'പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി ഭവിച്ചു, ദൈവത്തിനു സ്തുതി'; സഞ്ജു ഗ്രൗണ്ടില്‍ മുട്ടുകുത്തി കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ചിത്രം പങ്കുവച്ച് അമ്മ ലിജി വാട്‌സാപ് സ്റ്റാറ്റസില്‍ കുറിച്ചത് ബൈബിളിലെ ഈ സങ്കീര്‍ത്തന വാക്യം; ഇന്നലെ രാവിലെ അമ്മയുടെ ഫോണിലേക്കു വന്ന സഞ്ജുവിന്റെ സന്ദേശം 'നന്ദി അമ്മ...ഈ ജീവിതം തന്നതിന്' എന്നും; സഞ്ജുവിന്റെ അമ്മ ഫൈനല്‍ കണ്ടത് ആശുപത്രിമുറിയിലിരുന്ന്

Update: 2026-03-10 10:29 GMT

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ തിരുവനന്തപുരത്തിന്റെ 'ലോക്കല്‍ ബോയ്' സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലെ ഹീറോയായി ജന്മനാട്ടില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങിയ നിമിഷം മുതല്‍ ലഭിച്ച വമ്പന്‍ സ്വീകരണം വീട്ടിലെത്തിയ ശേഷവും തുടരുകയാണ്. ഇന്ത്യന്‍ താരത്തെ നേരിട്ടുകാണാന്‍ നാട്ടുകാരടക്കം സഞ്ജുവിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ എത്തിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് സര്‍ക്കാര്‍ പ്രതിനിധികളും വിവരമറിഞ്ഞെത്തിയ ആരാധകരും ആര്‍പ്പുവിളികളോടെയാണ് സഞ്ജുവിനെയും ഭാര്യ ചാരുലതയെയും വരവേറ്റത്. തന്റെ നാട്ടുകാരുടെ പിന്തുണയ്ക്കു നന്ദിപറഞ്ഞാണ് സഞ്ജു വിമാനത്താവളത്തില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചത്.

അതേ സമയം അമ്മയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ലോകകപ്പ് ജയമെന്ന് സഞ്ജുവിന്റെ അമ്മ ലിജി പറയുന്നു. 'ഇന്ത്യയുടെ വിജയത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം അമ്മയും സന്തോഷിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ട്. അതാണ് ക്രിക്കറ്റില്‍ സഞ്ജുവിനുണ്ടായത്. ആരാധകര്‍ക്കും രാജ്യത്തിനുമൊപ്പമാണ് ഞാനും. അമ്മയ്ക്കുതന്ന ഏറ്റവും വലിയ സമ്മാനമാണ് ലോകകപ്പ് വിജയം', സഞ്ജുവിന്റെ അമ്മ പറഞ്ഞു. അസുഖം കാരണം കുറച്ചുനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ലിജി ആശുപത്രിയിലെ മുറിയിലിരുന്നാണ് ഫൈനല്‍ കണ്ടത്. മത്സരശേഷം രാത്രി വീട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് വീണ്ടും ആശുപത്രിയിലെത്തി.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം കഴിഞ്ഞതിനു പിന്നാലെ, സഞ്ജു സാംസണ്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ചിത്രം പങ്കുവച്ച് അമ്മ ലിജി വാട്‌സാപ് സ്റ്റാറ്റസില്‍ കുറിച്ചു; 'പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി ഭവിച്ചു, ദൈവത്തിനു സ്തുതി'. ബൈബിളിലെ ഈ സങ്കീര്‍ത്തന വാക്യം മകന്റെ ജീവിതവുമായി എത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നുവെന്ന് മറ്റാരെക്കാളും നന്നായി അറിയാം ഈ അമ്മയ്ക്ക്. ഇന്നലെ രാവിലെ അമ്മയുടെ ഫോണിലേക്കു സഞ്ജുവിന്റെ സന്ദേശമെത്തി; 'നന്ദി അമ്മ...ഈ ജീവിതം തന്നതിന്'.

