ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും 112-ല്‍ വിളിച്ചുള്ള പരാതിയിലും ഉലയാതെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍; ഗണേഷിന് മുഖ്യമന്ത്രിയുടെ അഭയം; രാജി വേണ്ടെന്ന് നിര്‍ദ്ദേശിച്ച് പിണറായിയും; വാളകത്തേത് 'കുടുംബ പ്രശ്‌നം'; മന്ത്രിസഭയിലെ പുഴുക്കുത്താണെന്ന് വെള്ളാപ്പള്ളിയുടെ കടന്നാക്രമണം; സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും 112-ല്‍ വിളിച്ചുള്ള പരാതിയിലും ഉലയാതെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച ഗണേഷിന് തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന ആശ്വാസകരമായ നിലപാടാണ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചത്. വാളകത്തെ വീട്ടിലുണ്ടായ സംഭവങ്ങള്‍ കേവലം 'കുടുംബ പ്രശ്‌നം' മാത്രമാണെന്ന ഗണേഷിന്റെ വാദം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് സൂചന. ഇതോടെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ഉയര്‍ന്ന രാജി അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സര്‍ക്കാരിന്റെ സ്ത്രീപക്ഷ അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. വീട്ടില്‍ കയ്യേറ്റമുണ്ടായെന്ന് ഭയന്ന് 112-ല്‍ വിളിച്ചപ്പോള്‍ എത്തിയ പോലീസ്, മന്ത്രിയുടെ പദവി കണ്ട് നടപടിയെടുക്കാതെ ഒഴിഞ്ഞുമാറിയത് വലിയ വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളെ പോലും വിവരമറിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീതിപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളില്‍ കാട്ടുന്ന ശുഷ്‌കാന്തി സ്വന്തം മന്ത്രിയുടെ കാര്യത്തില്‍ എന്തുകൊണ്ട് സര്‍ക്കാരിനില്ല എന്ന ചോദ്യം പ്രതിപക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കും.
അതേസമയം, ഗണേഷ് കുമാറിനെതിരെ കടുത്ത ഭാഷയിലാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. ഗണേഷിന്റെ പെരുമാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇതൊരു പുഴുക്കുത്താണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. 'പെണ്ണിനോടും പൊന്നിനോടും അമിത താല്പര്യമുള്ളയാളാണ് ഗണേഷ്. മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയാകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. കനകസിംഹാസനത്തില്‍ ഇരിക്കുന്നത് ശുംഭനാണോ ശുനകനാണോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ മാടമ്പിത്തം,' വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിന്‍വലിച്ചതുകൊണ്ട് മാത്രം ഗണേഷിന്റെ സ്വഭാവദൂഷ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നണിക്കുള്ളില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് ഗണേഷ് തുടരുന്നതില്‍ വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ സംരക്ഷണ കവചം ഗണേഷിന് തല്‍ക്കാലം രക്ഷയാകുന്നു. പത്തനാപുരത്തെ വരാനിരിക്കുന്ന മത്സരത്തിലും ഈ വിവാദങ്ങള്‍ ഗണേഷിനെതിരെ പ്രതിപക്ഷം ആയുധമാക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗണേഷിനെ കൈവിടേണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വാളകത്തെ തറവാട്ടില്‍നിന്നും തിരുവനന്തപുരത്തേക്ക് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ യാത്രതിരിച്ചത് പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമായിരുന്നു. ഇന്നലെ രാത്രി ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി. ഗണേഷിന്റെ ഭാഗത്തുനിന്നുണ്ടായ അനുനയ നീക്കം ഭാര്യ അംഗീകരിച്ചതായും പൊലീസില്‍ പരാതി നല്‍കേണ്ട എന്നു തീരുമാനിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
നേരത്തെ പരാതി കിട്ടിയാല്‍ കേസ് എടുക്കേണ്ടി വരുമെന്ന ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മന്ത്രിക്കെതിരെ ഫോട്ടോയടക്കമുള്ള തെളിവുകള്‍ കൈവശമുണ്ടെന്ന് ഭാര്യ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഇത്. തനിക്കു നേരെ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ ഭാഗത്തുനിന്നും കൈയേറ്റമുണ്ടായതായി ബിന്ദു ആരോപിച്ചിരുന്നു.
വിവാദമുണ്ടായപ്പോള്‍ തന്നെ കുടുംബ പ്രശ്‌നമാണെന്ന നിലപാടാണ് മന്ത്രി ഗണേഷ് കുമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് മന്ത്രി പദം നഷ്ടമാകുമെന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് ഭാര്യയെ അനുനയിപ്പിച്ച് ഗണേഷ് കുമാര്‍ ഒപ്പം നിര്‍ത്തിയത്.
