വന്‍ ധാതുനിക്ഷേപമുണ്ടെങ്കിലും അതൊന്നും ഇന്നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നില്ല; ഖനിമാഫിയയുടെ ഭീഷണി ചെറുക്കാനുള്ള സംഘബലമോ കര്‍മശേഷിയോ ഇല്ലാത്തവര്‍ സൈബര്‍ തട്ടിപ്പുകാരായി; വ്യാജവിലാസത്തില്‍ എണ്ണമില്ലാ സിം കാര്‍ഡുകള്‍ കൈക്കലാക്കി 'ഓപ്പറേഷന്‍'; ജാര്‍ഖണ്ഡിലെ ഈ ജില്ലയുടെ മുദ്രാവാക്യം 'സബ്കാ നമ്പര്‍ ആയേഗാ'! രാജ്യത്തെ നടുക്കും ജംതാരയുടെ കഥ

Update: 2025-10-31 04:20 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലെ ഒരു സാധാരണ ജില്ലയാണ് ജംതാര. രാജ്യത്തെ സൈബര്‍ തട്ടിപ്പുകളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു ഈ ജംതാര. കഴിഞ്ഞ 15 വര്‍ഷത്തിനിടെ, മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് ആളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതില്‍ വിരതന്മാരായ ഏറെ പേര്‍ ഇവിടെയുണ്ട്. വിദഗ്ധരായ ഒരു കൂട്ടം യുവാക്കളാണ് ഈ ഗ്രാമത്തെ കുപ്രിസദ്ധമാക്കുന്നത്. ഈ തട്ടിപ്പുകള്‍ ഒരു സാധാരണ സാമ്പത്തിക തട്ടിപ്പ് എന്നതിലുപരി, ബാങ്ക് കവര്‍ച്ചകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള റോബറികളായി മാറുന്നു.

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയാണു ജംതാര. രാജ്യത്തെ, 70 ശതമാനത്തോളം സൈബര്‍ പണത്തട്ടിപ്പു കേസുകള്‍ക്കും പിന്നില്‍ ഈ നാട്ടിലുള്ളവരാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. കണക്ക് അനുസരിച്ച് ജനസംഖ്യയില്‍ 39 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെ. നല്ല വീടുകളും സ്‌കൂളുകളും പരിമിതമായിരുന്നു പണ്ട്. എന്നാല്‍ ഇതെല്ലാം മാറുകയാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന മൊബൈല്‍ കടകളും സൈബര്‍ കഫേകളും ഇവിടെയുണ്ട്. കേരളം ഉള്‍പ്പെടെ പതിനെട്ടോളം സംസ്ഥാനങ്ങളിലെ പൊലീസ് സംഘങ്ങള്‍ അടിക്കടി ജംതാരയിലെത്തുന്നു. വര്‍ഷങ്ങളായി ബാങ്കുകളുടെയും ഇടപാടുകാരുടെയും പേടിസ്വപ്നമാണ് ജംതാരയിലെ കള്ളന്മാര്‍. പ്രാഥമിക വിദ്യാഭ്യാസം പോലും കഷ്ടിയായ, മീശമുളയ്ക്കാത്ത പയ്യന്മാര്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ മുറികളിലിരുന്ന് മെയ്യനങ്ങാതെ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. വ്യാജവിലാസത്തില്‍ എണ്ണമില്ലാ സിം കാര്‍ഡുകള്‍ കൈക്കലാക്കിയാണ് 'ഓപ്പറേഷന്‍'. രാജ്യത്തെ പ്രമുഖ ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളുടെയെല്ലാം ശാഖകള്‍ ജംതാരയിലുണ്ട്. വ്യാജ കെവൈസി രേഖകള്‍ നല്‍കി അക്കൗണ്ട് തുറന്ന് ഇ വോലറ്റ് വഴിയും മറ്റും ലക്ഷങ്ങള്‍ കൊള്ളയടിക്കുന്ന ഒട്ടേറെ സംഘങ്ങളാണ് ഇവിടെയുള്ളത്.

രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവം പലര്‍ക്കും സൈബര്‍ തട്ടിപ്പുകളായി മാറി. സ്മാര്‍ട്ട്ഫോണുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍, ഇ-കൊമേഴ്സ്, ക്രിപ്റ്റോ കറന്‍സി തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഇന്ത്യയില്‍ വ്യാപകമായതോടെ ജംതാര തട്ടിപ്പുകളുടെ വ്യാപ്തിയും വലുതായി. കേന്ദ്രസര്‍ക്കാര്‍ 'ഡിജിറ്റല്‍ ഇന്ത്യ'യെക്കുറിച്ച് വാഴ്ത്തുമ്പോള്‍, സാധാരണ ഗ്രാമായ ജംതാരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആഡംബര ഭവനങ്ങള്‍ ഈ തട്ടിപ്പുകളിലൂടെ നേടിയെടുത്ത സമ്പത്തിന്റെ പ്രകടമായ തെളിവാണ്. പ്രമുഖ വ്യക്തികളെയും രാഷ്ട്രീയക്കാരെയും കബളിപ്പിക്കുന്നത് തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ലാഭത്തിനപ്പുറം സമൂഹത്തില്‍ ഒരു പദവിയും നല്‍കുന്നു. ജംതാരയുടെ ഈ കുപ്രസിദ്ധി 'സബ്കാ നമ്പര്‍ ആയേഗാ' (എല്ലാവര്‍ക്കും അവസരം വരും) എന്ന പേരില്‍ ഒരു നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായും പുറത്തിറങ്ങി. 2015 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേന ജംതാരയില്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെങ്കിലും, അറസ്റ്റിലായവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുകയും കേസുകള്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്യുന്നതാണ് സ്ഥിതി. അതുകൊണ്ട് തട്ടിപ്പുകാര്‍ വീണ്ടും തഴച്ചു വളരുന്നു. കുറഞ്ഞ ശിക്ഷാ നിരക്കും, നിയമനടപടികളിലെ കാലതാമസവും കാരണം ഈ സൈബര്‍ തട്ടിപ്പുകളെ തടയാന്‍ വിലങ്ങു തടിയാണ്.

