തൃശൂര്‍പൂരം അലങ്കോലമാക്കിയതില്‍ അന്വേഷണം നടന്നില്ലെന്ന വിവരാവകാശ രേഖ കണ്ട് ഞെട്ടി സുനില്‍കുമാര്‍; നടപടി ഇല്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നു പറയുമെന്ന് സിപിഐ നേതാവ്; പൂരത്തില്‍ അവ്യക്ത തുടരുമ്പോള്‍

ഇതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ലെന്നും സുനില്‍ കുമാര്‍

Update: 2024-09-20 09:02 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കിയെന്ന വിവാദത്തില്‍ കടുത്ത നിലപാടുമായി വിഎസ് സുനില്‍ കുമാര്‍. ഈ സംഭവം സംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാതിരുന്നാല്‍ തനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയുമെന്ന് സിപിഐ നേതാവ് കൂടിയായ വി.എസ്. സുനില്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി. പൂരം കലക്കിയതില്‍ സംബന്ധിച്ച് അന്വേഷണമൊന്നും നടന്നില്ലെന്ന വിവരാവകാശ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തൃശ്ശൂരില്‍ ഇടത് സ്ഥാനാര്‍ഥിയായിരുന്ന, സിപിഐ നേതാവ് കൂടിയായ വി.എസ് സുനില്‍കുമാറിന്റെ രൂക്ഷമായ പ്രതികരണം.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത് കേരള സര്‍ക്കാരും മുഖ്യമന്ത്രിയുമാണെന്നും അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയ ശേഷം വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച രേഖ ആവശ്യപ്പെടുമ്പോള്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് മറുപടി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. അങ്ങേയറ്റം അപലപനീയമാണ് അതെന്നും സുനില്‍ കുമാര്‍ തുറന്നടിച്ചു. ഇതിനെ സംബന്ധിച്ച് വിവിധ ദേവസ്വം ബോര്‍ഡുകളുടെ അധികൃതരില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ മൊഴിരേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ നാടകമായിരുന്നോ? ആര്‍ക്ക് വേണ്ടിയാണ് ചെയ്തത്? ഇത്രയും വലിയൊരു പ്രശ്നം ഈ നിലക്കാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കില്‍ ഗുരതരമാണെന്ന് മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടത് വളരെ യാദൃച്ഛികമായ ഒരു കാര്യം മാത്രമാണെന്ന് ചില ആള്‍ക്കാര്‍ വ്യാഖ്യാനം നടത്തുന്നുണ്ട്. പക്ഷെ എനിക്ക് അങ്ങനെ പറയാന്‍ കഴിയില്ല. അതിന് പിന്നില്‍ ആസൂത്രിതമായി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ട്. അലങ്കോലപ്പെടുത്തിയവര്‍ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉണ്ടായിരിന്നു. പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല അതില്‍ പങ്കാളികള്‍. അതിന് പിന്നിലുള്ളവര്‍ മുഴുവന്‍ പുറത്തുവരണമെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ഇതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യമല്ലെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

ഇക്കാര്യം സംബന്ധിച്ച് താന്‍ നേരിട്ട് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാന്‍ പോകുകയാണെന്നും. പല പോലീസ് ഉദ്യോഗസ്ഥരും അന്വേഷണം നടന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും സുനില്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി. ഇതില്‍ യാതൊരു നടപടികളുമില്ലാതെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയും. അത് പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. സ്ഥാനാര്‍ഥി എന്ന നിലയിലുള്ള എന്റെ ആശങ്കയല്ല. ഒരു തൃശ്ശൂര്‍കാരനെന്ന നിലയിലാണ് ഞാന്‍ ഇത് ആവശ്യപ്പെടുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

സാങ്കേതിക കാരണം പറഞ്ഞാണ് തൃശ്ശൂര്‍ കമ്മിഷണര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് നടപടി ഒന്നും എടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറ്റിയ ശേഷമാണ് കമ്മിഷണറെ സ്ഥലംമാറ്റിയത്. കമ്മിഷണറെ സ്ഥലംമാറ്റേണ്ടതില്ലെന്ന് ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ച ആളാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. കൂടാതെ ഒരാഴ്ചയില്‍ തീരേണ്ട അന്വേഷണം അഞ്ചാം മാസത്തില്‍ എത്തിയപ്പോള്‍ പോലീസ് സേനയിലും കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിവാദം വീണ്ടും ചര്‍ച്ചയായതോടെ തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ അതേസമയം, അന്വേഷണം പൂര്‍ത്തിയായി എന്നാണ് എഡിജിപി അറിയിക്കുന്നത്. മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തി എന്നും ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഉടനെ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എഡിജിപി അജിത് കുമാര്‍ ഈ വിവാദങ്ങളോട് പ്രതികരിച്ചത്.

ഇതിനിടെ തൃശൂര്‍ പൂരം കലക്കിയതിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തെയും എഡിജിപി എം ആര്‍ അജിത് കുമാറിനേയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. ഒരു കള്ളനെ പിടികൂടാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിച്ചത് പോലെയാണ് അന്വേഷനാം എന്നാണ് സുരേഷ് ഗോപി ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനം. വിരമിച്ച ജഡ്ജിയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണമില്ല എന്ന വിവരാവകാശ റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിച്ച ശേഷം മറുപടി പറയാമെന്നും, ഇക്കാര്യത്തില്‍ എടുത്തുചാടി മറുപടി പറയില്ലെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോലീസിന്റെ ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയരുകയും ചെയ്തിരുന്നു. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് ദൃശ്യങ്ങളില്‍ തന്നെ വ്യക്തമായതാണ്. 'എടുത്തുകൊണ്ടു പോടാ നിന്റെ പട്ട' എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണര്‍ കയര്‍ക്കുന്നതടക്കം ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം.

Tags:    

Similar News