ലോകകപ്പിനു തൊട്ടു മുന്‍പ് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ 5 മത്സരങ്ങളിലും തിളങ്ങാനാവാതെ പോയ സഞ്ജു ആകെ നിരാശനായിരുന്നു. ഇന്ത്യന്‍ ടീമിലെ സാധ്യതകള്‍ മങ്ങിയെന്നു ചിന്തിച്ച നിമിഷങ്ങളിലും അമ്മ മകനോടു പറഞ്ഞത് ഒന്നും അവസാനിച്ചിട്ടില്ലെന്നും നീ തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നുമായിരുന്നു. ആ 'അമ്മവാക്കിന്റെ' കരുത്തില്‍ സഞ്ജു തീവ്രപരിശീലനത്തില്‍ മുഴുകിയപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും വകവയ്ക്കാതെ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ദേവാലയങ്ങളിലൂടെ മനമുരുകിയ പ്രാര്‍ഥനകളുമായി തീര്‍ഥാടനത്തിലായിരുന്നു ലിജി. തന്നെപ്പോലെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാര്‍ഥനയാണ് സഞ്ജുവിന്റെ ഈ ഗംഭീര മടങ്ങിവരവിന് കരുത്തായതെന്നു ലിജി ഉറച്ചു വിശ്വസിക്കുന്നു. വെസ്റ്റിന്‍ഡീസിനും ഇംഗ്ലണ്ടിനുമെതിരായ മകന്റെ ഉജ്വല പ്രകടനങ്ങള്‍ ആശുപത്രിക്കിടക്കയിലാണ് ലിജി കണ്ടത്.

സഞ്ജു യഥാര്‍ഥ മികവ് ലോകത്തിനു മുന്നില്‍ തെളിയിച്ചു കഴിഞ്ഞെന്നും ഇതില്‍ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ലെന്നും പിതാവ് സാംസണ്‍ വിശ്വനാഥ് പറയുന്നു. ലോകകപ്പില്‍ സഞ്ജു രാജ്യത്തിനുവേണ്ടി കരുതിയാണ് കളിച്ചതെന്ന് പിതാവ് സാംസണ്‍ വിശ്വനാഥും പറഞ്ഞു. സെഞ്ചുറിയല്ല ടീം ജയിക്കുകയാണ് പ്രധാനം. അവനെ കരുതിയല്ല ടീമിനെ കരുതിയാണ് സഞ്ജു കളിക്കുന്നത്. ഇനി അഞ്ചാറുവര്‍ഷത്തേക്ക് സഞ്ജു ഇതേരീതിയില്‍ത്തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോകകപ്പ് വിജയത്തോടെ മുന്‍പത്തെ പരാജയങ്ങളെല്ലാം മറന്നു. നേരിട്ട അവഗണനകളെല്ലാം മറക്കാം. ലോകകപ്പില്‍ സഞ്ജു തിളങ്ങിയ അവസാനത്തെ മൂന്ന് മത്സരങ്ങളും നിര്‍ണായകമായിരുന്നു. 2024-ല്‍ ടീമിലെത്തിയെങ്കിലും ചില മാറ്റങ്ങള്‍ സഞ്ജുവിന്റെ ഫോം നഷ്ടപ്പെടുത്തി. എന്നാല്‍, ഇപ്പോഴത്തെ തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല. ന്യൂസീലന്‍ഡുമായുള്ള പരമ്പരയില്‍ അഞ്ച് കളിയിലും സഞ്ജു പരാജയപ്പെട്ടു. ഒരിക്കലും ഇങ്ങനെ ഒരു സംഭവം സഞ്ജുവിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതോടെ സഞ്ജു ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്ന തന്റെ പ്രതീക്ഷകളും നഷ്ടപ്പെട്ടതാണെന്നും സാംസണ്‍ പറഞ്ഞു.

