കാൽ വഴുതി വീണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റു; രക്ഷിക്കാനെത്തിയ കൂട്ടുകാരനും അപകടത്തിൽപ്പെട്ടു; വടി ഉപയോഗിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി മണ്ണാർക്കാടുകാരൻ മുഹമ്മദ് സിദാൻ; ആത്മധൈര്യം രക്ഷിച്ചത് രണ്ട് ജീവനുകൾ; കൊച്ചുമിടുക്കന് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം

Update: 2025-12-27 07:22 GMT

ന്യൂഡൽഹി: വൈദ്യുതാഘാതമേറ്റ കൂട്ടുകാരെ രക്ഷിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് സിദാന് രാജ്യത്തെ പരമോന്നത ബാലപുരസ്കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് സിദാൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ വർഷം കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക കുട്ടിയാണ് സിദാൻ. കോട്ടോപ്പാടം കൊടുവാളിപ്പുറത്ത് കല്ലായത്ത് വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്-ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകനാണ് സിദാൻ.

2024 ഡിസംബർ 18-ന് നടന്ന അപകടത്തിൽ രണ്ട് കൂട്ടുകാരുടെ ജീവൻ രക്ഷിക്കുകയായിരുന്നു മുഹമ്മദ് സിദാൻ. അർധവാർഷിക പരീക്ഷ എഴുതാനായി സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് സിദാന്റെ കൂട്ടുകാരൻ മുഹമ്മദ് റജിഹിന് ഷോക്കേറ്റു. പ്ലാസ്റ്റിക് ബോട്ടിൽ കളിക്കുന്നതിനിടെ അത് അടുത്ത പറമ്പിലേക്ക് വീണു. ഇത് എടുക്കാനായി മതിലിൽ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ മുഹമ്മദ് റാജിഹ് എന്ന കൂട്ടുകാരൻ കാൽ വഴുതി തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് കരിയറിന്റെ ഇടയിൽ കൈ കുടുങ്ങുകയുമായിരുന്നു.

മറ്റൊരു കൈകൊണ്ട് വലിക്കാൻ ശ്രമിച്ചപ്പോൾ റാജിഹിന് ഷോക്കേറ്റു. രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു കൂട്ടുകാരൻ ഷഹജാസിനും ഷോക്കേൽക്കുകയായിരുന്നു. അപകടം കണ്ടയുടൻ സിദാൻ ഓടിയെത്തി. സമീപത്തുണ്ടായിരുന്ന ഉണങ്ങിയ വടി ഉപയോഗിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി ഇരുവരേയും രക്ഷപ്പെടുത്തുകയായിരുന്നു. സിദാന്റെ മനസാന്നിധ്യവും അവസരോചിതമായ ഇടപെടലും കാരണം രണ്ട് ജീവനുകളാണ് രക്ഷപ്പെട്ടത്. സ്വന്തം ജീവനെക്കുറിച്ച് പോലും ഓർക്കാതെ കൂട്ടുകാരനെ രക്ഷിക്കാൻ കാണിച്ച ധീരതയ്ക്ക് സിദാന് പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു.

വീട്ടിൽ മുൻപുണ്ടായ ഒരു അപകടത്തിൽ നിന്നാണ് ഷോക്കേറ്റാൽ ഉണങ്ങിയ വടി കൊണ്ട് അടിക്കണമെന്ന അറിവ് സിദാന് ലഭിച്ചത്. കോട്ടോപ്പാടം കൊടുവാളിപ്പുറത്തെ കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും പതിനൊന്നുകാരനായ മകനാണ് മുഹമ്മദ് സിദാൻ. മകൻ രാഷ്ട്രപതിയുടെ കൈയിൽ നിന്ന് പുരസ്കാരം വാങ്ങുന്നത് ഉമ്മയും അമ്മൂമ്മയും സഹോദരങ്ങളും മൊബൈൽ ഫോണിലൂടെ തൽസമയം കണ്ടത് അവർക്ക് വലിയ അഭിമാന നിമിഷമായി. സംഭവത്തിനു ശേഷം മന്ത്രി വി. ശിവൻകുട്ടി ഫോണിൽ വിളിച്ച് സിദാനെ അഭിനന്ദിച്ചിരുന്നു. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സിദാൻ. പുരസ്കാര വിതരണ ചടങ്ങിന് ശേഷം സിദാൻ പ്രധാനമന്ത്രിയുമായി സംവദിക്കുകയും ചെയ്തു.

Tags:    

Similar News