നടുക്കടലിൽ നിന്നും ഡോക്കിംഗ് പോയിന്‍റിലേക്ക് തീഗോളം പോലെ ഒരു വസ്തു; ഭയത്തോടെ അലറിവിളിക്കുന്ന ആളുകൾ; നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകർ അടക്കം സ്പോട്ടിലെത്തി; നൈൽ നദിയിലൂടെ യാത്രക്കാരുമായി കുതിച്ച യാത്രക്കപ്പലിന് തീ പിടിച്ച് വൻ അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

Update: 2025-10-31 07:29 GMT

ലക്‌സർ: ഈജിപ്തിലെ പ്രശസ്തമായ നൈൽ നദിയിൽ 200-ൽ അധികം യാത്രക്കാരുമായി സഞ്ചരിച്ചുവന്ന "ഐബറോട്ടൽ ക്രൗൺ എംപ്രസ്" എന്ന ക്രൂയിസ് കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 220 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ലക്‌സറിൽ നിന്ന് 12 ദിവസത്തെ യാത്ര ആരംഭിച്ച കപ്പലിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീപിടിച്ചത്.

ലക്‌സറിനും എഡ്ഫു നഗരത്തിനുമിടയിൽ നദിയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നുതുടങ്ങിയത്. തീ നിയന്ത്രണാതീതമായി വ്യാപിക്കുന്നതിന്റെയും കപ്പൽ പൂർണ്ണമായും അഗ്നിക്കിരയാകുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കപ്പലിന്റെ ഗാലിയോ (അടുക്കള) ഭാഗത്തുനിന്നാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തീപടർന്ന ഉടൻതന്നെ കപ്പലിലെ ജീവനക്കാർ ഉടനടി പ്രതികരിക്കുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയുമായിരുന്നു. ആദ്യം യാത്രക്കാരെ കപ്പലിന്റെ മുകൾ ഡെക്കുകളിലേക്ക് മാറ്റുകയും, പിന്നാലെ കപ്പൽ സമീപത്തുണ്ടായിരുന്ന ഒരു ഡോക്കിംഗ് പോയിന്റിലേക്ക് അടുപ്പിക്കാൻ സാധിക്കുകയും ചെയ്തു. ഇതിലൂടെ യാത്രക്കാരെ കരയിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. ഇതിനിടെ, തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി സമീപത്തുണ്ടായിരുന്ന രക്ഷാപ്രവർത്തക സംഘമെത്തി.

രക്ഷപ്പെട്ട യാത്രക്കാർ പറയുന്നതനുസരിച്ച്, തീ പടർന്നുതുടങ്ങിയപ്പോൾ ആളുകളെ ഒഴിപ്പിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. കരയിൽ നിന്നെത്തിയ ചെറിയ ബോട്ടുകളിലും മറ്റുമായി നിരവധിപേർ രക്ഷപ്പെട്ടു. യാത്രക്കാർക്ക് തങ്ങളുടെ വിലപിടിച്ച വസ്തുക്കളോ മറ്റ് സാമഗ്രികളോ എടുക്കാൻ സമയം ലഭിച്ചില്ല.

കപ്പൽ ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ, തീപിടുത്തത്തിനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

നൈൽ നദിയിലെ ഈ സംഭവം ടൂറിസം മേഖലയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ഈജിപ്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള ക്രൂയിസ് യാത്രകൾക്ക് പേരുകേട്ട മേഖലയിലാണ് അപകടമുണ്ടായത്.

Tags:    

Similar News