തള്ളാന്‍ തയ്യാറായി മന്ത്രി രാജീവ് കണ്ടെത്തിയ ലിങ്ക്ഡ് ഇന്‍ തെളിവുകള്‍ വിശ്വസനീയമോ? അമേരിക്കയിലെ ടാക്‌സും പല്ലുവേദനയും നല്ല ജോലി ഉപേക്ഷിച്ചു മടങ്ങാന്‍ കാരണമായി എന്ന് മന്ത്രി പറയുന്നതിനെ കണക്കിന് കളിയാക്കി നെറ്റിസണ്‍സ്; യുകെയിലെ വിസ നിയമ മാറ്റം ഇനിയും ആയിരങ്ങള്‍ക്ക് മടങ്ങാന്‍ കാരണമാകുമ്പോള്‍ അതും മന്ത്രി ക്രെഡിറ്റ് ആക്കി മാറ്റുമോ? യുകെ സന്ദര്‍ശന സമയത്തു മന്ത്രി പ്രസാദ് പറഞ്ഞത് കൃഷി ചെയ്യാന്‍ മലയാളി ചെറുപ്പക്കാര്‍ പ്രവാസം ഉപേക്ഷിച്ചു മടങ്ങി എത്തുന്നുവെന്ന്
തള്ളാന്‍ തയ്യാറായി മന്ത്രി രാജീവ് കണ്ടെത്തിയ ലിങ്ക്ഡ് ഇന്‍ തെളിവുകള്‍ വിശ്വസനീയമോ?
ലണ്ടന്‍: അഞ്ച് മാസം മുന്‍പ് കേരള വ്യവസായ മന്ത്രി പി രാജീവ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ കേരളത്തിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ സംഭവിക്കുകയാണെന്നു പറഞ്ഞത് ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ വരെ വാര്‍ത്ത ആക്കിയിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയത് കൊണ്ട് മന്ത്രി ഇപ്പോള്‍ ആ വാദം വീണ്ടും ആവര്‍ത്തിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ അനുകൂല ചാനലെന്നു കുപ്രസിദ്ധി നേടിയ മാധ്യമത്തിന് ഇമേജ് ബില്‍ഡ് അപ്പിന്റെ ഭാഗമായി മന്ത്രി നടത്തിയ പ്രസ്താവനക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോള്‍ മഴ ഒരുക്കിയാണ് വരവേല്‍പ്പ് നല്‍കിയിരിക്കുന്നത്. പ്രധാനമായും യുഎഇ, അമേരിക്ക, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ യോഗ്യതകള്‍ ഉള്ള മലയാളികളുടെ മടങ്ങി വരവിനെയാണ് മന്ത്രി കേരളത്തിന്റെ അഭിവൃദ്ധിയുടെ സൂചകമായി എടുത്തു കാട്ടുന്നത്.
കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ 40,000 പ്രൊഫഷണല്‍ മലയാളികള്‍ മടങ്ങി എത്തി എന്നാണ് മന്ത്രി പറയുന്നത്. ഇവരൊക്കെ മടങ്ങി വരുമ്പോള്‍ ഊബര്‍, സ്വിഗി തുടങ്ങിയ മേഖലയില്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കും എന്ന പുതിയ സിദ്ധാന്തവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഈ അവകാശവാദം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും മന്ത്രി പറഞ്ഞത് ഒരിക്കല്‍ കൂടി ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നതിനാല്‍ ഇത്തവണ എങ്കിലും തന്റെ വാക്കുകള്‍ക്ക് ശ്രദ്ധ ലഭിച്ചേക്കുമോ എന്ന പ്രതീക്ഷയില്‍ കൂടിയാണ് മന്ത്രി രാജീവ്.
എന്നാല്‍ ഈ നാലു രാജ്യങ്ങളില്‍ നിന്നും ഉള്ള മലയാളി മടങ്ങി വരവിനു കാരണമാകുന്നത് അതാതു രാജ്യങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളുമായാണ് മന്ത്രി പറയുന്നതിനേക്കാള്‍ സാമ്യം കല്‍പിക്കപ്പെടുന്നത്. വരും മാസങ്ങളില്‍ ഈ മടങ്ങി വരവിന്റെ വേഗത കൂടാന്‍ ഇരിക്കവേ അന്നും മന്ത്രിയായി രാജീവ് പദവിയില്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ഒരു പക്ഷെ വീണ്ടും തന്റെ വാദം ഉയര്‍ത്തിക്കാണിക്കാന്‍ അവസരം ലഭിച്ചേക്കും. കാരണം ഇറാന്‍ യുദ്ധം അടക്കമുള്ള സാഹചര്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും സാമ്പത്തിക കെണിയില്‍ കുരുങ്ങുന്ന കമ്പനികള്‍ നടത്തുന്ന ചിലവ് ചുരുക്കലിന്റെയും ഭാഗമായി ആയിരക്കണക്കിന് തൊഴില്‍ നഷ്ടം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്ന സാഹചര്യത്തില്‍ ഇനിയും അനേകം മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണ് വരും മാസങ്ങളില്‍ കാണാനിരിക്കുന്നത്.
