യുവതിക്ക് നേരെയുള്ള അതിക്രമം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ് പി; പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

Update: 2026-04-13 07:42 GMT

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ എസ് പി എം.പി. മോഹനചന്ദ്രന്‍. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പിക്ക് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം സുതാര്യമാണെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ ഗൗരവം കണക്കിലെടുത്ത് കൃത്യമായ വിചാരണ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി ലഭിച്ച ആദ്യദിനം തന്നെ യുവതിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് വൈദ്യപരിശോധന നടത്തിയിട്ടില്ലെന്ന ആക്ഷേപം പരിശോധിക്കുമെന്ന് എസ് പി പറഞ്ഞു. ശാരീരിക ഉപദ്രവം മാത്രം ഉണ്ടായ സാഹചര്യം കണക്കിലെടുത്താകാം ഗൈനക്കോളജി പരിശോധന ഒഴിവാക്കിയത്. ശാരീരികമായ സ്പര്‍ശനം മാത്രം നടന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരിശോധനയില്‍ തെളിവുകള്‍ ലഭിക്കണമെന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ആശുപത്രിയില്‍ നിന്ന് എത്രയും വേഗം ഡിസ്ചാര്‍ജ് വാങ്ങി പോകണമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടാല്‍ പ്രതിക്കെതിരെ വധഭീഷണി ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് തീരുമാനം. പ്രതിക്കെതിരെ മുന്‍കാല ക്രിമിനല്‍ കേസുകളില്ലെന്നും നിലവില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിട്ടുള്ളതെന്നും എസ്പി പറഞ്ഞു.

കുറഞ്ഞ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം പരിശോധിച്ചതായും അതില്‍ വീഴ്ചയില്ലെന്നും എസ്പി വ്യക്തമാക്കി. എന്നിരുന്നാലും പരാതിക്കാരിയുടെ ആരോപണങ്ങള്‍ ഗൗരവത്തോടെ കണ്ട് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കേസിന്റെ തുടര്‍ അന്വേഷണ ചുമതല കായംകുളം ഡിവൈഎസ് പിക്ക് കൈമാറിയിട്ടുണ്ട്.

Similar News