കടയിലേക്ക് അതിക്രമിച്ച് കയറിയുള്ള അക്രമം വീഡിയോയില്‍; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കേസെടുത്ത് പോലീസ്; കൗണ്ടര്‍ പരാതി നല്‍കി ജില്ലാ പഞ്ചായത്ത് അംഗം

ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കി

Update: 2024-09-20 14:22 GMT

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ വെള്ളനാട് ശശി കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്‌തെന്ന് പരാതി.

തട്ടുകടയുടെ ബോര്‍ഡ് റോഡില്‍ നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. അരുണി കടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ ഭാര്യ സുകന്യ, അമ്മ ഗീത എന്നിവരുമായി ശശി തര്‍ക്കിച്ചു. ഇത് കൈയ്യാങ്കളിയിലേക്ക് കടന്നു. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കയ്യില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിഞ്ഞു. ഈ വീഡിയോ പുറത്തു വ്ന്നു.

കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കടയുടമ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്‍കി. അരുണിന്റെ അമ്മ ഗീതയുടെ പരാതിയില്‍ ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുട്ടിയെ കയ്യേറ്റം ചെയ്തതിനും കേസുണ്ട്.

റോഡില്‍ നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്ന് ശശി പറയുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയതാണ് ശശി. വെള്ളനാട്ടെ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു ശശി. ഈ പദവി രാജിവച്ചാണ് സിപിഎമ്മില്‍ എത്തിയത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വെള്ളനാട് ശശി ജയിക്കുകയും ചെയ്തു. ശശിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News