സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; ജയിലില്‍ കഴിയവെ ഒത്തുതീര്‍പ്പ്; അതിജീവിതയും പ്രതിയും വിവാഹിതരായി; ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ആ ആറാം ഇന്ദ്രിയത്തെക്കുറിച്ച് സുപ്രീംകോടതി

Update: 2025-12-27 13:00 GMT

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ അതിജീവിതയും പ്രതിയും വിവാഹിതരായതോടെ കേസ് റദ്ദാക്കി സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, സതീഷ് ചന്ദ്രശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് അസാധാരണമായ ഇടപെടല്‍. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരായ പ്രതിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

വിവാഹം നീട്ടിവെക്കണമെന്ന പ്രതിയുടെ ആവശ്യത്തെ വഞ്ചനയായി യുവതി തെറ്റിധരിച്ചതാണ് കേസിലേക്ക് എത്തിയതെന്ന് ഇരുവരുമായുള്ള സംഭാഷണത്തില്‍ കോടതിക്ക് ബോധ്യപ്പെട്ടതായി ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. ആളുകളെ ഇത്തരത്തില്‍ ഒന്നിപ്പിക്കാനുള്ള ആറാമിന്ദ്രിയം കോടതിക്കുണ്ടെന്നും ബെഞ്ച് പറഞ്ഞു.

2021ല്‍, മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവും യുവതിയും പിന്നീട് പ്രണയത്തിലായെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമായിരുന്നു കേസ്. വിചാരണ കോടതി പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും 2024 ഏപ്രിലില്‍ ഹരജി തള്ളി. തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

ഇക്കാലയളവില്‍ പ്രതി ജയിലിലായിരുന്നു. കേസ് പരിഗണിച്ച കോടതി പ്രതിയുമായും പെണ്‍കുട്ടിയുമായും സംസാരിച്ചു. വിവാഹം നീട്ടിവെക്കണമെന്ന പ്രതിയുടെ ആവശ്യത്തെ വഞ്ചനയായി യുവതി തെറ്റിധരിച്ചതാണ് കേസിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളൂടെ സാന്നിധ്യത്തില്‍ ഇവരുടെ വിവാഹ കാര്യം ചര്‍ച്ചയാക്കുകയൂം ചെയ്തു. തുടര്‍ന്ന് ജൂലൈയില്‍ ഇരുവരും വിവാഹിതരായി. ഇക്കാര്യം ചുണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കി ശിക്ഷ മരവിപ്പിച്ചത്.

Tags:    

Similar News