മന്ത്രിക്ക് കിട്ടിയ കണക്കുകള്‍ മുന്നേ സാമൂഹ്യ മാധ്യമത്തില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്തത്
പ്രൊഫഷണലുകള്‍ ഏറെയും ശ്രദ്ധിക്കുന്ന ലിങ്ക്ഡ് ഇന്‍ എന്ന സാമൂഹ്യ മാധ്യമത്തില്‍ ആറു മാസം മുന്‍പ് ചെന്നൈ ആസ്ഥാനമായ മുരുക ഗ്രൂപ്പില്‍ സിടിഒ ആയി ജോലി ചെയ്യുന്ന അരവിന്ദ് രാഘുനാഥന്‍ എന്നയാള്‍ എഴുതി പങ്കു വച്ച ലേഖനമാണ് ഒരു മാസം കഴിഞ്ഞപ്പോള്‍ കോപ്പിയടിച്ച നിലയില്‍ മന്ത്രി രാജീവിന്റെ ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ എത്തിയത്. ഇതേതുടര്‍ന്ന് മന്ത്രിയുടെ അവകാശവാദങ്ങള്‍ അന്ന് മാധ്യമങ്ങളില്‍ ഒക്കെ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം കൃഷി മന്ത്രി പ്രസാദ് യുകെ സന്ദര്‍ശനത്തിന് വന്നപ്പോഴും സമാനമായ വാദങ്ങള്‍ തന്നെ നടത്തിയിരുന്നു.
കേരളം വിട്ടവരൊക്കെ തിരിച്ചു വരുമെന്ന നിലപാട് മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വീകരിച്ച മന്ത്രി പ്രസാദ് ഒരുപടി കൂടി കടന്നു തിരിച്ചു വരുന്ന ചെറുപ്പക്കാര്‍ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് എന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇങ്ങനെ പല ചെറുപ്പക്കാരും കൃഷി രംഗത്തെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് വരെ വാങ്ങുന്ന സമയം ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ലിങ്ക്ഡ് ഇന്‍ പോലെയുള്ള സമൂഹ മാധ്യങ്ങളില്‍ എത്തുന്ന എന്തും അതി വിശ്വസനീയം അല്ലെന്നാണ് പറയപ്പെടുന്നത്. പലതും എഴുതുന്ന ആളുകളുടെ താല്‍പര്യങ്ങളും അതിശയോക്തിയും ഒക്കെ കൂടിച്ചേര്‍ന്നതുമാകാം.
മന്ത്രി രാജീവ് പറഞ്ഞ രാജ്യങ്ങളില്‍ സംഭവിക്കുന്നതെന്ത്? എല്ലാ രാജ്യങ്ങളിലും ഓരോ വിധത്തില്‍ പ്രവാസികളെ കാത്തിരിക്കുന്നത് മടുപ്പിക്കുന്ന സാഹചര്യങ്ങള്‍ തന്നെ
മന്ത്രി രാജീവ് പ്രധാനമായും അമേരിക്ക, യുകെ, സൗദി, ദുബായ് രാജ്യങ്ങളില്‍ നിന്നും മടങ്ങി എത്തിയ പ്രൊഫഷണലുകളായ ചെറുപ്പക്കാരെയാണ് തന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമായി കൂട്ടുപിടിച്ചത്. ഈ നാലു രാജ്യങ്ങളിലും അവരവരുടേതായ പ്രശ്നങ്ങള്‍ മൂലം കുടിയേറ്റക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമുള്ള കാലം ആണെന്നതാണ് വാസ്തവത്തില്‍ മലയാളി ചെറുപ്പക്കാരുടെ മടങ്ങി പോക്കിന് അടിസ്ഥാന കാരണമായി മാറുന്നത്. അത് മറച്ചു വയ്ക്കുന്ന തരത്തില്‍ കേരളത്തിന്റെ മികവ് ബോധ്യമായി ചെറുപ്പക്കാര്‍ മടങ്ങി വരുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് ചാനല്‍ അഭിമുഖം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ഇട്ട വീഡിയോക്ക് ട്രോള്‍ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോലി നഷ്ടമായി തിരിച്ചു വരുന്നവരെ പോലും മന്ത്രിക്ക് കാണാനാകുന്നില്ലേ എന്ന ചോദ്യമാണ് കമന്റുകളില്‍ നിറയുന്നത്. യുദ്ധം നടക്കുന്ന കാര്യമൊന്നും മന്ത്രി അറിയുന്നില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല. മന്ത്രി കണക്കുകള്‍ മുന്‍പും പെരുപ്പിച്ചു കാണിച്ചുവെന്ന് പറഞ്ഞു പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നവരും കൂടെയുണ്ട്.
