കവടിയാര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറി; ഇരുമ്പ് അലമാരയില്‍ നിന്ന് ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ അടക്കം അമൂല്യമായ പലതും മോഷ്ടിച്ചു; കള്ളന്‍ കയറിയത് ഒക്ടോബര്‍-നവംബര്‍ മാസത്തില്‍; പോലീസില്‍ പരാതി നല്‍കിയത് ഇന്നലെ; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: മോഷ്ടിച്ചത് വിലമതിക്കാനാകാത്ത സ്വര്‍ണ്ണം

Update: 2026-03-15 04:15 GMT

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും വജ്രശേഖരവുമാണ് കവര്‍ന്നത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനും നവംബര്‍ ഒന്നിനും ഇടയിലുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരത്തിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സാധനങ്ങള്‍ എവിടെയെങ്കിലും മാറിവെച്ചതാകാമെന്ന് കരുതിയതിനാലാണ് പോലീസില്‍ വിവരം അറിയിക്കാന്‍ വൈകിയതെന്ന് പരാതിയില്‍ പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പോലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്.

അര പവന്റെ പവിഴം കോര്‍ത്ത മാല മുതല്‍ പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കം വരെ നീളുന്ന വലിയൊരു ശേഖരമാണ് മോഷണം പോയത്. എട്ടു ലക്ഷം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, ആറ് പവന്‍ തൂക്കം വരുന്ന റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വളകള്‍, പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണ്ണ പാദസരം, സ്വര്‍ണ്ണക്കുഴിമിന്നു മാല, അഞ്ച് കുതിര പവന്‍ നാണയങ്ങള്‍ എന്നിവയും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

കൂടാതെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വലിയ രണ്ട് കമ്മലുകളും തൂക്കുകളും, വിവിധ തരം സ്വര്‍ണ്ണമാലകള്‍ എന്നിവയും മോഷ്ടിക്കപ്പെട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 305 പ്രകാരം മോഷണക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. പേരൂര്‍ക്കട സബ് ഇന്‍സ്‌പെക്ടര്‍ ജെഗ്മോഹന്‍ ദത്തന്‍ ആര്‍ ആണ് കേസ് അന്വേഷിക്കുന്നത്.

കൊട്ടാരത്തിനുള്ളില്‍ കടക്കാന്‍ അനുവാദമുള്ളവരെയോ കൊട്ടാരവുമായി ബന്ധമുള്ളവരെയോ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നത്. വന്‍ ദുരൂഹതയാണ് സംഭവത്തിലുളളത്. 14ന് രാവിലെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി എത്തിയത്.



 


മോഷണം പോയ പ്രധാന വസ്തുക്കള്‍:

ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ (ഏകദേശം അര പവന്‍).

പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണ്ണ പാദസരം (ഏകദേശം 3 പവന്‍).

കറുത്ത മുത്തും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന പാദസരം (ഏകദേശം 2 പവന്‍).

വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകള്‍ (ഏകദേശം 4 പവന്‍).

വീതി കുറഞ്ഞ 2 സ്വര്‍ണ്ണ പിരിവളകള്‍ (ഏകദേശം 3 പവന്‍).

ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലുകളും തൂക്കുകളും.

പച്ച ഇനാമല്‍ ഇലയും വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണ്ണ പതക്കവും പിരി ചെയിനും (2.5 പവന്‍).

സ്വര്‍ണ്ണ കുഴിമിന്നുമാല (ഏകദേശം 5 പവന്‍).

പച്ച കല്ല് പതിപ്പിച്ച നാഗപട കമ്മലും മാലയും പതക്കവും (ഏകദേശം 8 ലക്ഷം രൂപ വില വരുന്നത്).

റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കന്‍ വളകള്‍ (ഏകദേശം 6 പവന്‍).

പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ പതക്കവും നേര്‍ത്ത ചെയിനും (ഏകദേശം 1 പവന്‍).

അഞ്ച് കുതിര പവന്‍ സ്വര്‍ണ്ണ നാണയങ്ങള്‍.

എഫ് ഐ ആറിലെ മറ്റ് വിവരങ്ങള്‍:മോഷണം നടന്ന സമയം: 2025 ഒക്ടോബര്‍ മാസത്തിനും നവംബര്‍ മാസത്തിനും ഇടയിലുള്ള ഏതോ സമയം.സ്ഥലം: കവടിയാര്‍ കൊട്ടാരത്തിലെ ആവലാതിക്കാരിയുടെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയില്‍ നിന്ന്. പരാതി നല്‍കാന്‍ വൈകിയ കാരണം: ആഭരണങ്ങള്‍ എവിടെയെങ്കിലും മാറി വെച്ചതാകാമെന്ന് കരുതിയതിനാലാണ് വിവരം അറിയിക്കാന്‍ താമസിച്ചത്. നിയമനടപടി: ഭാരതീയ ന്യായ സംഹിത (BNS) 2023 ലെ സെക്ഷന്‍ 305 പ്രകാരം പേരൂര്‍ക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

Tags:    

Similar News