പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, നിങ്ങള്‍ ആ കൂകി വിളിക്ക് അര്‍ഹനല്ല; കോഴിക്കോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യുഎന്‍എ; കാര്യം മനസ്സിലാകാത്ത ചിലരുടെ പ്രതികരണമെന്ന് ക്ഷമ ചോദിച്ച ജാസ്മിന്‍ ഷാ; നഴ്സുമാരുടെ സമരം ശക്തമായി തുടരുന്നു
മന്ത്രിയോട് ക്ഷമ ചോദിച്ച് ജാസ്മിന്‍ ഷാ
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉദ്ഘാടനത്തിനിടെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നഴ്സുമാര്‍ കൂകിവിളിച്ച സംഭവത്തില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (UNA) ഖേദം പ്രകടിപ്പിച്ചു. മന്ത്രി ആ കൂകിവിളിക്ക് അര്‍ഹനല്ലെന്നും, ഉണ്ടായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുന്നുവെന്നും യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ വ്യക്തമാക്കി.
കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന നഴ്സുമാര്‍ക്കിടയിലൂടെ മന്ത്രിയുടെ റോഡ് ഷോ കടന്നുപോയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ മന്ത്രിയെ കൂകിവിളിക്കുകയായിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലെന്നും ആരോ ഒരാള്‍ തുടങ്ങിയത് മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയായിരുന്നുവെന്നുമാണ് സംഘടനയുടെ വിശദീകരണം.
മാര്‍ച്ച് 4-ന് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന നഴ്സുമാരുടെ കണ്‍വെന്‍ഷന് ടൂറിസം വകുപ്പ് ആദ്യം അനുമതി നല്‍കിയെങ്കിലും തലേദിവസം അത് റദ്ദാക്കിയിരുന്നു. ടൂറിസം വകുപ്പിന്റെ ഈ നടപടിക്ക് പിന്നില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണെന്ന വിവരം നഴ്സുമാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. മാനേജ്മെന്റുകളേക്കാള്‍ കടുത്ത രീതിയില്‍ സൈബര്‍ പോരാളികള്‍ സംഘടനയെയും നേതാക്കളെയും ആക്രമിക്കുന്നത് വനിതാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭരണപക്ഷ നേതാക്കളോട് വിരോധം വളരാന്‍ കാരണമായിട്ടുണ്ടെന്ന് ജാസ്മിന്‍ ഷാ ചൂണ്ടിക്കാട്ടി.
ജാസ്മിന്‍ ഷായുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്,
നിങ്ങള്‍ ആ കൂകി വിളിക്ക് അര്‍ഹനല്ല... ഇന്ന് ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോള്‍ സമരപന്തലിലെ എന്റെ സഹപ്രവര്‍ത്തകര്‍ താങ്കളെ കൂകി വിളിച്ച വാര്‍ത്ത ചില ചാനലുകളിലൂടെ ഞാന്‍ കണ്ടു. തീര്‍ത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്. ഈ വിഷയത്തെ കുറിച്ച് ഞാന്‍ സമര ഭടന്മാരോടു അന്വേഷിച്ചപ്പോള്‍ ആരോ കൂകി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലര്‍ അത് വലിയ വാര്‍ത്തയാക്കി.
തിരുവനന്തപുരത്ത് മാര്‍ച്ച് 4 ന് നടക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന നഴ്‌സുമാരുടെ കണ്‍വെന്‍ഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാല്‍ സമരത്തിന്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. എന്നാല്‍ ഇത് നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിന്റെയും ഇടപെടല്‍ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തില്‍ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങള്‍ ഒന്നും അറിയാത്തവരായിരുന്നു പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.
സൈബര്‍ പോരാളികളായ ചിലര്‍ മാനേജ്‌മെന്റുകളേക്കാള്‍ ശകതമായ രീതിയില്‍ എനിക്കെതിരെയും, യുഎന്‍എക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നത് സംഘടനാ അംഗങ്ങള്‍ക്കുള്ളില്‍ ശകതമായ എതിര്‍പ്പ് ആ പാര്‍ട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവര്‍ത്തകര്‍ക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരില്‍ ആ പാര്‍ട്ടിയിലെ നേതാക്കളോടുള്ള എതിര്‍പ്പായി മാറുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിന്റ യാത്ര അത് വഴി കടന്നു പോവുകയും അരോ ഒരാള്‍ ( സംഘടനക്ക് ഉള്ളിലുളള ആളല്ല ) കൂവുകയും അത് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഏറ്റു കൂവുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തത്. ഞാന്‍ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്റെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്യം ഞാന്‍ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു.
സ്‌നേഹത്തോടെ,
Jasminsha
അതേസമയം, സ്വകാര്യ ആശുപത്രി മേഖലയില്‍ നഴ്സുമാരുടെ സമരം അഞ്ചാം ജില്ലകളിലും ശക്തമായി തുടരുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍സമരം തുടരുന്നു. നൂറിലേറെ ആശുപത്രികളെ ബാധിച്ചു. മറ്റ് ജില്ലകളില്‍ വേതന വര്‍ദ്ധനവില്‍ മാനേജ്മെന്റുകള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
പ്രധാന ആവശ്യങ്ങള്‍:
മിനിമം വേതനം വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം. സര്‍ക്കാര്‍ പുറത്തിറക്കിയ മിനിമം വേതന കരട് വിജ്ഞാപനം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി യുഎന്‍എ അത് തള്ളിക്കളഞ്ഞിരുന്നു. സമരം തുടരുന്ന ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചര്‍ച്ചകള്‍ തുടരും. സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തേക്കാള്‍ കൂടുതല്‍ തുക നല്‍കാമെന്ന് ഏകദേശം 200 ഓളം ആശുപത്രികള്‍ സമ്മതിച്ച പശ്ചാത്തലത്തില്‍, ബാക്കിയുള്ള ആശുപത്രികളിലും അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.