ഭാഗ്യം അവനോടൊപ്പമായിരുന്നു. അവസരം കിട്ടിയപ്പോള്‍ സഞ്ജു അവന്റെ സ്വാഭാവികമായ കളി പുറത്തെടുത്തു. ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുമെന്ന അവസ്ഥയിലാണ് നിര്‍ണായകമായ ഇന്നിങ്ങിസ് കളിച്ചത്. അതോടെ ജീവിതത്തിലും ക്രിക്കറ്റിലും തിരിച്ചുവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ആണ്‍ മക്കളെയും ക്രിക്കറ്റ് താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ഡല്‍ഹി പൊലീസിലെ ജോലി ഉപേക്ഷിച്ച ആളാണ് ഫുട്‌ബോള്‍ താരമായ സാംസണ്‍. '11 വയസ്സുള്ളപ്പോള്‍ സഞ്ജു ഡല്‍ഹി ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്ന സിലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും തഴയപ്പെട്ടു. സങ്കടപ്പെട്ടു കരഞ്ഞ അവനോട് ഞാന്‍ പറഞ്ഞതു നിരാശപ്പടേണ്ടെന്നും നിനക്ക് കളിക്കാന്‍ ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഗ്രൗണ്ടുകളില്‍ ഞാന്‍ കൊണ്ടുപോകുമെന്നുമായിരുന്നു. അതോടെയാണ് കുടുംബവുമായി നാട്ടിലേക്ക് മടങ്ങിയത് സാംസണ്‍ പറയുന്നു. ഒപ്പം കളിച്ചുവളര്‍ന്ന അനുജന്റെ സ്വപ്നതുല്യമായ നേട്ടങ്ങള്‍ ഇനിയും തുടരുമെന്ന ആത്മവിശ്വാസമാണ് ക്രിക്കറ്റ് താരമായ സഹോദരന്‍ സലി സാംസണും പങ്കുവയ്ക്കുന്നത്. സഞ്ജുവിന്റെ മികവു പൂര്‍ണമായും പ്രകടിപ്പിക്കുന്ന കളി ഇനിയും വന്നിട്ടില്ലെന്നും ഇനിയൊരു 6 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജുവിന്റെ കാലമാകുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകന്‍ ബിജു ജോര്‍ജ് പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ തിരുവനന്തപുരവും അഭിമാനത്തിന്റെ നെറുകയിലായിരുന്നു. സ്വന്തം ലോക്കല്‍ ബോയ് സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ടീം ഇന്ത്യയുടെ കിരീടവിജയം എന്നതും ക്രിക്കറ്റ് പ്രേമികള്‍ ആഘോഷമാക്കി. സഞ്ജു സാംസന്റെ ഓരോ ഷോട്ടും ആരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. ആര്‍പ്പുവിളികളും ആവേശവും നിറഞ്ഞ നിമിഷങ്ങളുമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങില്‍ ഉടനീളം കാണികള്‍ പ്രദര്‍ശിപ്പിച്ചത്.

ആദ്യഘട്ടത്തില്‍ അഭിഷേക് ശര്‍മയാണ് വമ്പനടികള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍, പിന്നീട് സഞ്ജു കത്തിക്കയറിയതോടെ എല്ലായിടത്തും പൂത്തിരി കത്തിച്ചാണ് ആരാധകര്‍ പിന്തുണയറിയിച്ചത്. ഓരോ സിക്‌സറിനും പടക്കം പൊട്ടിച്ചും ആഘോഷമുണ്ടായിരുന്നു. ഇന്ത്യന്‍ സ്‌കോറില്‍ ഓരോ ബൗണ്ടറികള്‍ പിറക്കുമ്പോഴും ആവേശം കൂടിക്കൂടിവന്നു. എന്നാല്‍, സെഞ്ചുറിക്കടുത്തുവെച്ച് തുടര്‍ച്ചയായ മൂന്നാംമത്സരത്തിലും സഞ്ജു പുറത്തായത് കാണികളില്‍ നിരാശയുണ്ടാക്കി. എന്നാല്‍, ടീമിന്റെ വിജയത്തോടെ എല്ലാ നിരാശയും മറന്നു.

Tags:    

Similar News