'കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു; 20 മിനിറ്റോളം അവിടെ നിന്ന ശേഷമാണ് മടങ്ങിയത്; 112 ല്‍ വരുന്ന കോളുകളില്‍ കേസെടുക്കാറില്ല'; മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരായ ആരോപണത്തില്‍ ഇടപെടാതിരുന്നതിനെ ന്യായീകരിച്ച് പോലീസ്; പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് വിലയിരുത്തി ഡിജിപിയും; ഗണേഷിനെതിരെ കേസെടുക്കുക ഭാര്യ പരാതി നല്‍കിയാല്‍ മാത്രം

'കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു; 20 മിനിറ്റോളം അവിടെ നിന്ന ശേഷമാണ് മടങ്ങിയത്

Update: 2026-03-10 03:01 GMT

കൊല്ലം: ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരായ ആരോപണത്തില്‍ ഇടപെടാതിരുന്നത് ന്യായീകരിച്ച് പോലീസ്. വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്‌നമായതിനാലെന്നാണ് പോലീസ് വ്യക്തമാക്കിയത്. കൊല്ലം റൂറല്‍ എസ്പി, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ന്യായീകരണം. മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസ് കാഴ്ചക്കാരായി മടങ്ങിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.

പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ വിളിയെത്തിയത്. ഉടന്‍ തന്നെ വാളകം എയ്ഡ് പോസ്റ്റില്‍ നിന്നുള്ള പൊലീസും പിങ്ക് പോലീസും വീട്ടിലെത്തി. കുടുംബ പ്രശ്‌നമാണെന്ന് മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെ പറഞ്ഞു. ഇതോടെ 20 മിനിറ്റോളം അവിടെ നിന്ന ശേഷം മടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. പൊലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് ഡിജിപിയും വിലയിരുത്തി. 112 ല്‍ വരുന്ന കോളുകളില്‍ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറല്‍ എസ്പി ഡിജിപിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഫോണ്‍ കോള്‍ എത്തിയത്. ഉടന്‍ തന്നെ വാളകതുള്ള പൊലീസും പിങ്ക് പോലീസും വീട്ടില്‍ എത്തുകയായിരുന്നു. കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറയുകയും ശേഷം 20 മിനിറ്റിലേറെ വീട്ടില്‍ നടത്തിയ നിരീക്ഷണത്തിന് ശേഷം മടങ്ങുകയായിരുന്നു.

മന്ത്രിയുടെ ഭാര്യയോ വീട്ടിലുണ്ടായിരുന്ന സ്ത്രീയോ പരാതി നല്‍കാതെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. കെ എസ് യുവിന്റെ ഉള്‍പ്പെടെ പരാതി ലഭിച്ചിട്ടില്ലന്നും പൊലീസ് വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മന്ത്രിയെ വാളകത്തെ വീട്ടില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തന്നെ മന്ത്രിയുടെ സ്റ്റാഫുകള്‍ തടഞ്ഞുവെന്നും ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നുമാണ് ബിന്ദു ആരോപിക്കുന്നത്. അടിയന്തര സഹായ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നുമാണ് ഗുരുതര ആരോപണം.

അതിനിടെ, ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഗണേഷ് പങ്കെടുക്കുമോ എന്നതില്‍ ആകാംഷ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗണേഷ് മന്ത്രിസഭയില്‍ തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന അഭിപ്രായം ഇടതുമുന്നണി നേതാക്കള്‍ക്കുണ്ട്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ഗണേഷ് മന്ത്രിസഭായോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയെ കാണുമ്പോള്‍ രാജികത്ത് നല്‍കി വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഗണേഷ് ശ്രമിക്കാനുള്ള സാധ്യതയും മുതിര്‍ന്ന നേതാക്കള്‍ തള്ളികളയുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രേഖമൂലമുള്ള പരാതിയില്ലാതെ കുടുംബപ്രശ്‌നത്തില്‍ ഗണേഷിനോട് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരും മുന്നണിയിലുണ്ട്. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാണ്. അതേസമയം, മന്ത്രിസ്ഥാനം രാജിവെയ്പ്പിക്കേണ്ടി വന്നാല്‍ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് സീറ്റ് നല്‍കുക എല്‍ഡിഎഫിന് ബുദ്ധിമുട്ടാവും. സ്വതന്ത്രനായി മല്‍സരിച്ചാലും മുന്നണിക്ക് പിന്‍തുണയ്ക്കാനാവില്ല. ഇതെല്ലാം കണക്കിലെടുത്താകും അന്തിമ തീരുമാനം.

Tags:    

Similar News