അമേരിക്കയില്‍ വാസ്തവത്തില്‍ ട്രംപ് അധികാരമേറ്റ ശേഷം കുടിയേറ്റക്കാരെ കുറയ്ക്കാന്‍ നടത്തിയ നീക്കങ്ങള്‍ ആഗോള ശ്രദ്ധ നേടിയതാണ്. ഇത്തരം വിവരങ്ങള്‍ മന്ത്രി അറിയാതെ പോയിട്ടുണ്ടെങ്കില്‍ അദ്ദേഹം സമകാലിക സംഭവങ്ങളില്‍ അപ്‌ഡേറ്റഡ് ആകുന്നില്ല എന്ന സംശയം ബലപ്പെടുകയാണ്. പ്രൊഫഷണലുകള്‍ അടക്കം ഉള്ളവരുടെ വിസ പുതുക്കാന്‍ അനുവദിക്കാത്ത കര്‍ക്കശ നിലപാട് ട്രംപ് സ്വീകരിച്ചത് കടുത്ത കുടിയേറ്റ നിയന്ത്രണ പാതയില്‍ നീങ്ങാന്‍ മറ്റു രാജ്യങ്ങളെയും പ്രേരിപ്പിച്ചിരുന്നു. എച്ച് വണ്‍ ബി അപേക്ഷ ഫീസ് കുത്തനെ ഉയര്‍ത്തിയതും ഇനിയാരും അമേരിക്കയില്‍ ജോലി തേടി എത്തരുത് എന്ന നയത്തിന്റെ കൂടി ഭാഗമാണ്. ട്രംപ് സ്വീകരിച്ച നടപടികള്‍ മൂലം അനേകം ഇന്ത്യക്കാര്‍ മടങ്ങിയതിനെ ഉയര്‍ന്ന ടാക്സ് മൂലവും പല്ലുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ പറ്റാത്തത് കൊണ്ടും ആണ് മലയാളികള്‍ മടങ്ങുന്നത് എന്ന മട്ടിലാണ് മന്ത്രി രാജീവ് അഭിമുഖത്തില്‍ ചിത്രീകരിക്കുന്നത്. കൂട്ടത്തില്‍ കേരളത്തില്‍ പല്ലു വേദനയ്ക്ക് ഡോക്ടറെ കാണാന്‍ പ്രയാസമുണ്ടോ എന്ന ചോദ്യവും അദ്ദേഹം നടത്തുന്നുണ്ട്.
തികച്ചും സമാനമായ സാഹചര്യം തന്നെയാണ് യുകെയിലും നിലനില്‍ക്കുന്നത്. പുതിയ കുടിയേറ്റ നിയമം ഉടന്‍ പ്രഖ്യാപിക്കാനിരിക്കെ യുകെയില്‍ സ്ഥിര താമസ അവകാശം അഞ്ചില്‍ നിന്നും പത്തു വര്‍ഷമായി ഉയരും എന്ന് വ്യക്തമായിരിക്കെ അനേകം ചെറുപ്പക്കാരാണ് മറ്റു രാജ്യങ്ങളിലേക്ക് പൊയ്ക്കോണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നവരും കുറവല്ല. അനേകം പ്രൊഫഷനലുകളായ ചെറുപ്പക്കാര്‍ അടിസ്ഥാന ശമ്പളം പോലും കിട്ടുന്ന കെയറര്‍ വിസയില്‍ എത്തിയതും അവര്‍ക്കു പലര്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ വിസ പുതുക്കി നല്‍കാന്‍ തയ്യാറാകാത്തതും ഒരു കൂട്ട മടങ്ങിപ്പോക്കിലേക്കാണ് നയിക്കുന്നത്. ഒരു പക്ഷെ പതിനായിരക്കണക്കിന് മലയാളികളുടെ മടങ്ങി പോക്ക് യുകെയില്‍ നിന്നും മാത്രം സംഭവിച്ചേക്കാം. അതൊക്കെ കേരളത്തിലെ ജീവിതം മെച്ചപ്പെട്ടതുകൊണ്ടല്ല, മറിച്ചു യുകെയില്‍ നില്കാനാകില്ല എന്ന സാഹചര്യം കൊണ്ടാണ്.
