മൊണാലിസ മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയാണ്; ഈ വിവാഹം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ല; ഇത് ഭാവിയില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കും; വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് കുടുംബം കാര്യം അറിഞ്ഞത്; മൊണലിസയുമായുള്ള വൈറല്‍ വിവാഹത്തെ തള്ളി ഫര്‍മാന്റെ പിതാവും
മൊണാലിസ മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയാണ്; ഈ വിവാഹം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ല
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലയുടെ വിവാഹം വിവാദങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറയുകയാണ്. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ സ്വദേശിയായ മൊണാലിസയെ വിവാഹം ചെയ്തത് ഉത്തര്‍ പ്രദേശിലെ ബാഗ്പത് സ്വദേശിയും നടനും മോഡലുമായ ഫര്‍മാന്‍ ഖാനാണ്. ഒരു മലയാള ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ കേരളത്തിലെത്തിയ മൊണാലിസ ഇതേ ചിത്രത്തിലെ നടനായ ഫര്‍മാന്‍ ഖാനുമായി പ്രണയത്തിലാകുകയായിരുന്നു. ആറ് മാസത്തെ പ്രണത്തിനുശേഷമാണ് വിവാഹിതരായതെന്നും മൊണാലിസയ്ക്ക് 18 വയസ് പൂര്‍ത്തിയായതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ വിവാഹത്തിലെ തള്ളി ഫര്‍മാന്റെ പിതാവ് ജാഫര്‍ അലിയും രംഗത്തുവന്നു. മൊണാലിസ മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയാണെന്നും അതിനാല്‍ ഈ വിവാഹം തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ലെന്നും ഫര്‍മാന്റെ പിതാവ് വ്യക്തമാക്കി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് കുടുംബം ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ വിവാഹത്തില്‍ ഒരു സന്തോഷവുമില്ല. പെണ്‍കുട്ടി മറ്റൊരു മതത്തില്‍പ്പെട്ട വ്യക്തിയാണ്. ഞങ്ങള്‍ മുസ്ലിം ജാട്ടുകളാണ്. ഇത് ഭാവിയില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഫര്‍മാന്‍ ഇടയ്ക്കിടെ ഗ്രാമത്തില്‍ വരാറുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകുന്ന കാര്യം ഒരിക്കലും പറഞ്ഞിട്ടില്ല. അതാണ് ഫര്‍മാന്‍ ചെയ്ത ആദ്യത്തെ തെറ്റ്. ഇതൊരിക്കലും അംഗീകരിക്കില്ല,'-ജാഫര്‍ അലി കൂട്ടിച്ചേര്‍ത്തു.
ഫര്‍മാന്റെ സഹോദരന്‍ ഷമാദും വിവാഹത്തിനെതിരെ രംഗത്തെത്തി. 'അവര്‍ സഹോദരനൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ അവന്‍ ചെയ്തത് ശരിയായില്ല. ഞങ്ങള്‍ സന്തുഷ്ടരല്ല.'-ഷമാദ് വ്യക്തമാക്കി. നേരത്തെ മകള്‍ ഇത്തരത്തില്‍ വിവാഹിതയാകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും തന്റെ മകളെ അഭിനയിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നാണ് കരുതിയതെന്നും മൊണാലിസയുടെ അച്ഛന്‍ ജയ് സിങ് ഭോസ്ലെ പറഞ്ഞിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മൊണലിസയുടെ പിതാവ് രംഗത്തെത്തിയത്. ബുധനാഴ്ച തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ചാണ് ഇരുവരും വിവാഹിതരായത്. മകളൊരു ലൗ ജിഹാദ് ഇരയാണെന്നും കബളിപ്പിച്ച് തട്ടിയെടുത്തതാണെന്നും ജയ്‌സിങ് ആരോപിക്കുന്നു. മകള്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചു വരികയായിരുന്നെന്നും ഈ മേഖലയില്‍ നല്ലൊരു പേരും പ്രശസ്തിയും ഉണ്ടാവാന്‍ സാധ്യതയുള്ളവളാണെന്നും പിതാവ് പറയുന്നു.
മൊണലിസയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹത്തിനു പിന്നാലെ പ്രായത്തെച്ചൊല്ലിയുളള തര്‍ക്കങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. യുവദമ്പതികള്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതോടെ പ്രായവുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നു. തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ ലൗ ജിഹാദ് എന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കൊണ്ടാണ് വാര്‍ത്ത സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു മൊണാലിസയും ഫര്‍മാനും. തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ മൊണാലിസക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പ്രതികരണവുമായാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്നും അതിനാല്‍ തന്നെ നിയമാനുസൃതമായി വിവാഹ പ്രായം ആയെന്നും മൊണാലിസ പറഞ്ഞു.
മധ്യപ്രദേശില്‍ നിന്ന് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്, 2008 ജനുവരി ഒന്നിന് ജനിച്ച മൊണാലിസക്ക് 18 വയസ്സ് പൂര്‍ത്തിയായതായി ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ പറഞ്ഞു. 18 വയസ്സ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ എങ്ങനെയാണ് കെ-സ്മാര്‍ട്ട് വഴി വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നും ഫര്‍ഹാന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇരുവരും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിക്കുകയും ചെയ്തു.
'തനിക്ക് 18 വയസ്സായി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം. വിവാഹ ശേഷം മതം മാറില്ല' മൊണാലിസ പറഞ്ഞു. മൊണാലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലായെന്നും ഫര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
