വിദേശപഠന വാഗ്ദാനം പാലിച്ചില്ല; ഏജന്‍സിക്ക് 1.24 ലക്ഷം രൂപ പിഴയടിച്ച് ഉപഭോക്തൃ കോടതി; എറണാകുളത്തെ എബിസി സ്റ്റഡി ലിങ്കിനെതിരെയുള്ള പോരാട്ടം ജയിച്ച് പാതിരാപ്പിള്ളിയിലെ അജീഷ് മോന്‍

പരാതിക്കാരന്‍ സാമ്പത്തികമായ ബുദ്ധിമുട്ട് മാത്രമല്ല ഏറെ മന:ക്ലേശവും അനുഭവിക്കേണ്ടി വന്നുവെന്ന് കോടതി വിലയിരുത്തി

Update: 2024-09-20 12:17 GMT


കൊച്ചി: വിദേശപഠനവും ജോലിയും ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണം മുടക്കിയെങ്കിലും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയില്‍ കര്‍ശന നടപടിയുമായി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. സ്‌കോളര്‍ഷിപ്പോടെ പഠനം വാഗ്ദാനം ചെയ്ത് ഫീസായി 59,000 രൂപ കൈപ്പറ്റിയ ശേഷം മറ്റൊരു കോഴ്‌സില്‍ ചേരാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഏജന്‍സിയുടെ സേവനത്തിലെ അധാര്‍മികമായ വ്യാപാര രീതിയും ന്യൂനതയുമാണെന്ന് നിരീക്ഷിച്ചാണ് ഡി.ബി.ബിനു പ്രസിഡന്റും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഏജന്‍സിക്ക് പിഴ ചുമത്തിയത്.

ആലപ്പുഴ പാതിരാപ്പിള്ളി സ്വദേശി അജീഷ് മോന്‍ സി.റ്റി, എറണാകുളത്തെ എ.ബി.സി. സ്റ്റഡി ലിങ്ക് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. റോബോട്ടിക്‌സ് ആന്‍ഡ് മെക്കാട്രോണിക്‌സ് എന്ന് എന്ന പിജി കോഴ്‌സില്‍ ചേരാമെന്ന് വിശ്വസിപ്പിച്ചാണ് ഏജന്‍സി അജീഷില്‍ നിന്ന് ആദ്യ ഗഡു ഫീസ് വാങ്ങിയത്. എന്നാല്‍ ഇതില്‍ ചേരാനുള്ള യോഗ്യതയില്ലെന്ന് പിന്നീട് അറിയിച്ച് മറ്റൊരു കോഴ്‌സിന് സീറ്റ് ഓഫര്‍ ചെയ്തു. ഇതില്‍ സംശയം തോന്നിയ അജീഷ് മറ്റ് ഏന്‍സികള്‍ വഴി നടത്തിയ അന്വേഷണത്തില്‍ എ.ബി.സി. സ്റ്റഡി ലിങ്കിന്റെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു.

ഫീസിന് പുറമെ, ഐഇഎല്‍ടിഎസ് സ്‌കോര്‍ ഉയര്‍ത്തുന്നതിന് എന്ന പേരില്‍ 20,000 രൂപ കൂടി വാങ്ങിയിരുന്നു. ഇതിനും ശേഷമാണ് കോഴ്‌സ് മാറ്റം ആവശ്യപ്പെട്ടത്. വിദേശപഠനവും തുടര്‍ന്ന് ജോലിയും പ്രതീക്ഷിച്ച് പണം മുടക്കിയ വിദ്യാര്‍ത്ഥിയുടെ ശ്രമങ്ങളെല്ലാം ഇതോടെ വ്യഥാവിലായി. കടം വാങ്ങിയ പണത്തിനു പലിശ കൂടി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. ഇതോടെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

പരാതിക്കാരന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനാണ് സമീപിച്ചതെന്ന് എതിര്‍കക്ഷി ബോധിപ്പിച്ചു. അഡ്മിഷന്‍ ലഭിക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. കിട്ടിയില്ലെങ്കില്‍ പിന്നെ പണം തിരിച്ചു നല്‍കില്ല എന്നും നേരത്തെ പറഞ്ഞിരുന്നു. പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും പിന്നീട് അത് റദ്ദാക്കാനാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. അത് രേഖാമൂലം നല്‍കാന്‍ തയ്യാറായില്ല. തങ്ങള്‍ കാരുണ്യ പ്രവര്‍ത്തനമല്ല മറിച്ച് ബിസിനസ് ആണ് നടത്തുന്നതെന്നും അതിനാല്‍ ലഭിച്ച സര്‍വീസ് ചാര്‍ജ് തിരിച്ചുനല്‍കാന്‍ കഴിയില്ലെന്നും എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഈ വാദങ്ങളെല്ലാം തളളിക്കൊണ്ടാണ് കോടതിയുടെ ഇടപെടല്‍. 'വിദേശ പഠനവും ജോലിയും എന്ന ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്നം എതിര്‍കക്ഷിയുടെ സേവനത്തിലെ ന്യൂനത മൂലം നിഷ്ഫലമായി എന്നതാണ് പരാതി.പരാതിക്കാരന്‍ സാമ്പത്തികമായ ബുദ്ധിമുട്ട് മാത്രമല്ല ഏറെ മന:ക്ലേശവും അനുഭവിക്കേണ്ടി വന്നുവെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഫീസായി നല്‍കിയ 59,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തില്‍ 15,000 രൂപയും ഒരു മാസത്തിനകം വിദ്യാര്‍ത്ഥിക്ക് നല്‍കാനാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. മിഷേല്‍ എം ദാസന്‍ ഹാജരായി.

Tags:    

Similar News