മൊണലിസയെ ചതിച്ചു, സംഭവിച്ചത് ലൗ ജിഹാദാണെണ്; മകളെ മതംമാറ്റാനായി തട്ടിയെടുത്തു, തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം; മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു പിതാവ്; മകള്‍ സിനികളില്‍ പേരും പ്രശസ്തിയും ഉണ്ടാവാന്‍ സാധ്യതയുള്ളവളെന്നും പിതാവ്; വിഷയത്തില്‍ ഇടപെട്ട് ഹിന്ദു ജഗ്രന്‍ മഞ്ച് പ്രതിനിധികളും

മൊണലിസയെ ചതിച്ചു, സംഭവിച്ചത് ലൗ ജിഹാദാണെണ്; മകളെ മതംമാറ്റാനായി തട്ടിയെടുത്തു

Update: 2026-03-14 04:37 GMT

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണലിസ ബോസ്ലെയുടെ വിവാഹം ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. കേരളത്തില്‍ വെച്ചു നടന്ന വിവാഹം ലൗജിഹാദ് ആണെന്ന ആരോപണം ഉയര്‍ത്തി പരിവാര്‍ സംഘടകള്‍ രംഗത്തുണ്ട്. ഇതിനിടെ മകളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മൊണസിലയുടെ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. സംഭവിച്ചത് ലൗ ജിഹാദാണെന്നും മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്നും പിതാവ് ആരോപിക്കുന്നു.

കേരളത്തില്‍വച്ച് മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിലായിരുന്നു മൊണലിസയും നടന്‍ ഫര്‍മാന്‍ ഖാനും വിവാഹിതരായിരുന്നത്. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വിവാഹമെന്നും ഇരുവരും മതംമാറ്റം നടത്തിയിട്ടില്ലെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നുവന്ന ആരോപണങ്ങളോട് മൊണലിസയും ഫര്‍മാനും പ്രതികരിച്ചത്.

മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് മൊണലിസയുടെ പിതാവ് ജയസിങ് ബോസ്ലെ രംഗത്തെത്തിയത്. ബുധനാഴ്ച തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ചാണ് ഇരുവരും വിവാഹിതരായത്. മകളൊരു ലൗ ജിഹാദ് ഇരയാണെന്നും കബളിപ്പിച്ച് തട്ടിയെടുത്തതാണെന്നും ജയ്‌സിങ് ആരോപിക്കുന്നു. മകള്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചു വരികയായിരുന്നെന്നും ഈ മേഖലയില്‍ നല്ലൊരു പേരും പ്രശസ്തിയും ഉണ്ടാവാന്‍ സാധ്യതയുള്ളവളാണെന്നും പിതാവ് പറയുന്നു.

അതേസമയം ഹിന്ദു ജഗ്രന്‍ മഞ്ച് പ്രതിനിധികള്‍ മൊണലിസയെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൊണലിസയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹത്തിനു പിന്നാലെ പ്രായത്തെച്ചൊല്ലിയുളള തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. യുവദമ്പതികള്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതോടെ പ്രായവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നു. പിന്നാലെയാണ് ലൗ ജിഹാദുമായി ബന്ധപ്പട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനിയാണ് മൊണലിസ ഭോസ്ലെ. യുപി ബാഗ്പത് സ്വദേശിയാണ് ഫര്‍മാന്‍.

തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ ലൗ ജിഹാദ് എന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കൊണ്ടാണ് വാര്‍ത്ത സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു മൊണാലിസയും ഫര്‍മാനും. തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ മൊണാലിസക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പ്രതികരണവുമായാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്നും അതിനാല്‍ തന്നെ നിയമാനുസൃതമായി വിവാഹ പ്രായം ആയെന്നും മൊണാലിസ പറഞ്ഞു.

മധ്യപ്രദേശില്‍ നിന്ന് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്, 2008 ജനുവരി ഒന്നിന് ജനിച്ച മൊണാലിസക്ക് 18 വയസ്സ് പൂര്‍ത്തിയായതായി ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ പറഞ്ഞു. 18 വയസ്സ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ എങ്ങനെയാണ് കെ-സ്മാര്‍ട്ട് വഴി വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നും ഫര്‍ഹാന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിക്കുകയും ചെയ്തു.

'തനിക്ക് 18 വയസ്സായി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം. വിവാഹ ശേഷം മതം മാറില്ല' മൊണാലിസ പറഞ്ഞു. മൊണാലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലായെന്നും ഫര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൊണാലിസക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ല എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. 2025 ജനുവരി 21ന് മൊണാലിസ തന്റെ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുമായി ബന്ധപെട്ടപ്പോഴും അമ്മയും ഇതേകാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നയും അനില്‍ പറഞ്ഞു. ശൈശവവിവാഹത്തിന്റെയും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വിവാഹത്തിന് സൗകര്യം ഒരുക്കിയവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് അനില്‍ പറഞ്ഞു. സംഭവത്തില്‍ വ്യാജരേഖ തയ്യാറാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News