ലോകശ്രദ്ധ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ പതിഞ്ഞിരിക്കെ വെല്ലുവിളിച്ച് കിം ജോങ് ഉന്‍! ഉത്തര കൊറിയ പരീക്ഷിച്ചത് പത്തോളം ബാലിസ്റ്റിക് മിസൈലുകള്‍; ജപ്പാന്‍ തീരത്തും മിസൈലുകള്‍ പതിച്ചതോടെ ആശങ്ക; സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍
പോങ്യാങ്: ലോകശ്രദ്ധ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ പതിഞ്ഞിരിക്കെ, കിഴക്കന്‍ ഏഷ്യയെ മുള്‍മുനയിലാക്കി ഉത്തര കൊറിയയുടെ വന്‍ സൈനിക നീക്കം. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയായി ശനിയാഴ്ച പത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇതില്‍ ചില മിസൈലുകള്‍ ജപ്പാന്‍ തീരത്തിന് സമീപം പതിച്ചതായാണ് വിവരം. പ്യോങ്യാങ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സുനാന്‍ മേഖലയില്‍ നിന്നാണ് ഉച്ചയ്ക്ക് 1.20-ഓടെ മിസൈലുകള്‍ തൊടുത്തുവിട്ടതെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഏകദേശം പത്തോളം മിസൈലുകള്‍ വിക്ഷേപിച്ചതായാണ് പ്രാഥമിക കണക്കെങ്കിലും, ഇതിന്റെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിക്കപ്പെട്ടത്.
മിസൈലുകള്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (Exclusive Economic Zone) പുറത്താണ് പതിച്ചതെങ്കിലും, ജപ്പാന്‍ കടലില്‍ ഏകദേശം 2,800 മൈലിലധികം ദൂര പരിധിയില്‍ ഇവ എത്തിയത് അതീവ ഗൗരവത്തോടെയാണ് ജപ്പാന്‍ കാണുന്നത്. സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകള്‍ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നില്‍ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
ജപ്പാന്റെ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളാകാം എന്നാണ്. ദീര്‍ഘ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്നവയാണ് ബാലിസ്റ്റിക് മിസൈലുകള്‍. അതുകൊണ്ട് തന്നെ ഇതൊരു വലിയ സൈനിക ശക്തിപ്രകടനമായാണ് കണക്കാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജപ്പാന്റെ സമുദ്രാതിര്‍ത്തിക്ക് സമീപം ഏകദേശം 2800 മൈലിലധികം ദൂരത്തിലാണ് ഈ മിസൈലുകള്‍ പതിച്ചത്. ഇതോടെ മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. ഉത്തര കൊറിയയുടെ വലിയ രീതിയിലെ മിസൈല്‍ പരീക്ഷണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണെന്നും അന്തര്‍ദേശീയ പ്രതിരോധ വിദഗ്ധര്‍ പ്രതികരിക്കുന്നുണ്ട്. സാധാരണയായി അമേരിക്കയും ദക്ഷിണ കൊറിയയും വലിയ രീതിയില്‍ സൈനികാഭ്യാസം നടത്തുമ്പോഴെല്ലാം ഉത്തര കൊറിയ അതിനെ തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായാണ് കാണാറ്. ഇതിന് മറുപടിയായി അവര്‍ മിസൈല്‍ പരീക്ഷണം നടത്താറുമുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
ആദ്യ റിപ്പോര്‍ട്ടില്‍ 10 മിസൈലുകളുടെ കാര്യമാണ് പറയുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇതിലും കൂടുതല്‍ മിസൈലുകള്‍ പരീക്ഷിച്ചിരിക്കാമെന്ന് ചില സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും എല്ലാ വിക്ഷേപണങ്ങളും ഉടന്‍ പുറത്തുവിടാറില്ല. അതുകൊണ്ട് തന്നെ പിന്നീട് എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സമീപകാലത്ത് ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ മിസൈല്‍ പരീക്ഷണങ്ങളിലൊന്നായി ഇത് മാറും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നിവര്‍ക്കിടയിലുള്ള സൈനിക നീക്കങ്ങള്‍ വര്‍ധിച്ചുവരികയാണ്. മിസൈല്‍ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും മുന്നറിയിപ്പുകളും കാരണം കൊറിയന്‍ ഉപദ്വീപും കിഴക്കന്‍ ഏഷ്യയും സംഘര്‍ഷഭരിതമായ മേഖലയായി മാറിയിരിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഏഷ്യയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ അത് ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ഇനിയും വിക്ഷേപണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ദക്ഷിണ കൊറിയന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരികയാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഏഷ്യയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ തെറ്റിക്കുന്ന ഇത്തരം നീക്കങ്ങള്‍ മേഖലയെ വീണ്ടും ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
