: 2026-03-15 06:10 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ അതീവ സുരക്ഷാ മേഖലയായ കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന രണ്ട് കോടിയുടെ മോഷണം ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ നിന്നാണ് അമൂല്യമായ ആഭരണങ്ങള്‍ കവര്‍ന്നത്. 2025 നവംബറില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിനായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം തമ്പുരാട്ടി ആദ്യം ശ്രദ്ധിക്കുന്നത്.

നവംബറില്‍ തന്നെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയെങ്കിലും, കൊട്ടാരത്തിനുള്ളില്‍ തന്നെ എവിടെയെങ്കിലും മാറി ഇരിക്കുകയാകാം എന്ന വിശ്വാസത്തിലാണ് പരാതി നല്‍കാന്‍ വൈകിയത്. എന്നാല്‍ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും തിരച്ചിലിനും ശേഷവും ആഭരണങ്ങള്‍ കണ്ടെത്താനാവാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. 2025 ഒക്ടോബറിനും നവംബറിനും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

രാജകുടുംബത്തിന് പാരമ്പര്യമായി കൈമാറി വന്നതും അത്യപൂര്‍വ്വവുമായ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളാണ് കള്ളന്‍ കൊണ്ടുപോയത്. പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത പതക്കവും ചെയിനും. എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും. ആറ് പവന്‍ തൂക്കം വരുന്ന റൂബിയും ഡയമണ്ടും പതിച്ച വളകള്‍. അഞ്ച് കുതിര പവന്‍ സ്വര്‍ണ്ണ നാണയങ്ങള്‍. പിച്ചിപ്പൂമൊട്ട് പാദസരം, സ്വര്‍ണ്ണക്കുഴിമിന്നു മാല, വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂര്‍വ്വ ശേഖരങ്ങള്‍-ഇവയാണ് നഷ്ടമായത്.

പുറത്തുനിന്നൊരാള്‍ക്ക് കൊട്ടാരത്തിന്റെ ഉള്ളറകളിലെത്തുക അസാധ്യമാണെന്നിരിക്കെ, അലമാര തുറന്നുള്ള ഈ കവര്‍ച്ചയില്‍ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന സംശയം പോലീസ് ഗൗരവമായി കാണുന്നുണ്ട്. കിടപ്പുമുറിയിലെ അലമാരയില്‍ തന്നെ മോഷണം നടന്നത് ഈ സംശയത്തിന് ആക്കം കൂട്ടുന്നു. പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരെയും കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിലെ അന്വേഷണം.

2025 ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ കവര്‍ച്ച നടന്നു എന്നാണ് പരാതി. ആഭരണങ്ങള്‍ നഷ്ടമായ വിവരം നവംബറില്‍ തന്നെ അറിഞ്ഞിരുന്നുവെങ്കിലും കൊട്ടാരത്തിനുള്ളില്‍ തന്നെ കാണുമെന്ന് കരുതിയതിനാലാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നാണ് കൊട്ടാരത്തിന്റെ വിശദീകരണം. മാസങ്ങള്‍ തിരഞ്ഞിട്ടും ആഭരണങ്ങള്‍ കിട്ടാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. രത്‌നക്കല്ലുള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബര്‍ മാസത്തില്‍ ബെംഗളൂരുവില്‍ പോകുന്നതിനു മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്.

ഇതിനു 10 ദിവസം മുന്‍പും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടര്‍ന്ന് കൊട്ടാരത്തില്‍ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News