മാനവീയം വീഥിയിൽ ഏറ്റുമുട്ടി യുവതിയും ആൺസുഹൃത്തും; 'ഇടിക്കെടാ' എന്ന് ആക്രോശിച്ച് കാണികൾ; ലഹരി മൂത്ത് തമ്മിൽ തല്ലിയവർ ഒടുവിൽ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി; കേസെടുക്കുമെന്ന് മ്യൂസിയം പോലീസ്
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആൺസുഹൃത്തും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വഴിയിൽ നാട്ടുകാർ നോക്കിനിൽക്കെ ഇരുവരും തമ്മിൽ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലുണ്ടായ തർക്കമാണ് പരസ്യമായ അടിപിടിയിൽ കലാശിച്ചത്. യുവാവ് പെൺകുട്ടിയുടെ മർദനമേറ്റ് നിലത്തു വീഴുമ്പോൾ, ചുറ്റും കൂടിയവർ 'ഇടിക്കെടാ' എന്ന് ആക്രോശിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കാണികൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ യുവതി മർദനം തുടരുകയായിരുന്നു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിയെങ്കിലും 'തമാശയ്ക്ക് ചെയ്തതാണ്' എന്നായിരുന്നു ഇരുവരുടെയും വിചിത്രമായ മറുപടി. എന്നാൽ, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
തലസ്ഥാനത്തെ നൈറ്റ് ലൈഫിന്റെ അടയാളമായ മാനവീയം വീഥിയിൽ സംഘർഷങ്ങൾ പതിവാകുകയാണ്. നേരത്തെ ഇൻസ്റ്റാഗ്രാം വീഡിയോ പകർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു. മദ്യപാനവും കൂട്ടത്തല്ലും പതിവായതോടെ പോലീസ് ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും സ്ഥിരം എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലഹരി സംഘങ്ങളുടെ വിളയാട്ടം മാനവീയത്തിന്റെ സമാധാനം കെടുത്തുകയാണ്.