സമാനമായ തരത്തില്‍ ദുബായില്‍ നിന്നും മടങ്ങുന്നവര്‍ക്കും അവരുടെതായ കാരണങ്ങളുണ്ട്. മടുപ്പിക്കുന്നതും സമ്മര്‍ദ്ദം നിറഞ്ഞതുമായ തൊഴില്‍ അന്തരീക്ഷം മുതല്‍ ചിലവേറിയ താമസവും മറ്റു ചിലവുകളും വരെ ഇതില്‍ കാരണമാകുന്നുണ്ട്. മികച്ച പ്രൊഫഷണലുകള്‍ക്ക് ദുബായില്‍ മാസം നാലു ലക്ഷം രൂപ വരെ ലഭിക്കാന്‍ സാധ്യത ഉണ്ടെങ്കിലും കരിയറില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇവിടെ അവസരങ്ങള്‍ കുറവാണ് എന്നതും ദുബായ് വിടാന്‍ പലരെയും നിര്‍ബന്ധിക്കുന്ന മറ്റൊരു ഘടകമാണ്. വര്‍ക്ക് ലൈഫ് ബാലന്‍സിംഗ് സാധിക്കുന്നില്ല എന്ന ചെറുപ്പക്കാരുടെ പരാതി ന്യു ജെന്‍ തലമുറ പണം കൊണ്ട് മാത്രം തൃപ്തരല്ല എന്നതിന്റെ കൂടി തെളിവാണ്. പ്രവാസത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചത് പലതും ഇല്ലെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന മടുപ്പില്‍ പഴയ തലമുറയെ പോലെ പിടിച്ചു നില്‍ക്കാനല്ല, വന്ന വഴിയേ മടങ്ങാനാണ് പുതു തലമുറയ്ക്ക് താല്‍പര്യം. ഇപ്പോള്‍ യുദ്ധം ദുബായ് സാമ്പത്തിക രംഗത്തിനു നല്‍കിയ തിരിച്ചടിയില്‍ നിശ്ചയമായും പ്രൊഫഷനലുകള്‍ക്കും വലിയ വില നല്‍കേണ്ടി വരും.
ഒട്ടും വ്യത്യസ്തമല്ല സൗദിയിലെ സാഹചര്യവും. എഞ്ചിനീയര്‍മാര്‍, ഐ ടി വിഭാഗം പ്രൊഫഷണലുകള്‍, അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഡിസൈനര്‍മാര്‍ തുടങ്ങി ഒട്ടേറെ പ്രൊഫഷനലുകള്‍ക്കാണ് ജോലികള്‍ നഷ്ടമാകുന്നത്. ലോകത്തെ ഞെട്ടിക്കാന്‍ സൗദി പ്രഖ്യാപിച്ച ദി ലൈന്‍ എന്ന 170 കിലോമീറ്റര്‍ നീളത്തില്‍ ഉള്ള വമ്പന്‍ നഗര പദ്ധതി അവര്‍ ഉപേക്ഷിക്കുകയാണ് എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്തു വന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ തിരക്കില്‍ കേരളത്തിലെ മന്ത്രി ഇക്കാര്യം അറിഞ്ഞിരിക്കണമെന്നില്ല.
ദി ലൈന്‍ പ്രോജക്ടിന് വേണ്ടി ഇതിനകം അനേകം ബില്യണ്‍ ഡോളറും സൗദി ഉപയോഗിച്ച് കഴിഞ്ഞു. അതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനം ഒരു പക്ഷെ അക്കാരണത്താല്‍ മാത്രം പൂര്‍ത്തിയായേക്കും. എന്നാല്‍ ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പ്രൊഫഷനുകള്‍ക്ക് ജോലി നഷ്ടത്തിന്റെ സാധ്യതകളാണ് സൗദിയില്‍ നിന്നും എത്തുന്നത്. ഇപ്പോള്‍ യുദ്ധം മുറുകിയതോടെ സൗദിയിലെ അനേകം നിക്ഷേപ പദ്ധതികള്‍ ഉപേക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. ഇതെല്ലം ചേര്‍ത്ത് വയ്ക്കുമ്പോള്‍ വരും നാളുകളില്‍ സൗദിയില്‍ നിന്നും മടങ്ങേണ്ടി വരുന്ന മലയാളി പ്രൊഫഷണലുകളുടെ എണ്ണവും ഏറെ ഉയര്‍ന്നതായിരിക്കും.
