യുഎന്‍എ സമരത്തോട് മുഖം തിരിച്ചു നില്‍ക്കുന്നത് 21 ആശുപത്രികള്‍; ഹൈക്കോടതി മീഡിയേഷന്‍ യോഗത്തിലും യുഎന്‍എ പങ്കെടുക്കും; കോടതി ഉത്തരവിന് വിരുദ്ധമായി എന്തെങ്കിലും നടപടി ആശുപത്രി മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ സമരം തുടരുമെന്ന് ജാസ്മിന്‍ ഷാ

യുഎന്‍എ സമരത്തോട് മുഖം തിരിച്ചു നില്‍ക്കുന്നത് 21 ആശുപത്രികള്‍

Update: 2026-03-14 06:33 GMT

കൊച്ചി: ശമ്പളവര്‍ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥചര്‍ച്ചയ്ക്ക് ഹൈക്കോടതി നിര്‍ദേശിച്ചതോടെ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചിരിക്കയാണ് സംഘടന. ചര്‍ച്ചയ്ക്കായി ചൊവ്വാഴ്ച ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ ഹാജരാകാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ഭാരവാഹികളോടും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ.) ഭാരവാഹികളോടും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍ദേശിച്ചിട്ടുണ്ട്.

ചര്‍ച്ചയ്ക്ക് സമ്മതിച്ച സാഹചര്യത്തില്‍ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചവരെ നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ഇവര്‍ക്കെതിരേ മാനേജ്മെന്റ് ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയെടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ഇക്കാര്യം യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായും വ്യക്തമാക്കി.

21 ആശുപത്രികളിലാണ് യുഎന്‍എക്ക് ഇതുവരെ ധാരണയിലെത്താന്‍ സാധിക്കാത്തതെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി. ഹൈക്കോടതിയുടെ ഉത്തരവ് മാനിച്ച് കൊണ്ടാണ് 19 തീയ്യതി വരെ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ചിരിക്കുന്നത്. 16 ന് നടക്കുന്ന സര്‍ക്കാര്‍ വിളിച്ച യോഗത്തിലും, 17 ന് ചേരുന്ന ഹൈക്കോടതി മീഡിയേഷന്‍ യോഗത്തിലും യുഎന്‍എ പങ്കെടുക്കും. ധാരണയിലെത്തിയില്ലെങ്കില്‍ പണിമുടക്ക് പുനരാംരംഭിക്കും- ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ടവരെ,

21 ആശുപത്രികളിലാണ് യുഎന്‍എക്ക് ഇതുവരെ ധാരണയിലെത്താന്‍ സാധിക്കാത്തത്. ബഹു.ഹൈക്കോടതിയുടെ ഉത്തരവ് മാനിച്ച് കൊണ്ടാണ് 19 തീയ്യതി വരെ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ചിരിക്കുന്നത്.16 ന് നടക്കുന്ന സര്‍ക്കാര്‍ വിളിച്ച യോഗത്തിലും, 17 ന് ചേരുന്ന ഹൈക്കോടതി മീഡിയേഷന്‍ യോഗത്തിലും യുഎന്‍എ പങ്കെടുക്കും. ധാരണയിലെത്തിയില്ലെങ്കില്‍ പണിമുടക്ക് പുനരാംരംഭിക്കും.

ബഹു.കോടതി ഉത്തരവിന് വിരുദ്ധമായി എന്തെങ്കിലും നടപടി ആശുപത്രി മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ സമരം അവിടങ്ങളില്‍ തുടരുവാനും സംഘടന തീരുമാനിച്ചു. ഓരോ യൂണിറ്- ജില്ലാ നേത്യത്വങ്ങള്‍ക്കും സ്വന്തമായ തീരുമാനം എടുക്കുന്നതിനും അതിന് സംസ്ഥാന കമ്മറ്റി പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യും.

എസ്മ പ്രയോഗിക്കണമെന്നും,സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമൊക്കെയുള്ള മാനേജ്‌മെന്റുകളുടെ വാദം ബഹു.ഹൈക്കോടതി തളളിയതും, 19നകം സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മറ്റു ആശുപത്രികളുമായുണ്ടായ ധാരണ പ്രകാരം തീരുമാനം എടുക്കണമെന്ന കോടതി നിലപാട് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ശതകോടീശ്വരന്മാരായ കോര്‍പ്പറേറ്റ് - ജാതി-മത സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തളരാത്ത പോരാട്ട വീര്യം കാണിച്ച സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.

മറ്റു കാര്യങ്ങള്‍, കോടതിയില്‍ ഉണ്ടായ കാര്യങ്ങള്‍ വിശദമായി ലൈവില്‍ വരാം.

Tags:    

Similar News