പൊലീസിനുള്ളിലും തട്ടിപ്പുകാര്‍ക്കു വിവരം ചോര്‍ത്തിനല്‍കുന്നവരുണ്ട്. അപകടസൂചന ലഭിച്ചാല്‍ തട്ടിപ്പുസംഘം കാടുകളിലേക്കു മുങ്ങും. റെയ്ഡിനെത്തുന്ന പൊലീസിനുനേരെ വെടിവയ്പും കല്ലേറും അമ്പെയ്ത്തുംവരെ പതിവ്. ജംതാര ജില്ലയിലെ കര്‍മടണ്ട്, നാരായണ്‍പുര്‍ ഗ്രാമങ്ങളില്‍ നിരവധി തട്ടിപ്പുകാരുണ്ട്. തട്ടിപ്പുസംഘങ്ങളുടെ തലവനെന്നു കരുതപ്പെടുന്ന യുഗല്‍ മണ്ഡലിനെ വര്‍ഷങ്ങള്‍ക്ക് പമുമ്പ് പിടികൂടാന്‍ കഴിഞ്ഞതോടെ, ഏറെപ്പേര്‍ കുടുങ്ങി. യുഗല്‍ മണ്ഡല്‍ നിര്‍മിച്ച കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതും വാര്‍ത്തയായി. തട്ടിയെടുക്കുന്ന പണംകൊണ്ട് ആഡംബര വാഹനങ്ങള്‍ വാങ്ങാനാണു തട്ടിപ്പുകാര്‍ക്ക് ഏറെ പ്രിയം. രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് ജംതാരയെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിളഭൂമിയാക്കിയതെന്ന് പൊലീസും സാമൂഹികപ്രവര്‍ത്തകരും വിലയിരുത്തുന്നു.

വന്‍ ധാതുനിക്ഷേപമുണ്ടെങ്കിലും അതൊന്നും ഇന്നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നില്ല. ഖനിമാഫിയയുടെ ഭീഷണി ചെറുക്കാനുള്ള സംഘബലമോ കര്‍മശേഷിയോ ഇല്ലാത്തവര്‍ സൈബര്‍ തട്ടിപ്പുകാരായി മാറി. ജംതാരയുടെ അടുത്തുള്ള മധുപുരിലെ മര്‍ഗോ ഗ്രാമമാണു തട്ടിപ്പുകാരുടെ പറുദീസ. വനമേഖലകള്‍ നിറഞ്ഞ ഇവിടേക്കു യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ല. ഇവിടെയാണ് ഒളിത്താവളങ്ങള്‍. ജാര്‍ഖണ്ഡിലെ ജംതാര, ഗിരിഡി, രകാസ്‌കുട്ടോ, തുണ്ടി തുടങ്ങിയ സ്ഥലങ്ങള്‍ സൈബര്‍ തട്ടിപ്പുകാരുടെ കേന്ദ്രമാണ്. പത്താംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള യുവാക്കളെ സൈബര്‍ തട്ടിപ്പുകാരാക്കി മാറ്റാനുള്ള പരിശീലനം അവിടെ നല്‍കുന്നുണ്ട്. മിക്ക ചെറുപ്പക്കാരുടെയും ജോലിയും ഇതാണ്. ജംതാരയിലേക്ക് എത്തിച്ചേരുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഒരു ഗ്രാമം കഴിഞ്ഞാല്‍ കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്ത പ്രദേശമാണ്. റോഡെന്ന് പറയാന്‍ ഒന്നുമില്ല. ഇടുങ്ങിയ മണ്‍വഴിമാത്രമാണുള്ളത്. പോരാത്തതിന് മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശവും.

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം പോലെ ഇവിടെ എഴുത്തുംവായനയും അറിയാവുന്ന മിക്കവരുടെയും തൊഴില്‍ സൈബര്‍ തട്ടിപ്പാണ്. വലിയ സംഘം തന്നെ ഇതിന്റെ പിന്നിലുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായ അജിത് മണ്ഡല്‍ ചുരുങ്ങിയ കാലം കൊണ്ട് കോടികളാണ് സമ്പാദിച്ചത്. ജാര്‍ഖണ്ഡ്, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 13 ആഡംബര വീടുകളാണ് പ്രതിയുടെ പേരിലുണ്ടായിരുന്നത്. ധന്‍ബാദിലെ തുണ്ടിയില്‍ നാല് ഏക്കര്‍ ഭൂമിയും ഏക്കറുകണക്കിന് കല്‍ക്കരി ഖനികളും സ്വന്തമായിരുന്നു. ബാങ്കില്‍ നിന്ന് പിന്‍ ചോദിക്കുന്നതും വൈദ്യുതി ബില്‍ കുടിശികയുണ്ടെന്ന് പറയുന്നതുമൊക്കെ പഴയ തന്ത്രമായിക്കൊണ്ടിരിക്കുകയാണ്. തട്ടിപ്പിന് ഇപ്പോള്‍ പുതിയ വഴികളുണ്ട്. ഇതെല്ലാം ജംതാരക്കാര്‍ക്ക് കൊള്ളയ്ക്ക് തുണയായി മാറുകയും ചെയ്യുന്നു.

Tags:    

Similar News