അന്ന് പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരൊറ്റ മറുപടി നൽകിയില്ല; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വരെ വൈകിപ്പിച്ചു; മാധ്യമങ്ങളിൽ വാർത്ത വന്നത്കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും ആയത്..!! സംവിധായകൻ ഹോട്ടൽ മുറിയിൽ വച്ച് കടന്നുപിടിച്ചുവെന്ന ആ പരാതി; സിസ്റ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ഡബ്ള്യുസിസി; കുഞ്ഞുമുഹമ്മദിനെതിരെ സോഷ്യൽമീഡിയയിൽ പൊരിഞ്ഞ ചർച്ച
തിരുവനന്തപുരം: മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സെലക്ഷൻ സ്ക്രീനിങ്ങിനിടെ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ, സർക്കാരിനും പോലീസിനും എതിരെ രൂക്ഷ വിമർശനവുമായി വുമൺ ഇൻ സിനിമ കളക്ടീവ് (WCC). അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും WCC സാമൂഹിക മാധ്യമ പോസ്റ്റിലൂടെ ആരോപിച്ചു.
നവംബർ 25-ന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് WCC ചൂണ്ടിക്കാട്ടി. നവംബർ 30-ന് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് എട്ടുദിവസം വൈകിപ്പിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ മാത്രമാണ് പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയതെന്നും സംഘടന കുറ്റപ്പെടുത്തി.
ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവർ അതിജീവിതയ്ക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കുഞ്ഞുമുഹമ്മദിന്റെ പേര് ഹാൻഡ്‌ബുക്കിൽ നിന്ന് നീക്കം ചെയ്തതല്ലാതെ, ഐഎഫ്എഫ്കെ വേദിയിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'സീറോ ടോളറൻസ്' പോളിസി ഉൾപ്പെടെയുള്ള ദീർഘകാല പരിഹാരങ്ങൾ നടപ്പിലാക്കിയില്ലെന്നും WCC ആരോപിക്കുന്നു.
അതിജീവിതയ്‌ക്കൊപ്പം നിൽക്കുമെന്ന് ഭരണപക്ഷത്തെ സ്ത്രീ നേതാക്കൾ പറയുമ്പോഴും മറുവശത്ത് ഭരണപക്ഷ പ്രതിനിധികളും സിനിമയിലെ മുതിർന്ന പ്രവർത്തകരും പ്രതിയുടെ പ്രായവും ആരോഗ്യവും പരിഗണിച്ച് പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും WCC വെളിപ്പെടുത്തി.
ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും ചലച്ചിത്ര മേള കഴിയുന്നത് വരെ അറസ്റ്റ് വൈകിപ്പിച്ചതായും ആരോപണമുണ്ട്. ഈ സംഭവത്തിൽ അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ഭരണസംവിധാനങ്ങൾ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നുമാണ് WCC ഉന്നയിക്കുന്ന പ്രധാന വിമർശനം.